ബഹ്റൈനില്‍ ശമ്പളമില്ലാതെ പ്രവാസികളടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍…

മനാമ: ബഹ്റൈനിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മൂന്നുമാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ ദുരിതത്തില്‍. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് ശമ്പളം മുടങ്ങിയത്. തങ്ങളുടെ മുടങ്ങിപ്പോയ ശമ്പളം എങ്ങിനെയെങ്കിലും ലഭ്യമാക്കി നാട്ടിലയക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എഴുന്നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഏറെയും ഇന്ത്യക്കാരാണ്. എന്നാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതിപ്പെടാന്‍ ഇവര്‍ ഭയക്കുന്നത് കമ്പനിയധികൃതര്‍ മുതലാക്കുകയാണ്.

തങ്ങള്‍ക്കു ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ കമ്പനി തടഞ്ഞുവെക്കുമോയെന്നതാണ് ഇവര്‍ പരാതിപ്പെടാന്‍ ഭയക്കുന്നത്. 85 ഓളം തൊഴിലാളികള്‍ പണിയില്ലാതെ ലേബര്‍ ക്യാമ്പില്‍ കഴിയുകയാണ്. ഇവര്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങള്‍ നല്‍കി ഇവരെ നാട്ടിലയക്കുവാന്‍ കമ്പനിയധികൃതര്‍ തയ്യാറാവുന്നില്ല. തങ്ങള്‍ക്ക് പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതേസമയം സംഭവം അറിഞ്ഞ സ്ഥിതിക്ക് അന്വേഷണം നടത്തുമെന്നും തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസരി അറിയിച്ചു.

മൂന്നു മാസമായി ശമ്പളം ലഭിക്കുന്നില്ലയെന്നത് വളരെ ഗൗരവകരമാണ്. ഇത്തരം സാഹചര്യങ്ങളില്‍ മന്ത്രാലയത്തില്‍ പരാതിപ്പെടാന്‍ ആരും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മൂന്നു മാസം ശമ്പളം ലഭിച്ചില്ലയെന്നത് വാസ്തവമല്ലെന്നാണ് കമ്പനിയധികൃതരുടെ ഭാഷ്യം. മുപ്പതോളം തൊഴിലാളികള്‍ മാത്രമാണ് ക്യാമ്പില്‍ തൊഴിലില്ലാതിരിക്കുന്നത്.

കമ്പനി സാമ്പത്തിക ബുദ്ധിമുട്ടിലാണ്. തങ്ങള്‍ കരാറെടുത്ത് ഏറ്റെടുത്തു നിര്‍മ്മാണം പൂര്‍ത്തീകരിച്ച നിരവധി പ്രൊജക്റ്റുകളുടെ പണം ഇനിയും ലഭിക്കാനുണ്ടെന്നും അതുമൂലം മാത്രമാണ് സാമ്പത്തിക ബാധ്യതയെന്നും കമ്പനി അധികൃതര്‍ പറയുന്നു. അതേ സമയം ബഹ്റൈനിലെ പല സ്ഥാപനങ്ങളിലും ഇതു തന്നെയാണ് ഗതി. നിരവധി തൊഴിലാളികള്‍ ശമ്പളം ലഭിക്കാതെ നരകയാതനയിലാണ്.

40, 50 ദിനാര്‍ വീതം ശമ്പളമാണ് ബഹുഭൂരിപക്ഷം കണ്‍സ്ട്രക്ഷന്‍ കമ്പനികളും തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളമായി നല്‍കുന്നത്. ഏതാനും മാസങ്ങളായി വിലക്കയറ്റത്തില്‍ നട്ടം തിരിയുകയാണ് ഇന്ത്യക്കാരടക്കമുള്ള പതിനായിരക്കണക്കിനു വിദേശത്തൊഴിലാളികള്‍. നിത്യോപയോഗ സാധനങ്ങള്‍ക്കു വില വര്‍ദ്ധിച്ചതിനു മേല്‍ ഫ്ളാറ്റുകളുടെ വാടകയും കുതിച്ചുയര്‍ന്നപ്പോള്‍ ഇടത്തരം ശമ്പളം വാങ്ങുന്നവര്‍ പോലും നാട്ടിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചാലോചിക്കുകയാണ്.

മലയാളികളടക്കമുള്ള നിരവധിപേര്‍ തങ്ങളുടെ കുടുംബത്തെ നാട്ടിലയക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കയാണ്. ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. അതേസമയം തങ്ങളുടെ ശമ്പളത്തില്‍യാതൊരു വര്‍ദ്ധനയും വരുത്താത്തത് പതിറ്റാണ്ടുകളായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ആശങ്കാകുലരാക്കുന്നു. ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം നിരവധി കണ്‍സ്ട്രക്ഷന്‍ കമ്പനികളിലെ തൊഴിലാളികള്‍ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പണിമുടക്കു നടത്തിയിരുന്നു. പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ അസ്വസ്ഥരാണെങ്കിലും പരാതിപ്പെടുന്നവരെ നാട്ടിലയക്കുകയെന്ന ചില സ്ഥാപനങ്ങളുടെ നടപടി പേടിച്ച് പണിമുടക്കുവാന്‍ ഇവര്‍ ഭയക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *