റാസല്‍ഖൈമ ജബല്‍ജൈസ് മലനിരകളിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്…സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പദ്ധതികള്‍; പുതിയ പാതകളും സിപ് ലൈനുകളും ഉടന്‍ നിര്‍മിക്കും

റാസല്‍ഖൈമ; ജബല്‍ ജൈസ് മലനിരകളിലേക്ക് ഉള്‍പ്പെടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ക്ക് എമിറേറ്റില്‍ തുടക്കമിട്ടു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ പാതകള്‍ നിര്‍മിക്കുകയും വാഹനങ്ങളെയും സഞ്ചാരികളെയും നിരീക്ഷിക്കാന്‍ ജബല്‍ ജൈസില്‍ നൂതന റഡാറുകള്‍ സ്ഥാപിക്കുകയും ചെയ്തു.

Loading...

വാഹനമോടിക്കുന്നവര്‍ വേഗം കുറച്ചുപോകുകയും മറ്റു ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് പൊലീസ് നിര്‍ദേശിച്ചു. മലനിരകളിലേക്കു പോകുന്ന ഓരോ വാഹനത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. എമിറേറ്റിലെ അപകടകരമായ ‘യു ടേണുകള്‍’ ഒഴിവാക്കാന്‍ റൗണ്ട് എബൗട്ടുകളും പാലങ്ങളും നിര്‍മിക്കുന്നുണ്ട്.

റോഡപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് നടപടി. അപകടകരമായ 16 യു ടേണ്‍ മേഖലകള്‍ പൊലീസ് കണ്ടെത്തുകയും ഇതൊഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 2010 മുതല്‍ എമിറേറ്റില്‍ 63 യു ടേണ്‍ മേഖലകള്‍ നവീകരിച്ചിട്ടുണ്ട്. മേഖലയില്‍ ഊര്‍ജിതമായ പൊലീസ് പട്രോളിങ് ആരംഭിച്ചതായി സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. സിപ് ലൈന്‍ ഉള്‍പ്പെടെയുള്ള ഉല്ലാസ പരിപാടികള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനാല്‍ തിരക്കു കൂടിവരികയാണ്. ഇതര എമിറേറ്റുകളിലുള്ളവരും വിദേശത്തുനിന്നുള്ള വിനോദസഞ്ചാരികളും ധാരാളമായി എത്തുന്നു. രാത്രികാലങ്ങളില്‍ ടെന്റുകളില്‍ താമസിക്കാനും മറ്റും സൗകര്യമൊരുക്കിയിട്ടുണ്ട്.

ടൂറിസം-താമസ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ പാതകള്‍

തിരക്കൊഴിവാക്കാന്‍ റോഡ് നവീകരണവും പുതിയ പാതകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. സുഹൈല-ഷമാല്‍ റോഡ് ശൃംഖലകള്‍ ജൂലൈയില്‍ പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരുക്കില്‍ 30% കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. എമിറേറ്റ്‌സ് റോഡിന്റെയും റാക് റിങ് റോഡിന്റെയും തുടര്‍ച്ചയാണിത്. ഒന്‍പതു കോടി ദിര്‍ഹത്തിന്റെ ഈ റോഡ് പദ്ധതി വിവിധ ഉപപാതകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്കും സൗകര്യമാകും.

ഗതാഗതവകുപ്പിന്റെ കണക്കുപ്രകാരം പ്രതിദിനം 60,000 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകും. ഓരോ ദിശയിലേക്കും മൂന്നു ലെയ്‌നുകളുണ്ട്. ഭാവിയിലെ വികസനം കൂടി കണക്കിലെടുത്താണ് റോഡ് രൂപകല്‍പന. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായി താമസിക്കുന്ന ഷെയ്ഖ് ഖലീഫ സിറ്റി, ബുതീന്‍ അല്‍ സമര്‍, അല്‍ ഹര്‍മാനിയ, അവാഫി, അല്‍ ദഖ്ദഖ, സുഹൈല, അല്‍ സീഹ്, ഷമാല്‍ മേഖലകള്‍ക്കു പുതിയ റോഡ് പദ്ധതികള്‍ ഏറെ ഗുണകരമാകും.

ജബല്‍ ജെയ്‌സ് മലനിരകളില്‍ സിപ് ലൈനുകളുടെ എണ്ണം കൂട്ടുന്നു. ജൂലൈ അവസാനത്തോടെ രണ്ടു ലൈനുകള്‍ കൂടി സ്ഥാപിക്കും. അതോടെ ലൈനുകളുടെ എണ്ണം നാലാകും. പദ്ധതിയുടെ മൂന്നാം ഘട്ടവും പരിഗണനയിലാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ് ലൈനാണിത്. ജനുവരി മുതല്‍ 5000 ല്‍ ഏറെ സഞ്ചാരികള്‍ സിപ്‌ ൈലനില്‍ കയറിയതായി റാക് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി സിഇഒ: ഹൈതം മത്തര്‍ പറഞ്ഞു. ഈ വര്‍ഷാവസാനത്തോടെ 2 ലക്ഷം പേരെത്തുമെന്നാണ് പ്രതീക്ഷ.

ഉയരമുള്ള മലയില്‍ നിന്ന് ഉയരം കുറഞ്ഞ മലയിലേക്കു വലിച്ചുകെട്ടിയ കേബിളില്‍ തൂങ്ങിയുള്ള സാഹസിക യാത്രയാണിത്. മണിക്കൂറില്‍ 120 മുതല്‍ 150 വരെ കിലോമീറ്ററിലാണ് യാത്ര. സമുദ്രനിരപ്പില്‍ നിന്ന് 1934 മീറ്റര്‍ ഉയരത്തിലുള്ള സിപ് ലൈന്‍ മൂന്നു കിലോമീറ്ററോളം അകലമുള്ള മലനിരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ചൂടുകാലം ആകുന്നതോടെ രാത്രിയിലും സിപ് ലൈന്‍ യാത്ര നടത്താന്‍ അവസരമൊരുക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *