1979ല്‍ ബോംബെയില്‍ നിന്ന് ദുബായിലേക്ക്… നിരത്തുകളിലെ ജോലിയും ജയില്‍ ജീവിതവും കഴിഞ്ഞ് നല്ലറബിയുടെ കരങ്ങളിലേക്ക്; കണ്ണൂരിലെ മുഹമ്മദലി എന്ന പ്രവാസിയുടെ കഥ

ഷഫീക്ക് മട്ടന്നൂര്‍

ഇതൊരു പ്രവാസിയുടെ അനുഭവ കഥയാണ്. 1970കളില്‍ നാടു വിട്ട കണ്ണൂരുകാരനായ മുഹമ്മദലിയുടെ കഥ. അതില്‍ ത്യാഗമുണ്ട്, പ്രാര്‍ത്ഥനയുണ്ട്, ക്ഷമയുടെ പാഠങ്ങളുണ്ട്. പ്രവാസ ജീവിതം എന്നത് തന്നെ ക്ഷമയില്‍ അധിഷ്ടിതമാണല്ലോ. നാടും വീടും വിട്ട് ഗള്‍ഫ് നാടുകളിലേക്ക് കുടിയേറുന്ന പ്രവാസി എല്ലാ ആഗ്രഹങ്ങളും മാറ്റിവെച്ച് ക്ഷമയുടെ പാഠമാകുന്നത് സ്വന്തം കുടുംബത്തിന്റെ ഉന്നമനം മനസില്‍ സ്വപ്‌നം കണ്ടു കൊണ്ടാണ്. 1979ലായിരുന്നു മുഹമ്മദാലിയും പ്രവാസ ജീവിതം ആരംഭിക്കുന്നത്. നാട്ടിലും പിന്നീട് ബോംബെയിലുമായി ജോലി ചെയ്യുന്ന സമയത്താണ് ദുബായില്‍ ഒരു കമ്പനിയില്‍ ജോലിക്കാരെ വേണമെന്ന് അറിഞ്ഞത്. വീട്ടിലെ പ്രാരാബ്ധങ്ങളെ മറികടക്കാന്‍ നാടുവിടണമെന്ന് തോന്നിയ നിമിഷത്തിലാണ് അങ്ങനെയൊരു ജോലിക്കാര്യം അറിയുന്നത്.

തെല്ലൊന്ന് പിന്നെ ചിന്തിച്ചില്ല. ഗ്രൂപ്പ് വിസയില്‍ ബോംബെയില്‍ നിന്ന് നേരെ ദുബായിലേക്ക്. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ജോലി ലഭിച്ചത് അവിടുത്തെ മുനുസിപ്പാലിറ്റിയിലായിരുന്നു. പലപ്പോഴും ക്ലീനിങ് ജോലികളായിരുന്നു കൂടുതല്‍. അതില്‍ത്തന്നെ ചത്ത ആടുകള്‍, പൂച്ചകള്‍,നായകള്‍ തുടങ്ങിയ ജീവികളുടെ മൃതദേഹങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കി വലിയ ലോറിയില്‍ കയറ്റണം. വലിയ ആസ്പറ്റോസ് ഹാളുകളിലായിരുന്നു പലപ്പോഴും താമസം. അസഹനീയമായ ചൂടിലും എല്ലാം സഹിച്ച് ജോലി ചെയ്തു. പകല്‍ ദുബായ് നിരത്തുകളിലെ കഠിന ജോലിയും രാത്രി അസഹനീയമായ ചൂടില്‍ വിശ്രമവും. അപ്പോഴെല്ലാം മുഹമ്മദലിയുടെ മനസില്‍ ധാരാളം സ്വപ്‌നങ്ങളായിരുന്നു.

രണ്ട് വര്‍ഷത്തോളം ജോലി ചെയ്തതിന് ശേഷം നട്ടിലേക്ക് തിരിച്ചതിന് ശേഷം വീണ്ടും 1981ല്‍ ദുബായിലേക്ക് പോയി. എന്നാല്‍ മുനിസിപ്പാലിറ്റിയിലെ ജോലി മനസ് മടുപ്പിച്ചിരുന്നു. അത്‌കൊണ്ട് പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയില്‍ ജോലിക്കായി ചേര്‍ന്നു. എന്നാല്‍ അവിടെയും സ്ഥിതി മറിച്ചായിരുന്നില്ല. മണക്കൂറുകളോളം നീളുന്ന കഠിനമായ ജോലിയില്‍ പലപ്പോഴും പല അസുഖങ്ങളും പിടിപെട്ടു. പ്ലാസ്റ്റിക് കാരണമുള്ള അലര്‍ജിയായിരുന്നു പ്രധാന പ്രശ്‌നം. തുച്ഛമായ ശമ്പളവുമായിരുന്നു കമ്പനി നല്‍കിയിരുന്നത്. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടണമെന്നുള്ള ചിന്തയായിരുന്നു പിന്നീട്. അതിനിടയിലെപ്പോഴോ വിസയുടെ കാലാവധി തീര്‍ന്നതറിഞ്ഞിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായാണ് മറ്റൊരു പരീക്ഷണം ജീവിതത്തിലേക്ക് കടന്നു വന്നത്. വീസ കാലാവധി കഴിഞ്ഞ് പുതുക്കാത്തതിനാല്‍ വീസ ഇല്ലാതെ അനധികൃതമായി ജോലി ചെയ്യുകയും ദുബായില്‍ തങ്ങുകയും ചെയ്തു എന്ന കുറ്റം ചുമത്തി ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അത് വലിയൊരു ടെന്‍ഷനായിരുന്നു. അറിയാത്ത നാടും നിയമവും. ആദ്യമൊന്ന് പകച്ചുപോയി. ദുബായ് പൊലീസിന്റെ നിയമ നടപടികള്‍ അത്രയ്ക്ക് കര്‍ശനമാണെന്ന് മുന്‍പ് പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നത്തെ പോലെയുള്ള സൗഹൃദപരമായ സമീപനമല്ല അന്ന് പോലീസുകാര്‍ക്കുള്ളത്. വര്‍ഷം 1981 ആണെന്ന് ഓര്‍ക്കണം. എങ്കിലും വലിയൊരു കുറ്റമൊന്നുമല്ലല്ലോ ചെയ്തത് എന്നൊരു ആശ്വാസം ഇടയ്‌ക്കെപ്പൊഴോ മനസില്‍ കയറിവന്നു. എന്നാല്‍ 12 ദിവസത്തോളം അവിടുത്തെ ജയിലില്‍ കിടക്കേണ്ടി വന്നു. അതൊരു വേദനയേറിയ ദിനങ്ങളായിരുന്നു. വലിയ സ്വപ്‌നങ്ങള്‍ കണ്ട് നാടുവിട്ട് വന്നവന് അന്യനാട്ടിലെ ജയില്‍ ജീവിതം ഒരു വിങ്ങലാണ്. വീട്ടുകാരെയും നാടുമൊക്കെ ആ ദിനങ്ങളില്‍ മനസില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ അന്നത്തെ പ്രവാസികളില്‍ ഭൂരിഭാഗവും വീസ പ്രശ്‌നങ്ങളില്‍ ഇത്തരം ചില പ്രശ്‌നങ്ങള്‍ അനുഭവിച്ചവരാണ് എന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്.

എന്നാല്‍ പിന്നീട് ജീവിതത്തില്‍ വലിയൊരു ട്വിസ്റ്റ് സംഭവിക്കുകയായിരുന്നു. പുറത്തിറങ്ങിയ ശേഷം ഒരു സുഹൃത്ത് വഴിയാണ് ഒരു അറബിയുടെ വീട്ടില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് അറിഞ്ഞത്. തെല്ലൊന്ന് പരിഭ്രമിച്ചാണെങ്കിലും രണ്ടു കല്‍പ്പിച്ച് അവിടെ ജോലിക്ക് കയറി. അതൊരു നല്ല തീരുമാനമായിരുന്നു. തോട്ടപ്പണി ആയിരുന്നു പ്രധാന ജോലി. അറബിയുടെ തോട്ടത്തിലെ കൃഷികളും ഈന്തപ്പന മരങ്ങളെയും പരിപാലിക്കുകയും ചെററിയ തരത്തിലുള്ള വീട്ടിലെ പണികളും. ഏറ്റവും വലിയ ആശ്വാസം ഭക്ഷണത്തിനും വെള്ളത്തിനും അധിക ചെലവ് വരുന്നില്ല എന്നതായിരുന്നു. കാരണം പുറത്തെ കമ്പനികളില്‍ ജോലി ചെയ്യുമ്പോള്‍ താമസത്തിനും ഭക്ഷണത്തിനും പൈസ ശമ്പളത്തില്‍ നിന്ന് പിടിക്കുമായിരുന്നു. എന്നാല്‍ അറബിയുടെ വീട്ടില്‍ താമസിക്കാനും ഭക്ഷണത്തിനും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.

പലരും പറയാറുള്ളത് പോലെ ഒരു കാട്ടറബിയുടെ അടുക്കലല്ലായിരുന്നു മുഹമ്മദലി എത്തിച്ചേര്‍ന്നത്. ഒരു നല്ലറബിയുടെ അടുത്തായിരുന്നു. വീസാ സംബന്ധമായ പിന്നീടുള്ള കേസ് നടപടികളെല്ലാം നടത്തിയത് അറബി ആയിരുന്നുവെന്ന് മുഹമ്മദലി ഓര്‍ക്കുന്നു. ഏതാണ്ട് 20 വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചപ്പോള്‍ വലിയ സമ്പാദ്യമായി ഒന്നുമില്ല. എങ്കിലും നാട്ടിലൊരു വീട് പണിതു. അതുവരെ കുടുംബത്തിന്റെ ചിലവുകള്‍ വഹിച്ചു എന്നതൊക്കെ ഒരു നേട്ടം തന്നെയാണ്. കണ്ണൂരിലെ അഴീക്കലില്‍ താമസിക്കുന്ന മുഹമ്മദലി ഇപ്പോള്‍ ഒരു ലോഡ്ജിലാണ് ജോലി ചെയ്യുന്നത്. ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബം ഇന്ന് സന്തോഷത്തോടെ മുന്നോട്ടു പോകുന്നുണ്ട്. തന്നെപ്പോലുള്ള സാധാരണക്കാരുടെ ജീവിത കഥകള്‍ ജിസിസി ന്യൂസ് പോലൊരു മാധ്യമം ലോകത്തെ അറിയിക്കുന്നതിലുള്ള സന്തോഷവും മുഹമ്മദലി പങ്കുവെച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *