ഖത്തറില്‍ പൊതുശുചിത്വ നിയമം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍; പുതിയ ശുചിത്വ നിയമങ്ങളെ അറിയാം

ദോഹ: ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പൊതുശുചിത്വ നിയമത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണവുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം സജീവം. പൊതുശുചിത്വത്തിന്റെ 2017 ലെ പതിനെട്ടാം നമ്പര്‍ നിയമത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സമഗ്രമായ ബോധവത്കരണ പ്രചാരണമാണ് നടത്തുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ നിയമലംഘകരെ കണ്ടെത്താനായി ജുഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നതെന്ന് വകുപ്പ് ഡയറക്ടര്‍ സഫര്‍ അല്‍ ഷാഫി പറഞ്ഞു. ലംഘകര്‍ നിയമലംഘനം നടത്തിയ സ്ഥലത്തെ നഗരസഭ ഓഫീസുകളില്‍ നിശ്ചിത തീയതിക്ക് മുമ്പായി പിഴ അടയ്ക്കുകയും വേണം.അല്ലാത്തപക്ഷം കൂടുതല്‍ നിയമ നടപടിക്കായി ലംഘകരെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുമെന്നും അല്‍ ഷാഫി വിശദീകരിച്ചു.

Loading...

തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ബോധവത്കരണം സജീവമാണ്. പുതിയ നിയമത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ രാജ്യത്തെ പ്രാദേശിക, വിദേശ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ലംഘനങ്ങളുടെ ഭവിഷ്യത്തുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനായി രാജ്യത്തുടനീളമുള്ള പാതകളിലും റോഡുകളിലും പുതിയ നിയമത്തെക്കുറിച്ചുള്ള പരസ്യബോര്‍ഡുകളും പോസ്റ്ററുകളും സന്ദേശ ചിത്രങ്ങളും ഉടന്‍ സ്ഥാപിക്കും. നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചും ലംഘനങ്ങളെക്കുറിച്ചും അവയ്ക്ക് ചുമത്തുന്ന പിഴയും നിയമനടപടികളുമൊക്കെ വിശദീകരിക്കുന്ന ഹ്രസ്വ വീഡിയോയും ഉടന്‍ സാമൂഹിക മാധ്യമങ്ങളിലും പ്രാദേശിക ടെലിവിഷനുകളിലും പ്രസിദ്ധീകരിക്കും. കൂടാതെ പൊതു സ്ഥലങ്ങള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പബ്ലിക് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെല്ലാം ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും അല്‍ ഷാഫി പറഞ്ഞു.

തൊഴിലാളി ക്യാമ്പുകളില്‍ ശില്‍പ്പശാലകള്‍ നടത്തുകയും തൊഴിലിടങ്ങളില്‍ ബോധവത്കരണത്തിനായി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുകയും ചെയ്യും. ഗുരുതരമല്ലാത്ത ലംഘനങ്ങള്‍ ഒത്തുതീര്‍പ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഒത്തുതീര്‍പ്പില്‍ നൂറ് റിയാല്‍ എന്നത് അഞ്ഞൂറ് റിയാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. നാല് തരം ലംഘനങ്ങളാണ് ഒത്തുതീര്‍പ്പ് സാധ്യമല്ലാത്ത വിഭാഗത്തില്‍ വരുന്നത്. നിയമത്തിലെ പതിനഞ്ചാം വകുപ്പ് പ്രകാരം ലംഘനത്തിന്റെ സ്വഭാവം അനുസരിച്ചാണ് ശിക്ഷ. ഗുരുതരമായ ലംഘനങ്ങള്‍ക്ക് പരമാവധി 25,000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നാണ് വ്യവസ്ഥ ചെയ്യുന്നത്. അല്ലെങ്കില്‍ കുറഞ്ഞത് ആറ് മാസം വരെ തടവും പതിനായിരം റിയാലില്‍ കൂടാത്ത പിഴയും അല്ലെങ്കില്‍ തടവോ പിഴയോ ചുമത്തും. ഗുരുതരമായ ലംഘനങ്ങള്‍ക്ക് പരമാവധി 25,000 റിയാല്‍ വരെയും കുറഞ്ഞത് പതിനായിരം റിയാല്‍ വരെയുമുള്ള തുകയാണ് പിഴയിനത്തില്‍ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്.

പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍

പൊതുസ്ഥലങ്ങളിലും കടല്‍തീരങ്ങളിലും സിഗരറ്റ് കുറ്റികള്‍, കടലാസ്, കാലിക്കുപ്പികള്‍, തണുത്ത വെള്ളത്തിന്റെ കാനുകള്‍ എന്നിവ വലിച്ചെറിയുക, നിരത്തില്‍ തുപ്പുക തുടങ്ങിയ ഗുരുതരമല്ലാത്ത വിഭാഗത്തില്‍പ്പെട്ട ലംഘനങ്ങള്‍ക്ക് അഞ്ഞൂറ് റിയാലാണ് പിഴ. വീടുകള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുമ്പില്‍ മാലിന്യം ഉപേക്ഷിക്കുകയോ ഭക്ഷണസാധനങ്ങളോ കടലാസുകളോ ബാഗുകളോ ഉപേക്ഷിക്കികയോ ചെയ്താല്‍ 300 റിയാലും റോഡിന് അല്ലെങ്കില്‍ പൊതുസ്ഥലത്തിന് അഭിമുഖമായി ജനലുകളിലോ ബാല്‍ക്കണികളിലോ വസ്ത്രങ്ങള്‍ തൂക്കിയിടുകയോ അല്ലെങ്കില്‍ കാര്‍പെറ്റുകളോ കവറുകളോ ഇടുകയോ ചെയ്താല്‍ 500 റിയാലുമാണ് പിഴ.

റോഡുകളിലും പൊതുസ്ഥലങ്ങളിലും മരങ്ങളുടെ അല്ലെങ്കില്‍ പൂന്തോട്ട മാലിന്യം ഇട്ടാല്‍ 500 റിയാല്‍ ഈടാക്കും. ഉപയോഗ ശേഷം പൊതുറോഡുകളില്‍ വെള്ളം ഒഴുക്കിയാല്‍ മുന്നൂറ് റിയാലും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ മൃഗങ്ങളുടെ മാലിന്യം ഉപേക്ഷിച്ചാല്‍ 500 റിയാലുമാണ് പിഴ. വാഹനങ്ങളോ പഴയ ഉപകരണങ്ങള്‍ അല്ലെങ്കില്‍ അതിന്റെ ഭാഗങ്ങളോ റോഡ്, നിരത്തുകള്‍, നടപ്പാതകള്‍, ഇടനാഴികള്‍, പൊതു മുറ്റങ്ങള്‍, പൊതു പാര്‍ക്കിങ് എന്നിവിടങ്ങളില്‍ ഉപേക്ഷിച്ചാല്‍ ആയിരം റിയാല്‍ പിഴ ഈടാക്കും. വാണിജ്യ സ്ഥാപനങ്ങളുടെ മുമ്പില്‍ അല്ലെങ്കില്‍ നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മാലിന്യ നിക്ഷേപ പെട്ടികള്‍ക്ക് സമീപത്തായി മാലിന്യം, മാലിന്യമടങ്ങിയ ബാഗുകള്‍, കാലി കുപ്പികള്‍ എന്നിവ വലിച്ചെറിഞ്ഞാല്‍ 500 റിയാലാണ് പിഴ.

പൊതു സ്ഥലങ്ങളിലും കടല്‍ തീരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഭക്ഷ്യ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ അഞ്ഞൂറ് റിയാലും ഈടാക്കും. വാഹനങ്ങളില്‍ കൊണ്ടു പോകുന്ന വസ്തുക്കള്‍ ശരിയായി പൊതിയാതെ പുറത്തേക്ക് ചോരുന്ന തരത്തിലാണെങ്കില്‍ രണ്ടായിരം റിയാലാണ് പിഴ. മാന്‍ഹോള്‍ തുടങ്ങിയ ഇടങ്ങളില്‍ മലിന ജലം ഒഴുക്കുകയോ മാന്‍ ഹോളുകളില്‍ ശരിയായി തരത്തില്‍ സ്ഥാപിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് ചോര്‍ച്ച സംഭവിച്ചാലോ ആയിരം റിയാലാണ് പിഴ. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ , യന്ത്രങ്ങള്‍, മറ്റ് യാത്രാ വാഹനങ്ങള്‍ കഴുകിയാല്‍ 300 റിയാലും പൊതു റോഡില്‍ സഞ്ചരിക്കുന്നതിനിടെ വാഹനങ്ങളില്‍ നിന്നും ഏതെങ്കിലും വസ്തു ചോര്‍ന്ന് പുറത്ത് പോയാല്‍ 3,000 റിയാലും നിര്‍മാണ മാലിന്യങ്ങളും പൊളിച്ചുമാറ്റുന്ന കെട്ടിട മാലിന്യങ്ങളും അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയോ മറ്റോ ചെയ്താല്‍ ആറായിരം റിയാല്‍ ഈടാക്കും. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ മലിന ജലം ഒഴുക്കുന്നവര്‍ക്ക് 5,000 റിയാലാണ് പിഴ.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *