ഭക്ഷണമില്ല കിടക്കാനിടവുമില്ല ; മലയാളികള്‍ ഉള്‍പ്പെട്ട സംഘം ദുരിതത്തില്‍

ദുബായ് : ജോലിക്ക് പോയില്ലെന്ന കാരണത്താൽ ബോട്ടിൽ നിന്ന് പുറത്താക്കിയ മൂന്നു മലയാളികളടക്കം ആറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇറാനിലെ ദ്വീപിൽ ദുരിതത്തിൽ.

കഴിക്കാൻ ഭക്ഷണം പോലുമില്ലാതെയാണ് പൊള്ളുന്ന ചൂട് സഹിച്ച് നാലു ദിവസമായി ഇവർ ലാവൻ ദ്വീപിൽ രാപ്പകലുകൾ തള്ളിനീക്കുന്നത്.

നാട്ടിലേയ്ക്ക് മടങ്ങാൻ കപ്പലിന് കാത്തിരിക്കുന്നതിനാൽ ജോലിക്ക് പോയില്ലെന്നും ഇതേ തുടർന്ന് ഉടമ ബോട്ടിൽ നിന്ന് പൊരിവെയിലിലേയ്ക്ക് ഇറക്കിവിട്ടെന്നും ഇവർ പരാതിപ്പെട്ടു.

നാലു മാസം മുൻപാണ് ഇവർ ദുബായ് വഴി ഇറാൻ ദ്വീപിലെത്തിയത്. നിത്യവും ജോലി ചെയ്തെങ്കിലും കൃത്യമായി ശമ്പളം പോലും നൽകിയില്ലെന്ന് പറയുന്നു.

ഇതേ തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് കോവി‍ഡ് 19 വ്യാപകമായത്. വിമാന സർവീസ് നിർത്തിയതിനാൽ മടങ്ങാനുമായില്ല.

പിന്നീട് ഏറെ മുറവിളികൾക്ക് ശേഷം, ഇന്ത്യൻ എംബസി ബന്ധപ്പെടുകയും വൈകാതെ കപ്പലിലൂടെ സൗജന്യമായി നാട്ടിലെത്തിക്കാമെന്നു അറിയിക്കുകയും ചെയ്തു. ഇൗ മാസം 13നാണ് കപ്പലെത്തുക എന്നറിയുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇതിനിടെ തൊഴിലുടമ മത്സ്യബന്ധനത്തിന് പോകാൻ നിർബന്ധിച്ചെങ്കിലും ഇവർ തയാറായില്ല.

തങ്ങളോട് ദേഷ്യമുള്ളതിനാൽ 13ന് മുൻപ് കരയിലെത്തിക്കില്ല എന്ന ആശങ്കയിലാണ് പോകാത്തതെന്ന് ഇവരിലൊരാളായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വർഗീസ് ടെലിഫോണിലൂടെ മനോരമ ഒാൺലൈനോട് പറഞ്ഞു.

ഇതേ തുടർന്നാണ് രാത്രിയും പകലും കഴിച്ചുകൂട്ടിയിരുന്ന ബോട്ടിൽ നിന്ന് ബാഗുകളും മറ്റും വലിച്ചെറിഞ്ഞ് പുറത്താക്കിയത്. ദുബായിൽ നിന്നുള്ള യാത്രയ്ക്ക് ചെലവായ പണവും തൊഴിലുടമ തിരിച്ചാവശ്യപ്പെടുന്നുണ്ട്.

വെള്ളം മാത്രം കുടിച്ചാണ് തങ്ങൾ കഴിയുന്നതെന്നും നാട്ടിലെ കുടുംബത്തെ ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ലെന്നും വിലപിക്കുന്നു.

ലാവൻ ദ്വീപിൽ ആകെ മൂന്നു കെട്ടിടങ്ങൾ

ഇറാനിലെ ആൾതാമസമില്ലാത്ത ലാവൻ ദ്വീപിന് ആകെ 78 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമാണുള്ളത്. നേരത്തെ ഷെയ്ഖ് ഷൊ െഎബ് ദ്വീപ് എന്നാണ് ഇതറിയപ്പെട്ടിരുന്നത്.

വിജന മരുഭൂമിയായ ലാവനിൽ ആകെ മൂന്ന് കെട്ടിടങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതിന്റെ തണൽപ്പറ്റി കിടക്കുന്ന തങ്ങൾക്ക് രാത്രി ഉറങ്ങാൻ പോലുമാവുന്നില്ലെന്ന് പറയുന്നു. വർഗീസിനെ കൂടാതെ, തിരുവനന്തപുരം വിഴിഞ്ഞം സ്വദേശികളായ അലക്സാണ്ടർ, ആരോഗ്യദാസ്, തമിഴ്നാട് സ്വദേശികളായ പ്രതാപ് ഗുണശേഖരൻ, വിൽസൺ, ഡേവിഡ് അന്തോണിസാമി എന്നിവരാണ് ദുരിതത്തിലായത്.

രാത്രി ശക്തമായ മഞ്ഞുവീഴ്ചയുമുണ്ടാകുന്നതിനാൽ എന്തെങ്കിലും അസുഖം ബാധിച്ച് ജീവാപായമുണ്ടാകുമോ എന്നും ഭയക്കുന്നു. ബോട്ടിന്റെ ക്യാപ്റ്റനായ തമിഴ്നാട്ടുകാരനാണ് തങ്ങളെ ചതിച്ചതെന്ന് ഇവർ പരാതിപ്പെട്ടു.

ഇറാനിലെ മറ്റു ചില ദ്വീപുകളിൽ മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുണ്ട്. ഇവരെയെല്ലാം ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കാമെന്ന് അവരുടെ തൊഴിലുടമകൾ ഉറപ്പുനൽകിയിട്ടുണ്ടത്രെ.

എംപിമാരായ ശശിതരൂർ, കെ.സുധാകരൻ എന്നിവർ പ്രശ്നത്തിൽ നേരത്തെ ഇടപെട്ടിരുന്നതായും ഇത് വാർത്തയായപ്പോൾ വിഡിയോ കണ്ട തൊഴിലുടമ ഭീഷണി മുഴക്കിയതായും ഇവർ ആരോപിച്ചു.

തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരോട് ഇവർക്ക് അഭ്യർഥിക്കാനുള്ളത്.

കടപ്പാട് : മനോരമ ഓണ്‍ലൈന്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *