അഞ്ച് പതിറ്റാണ്ടോളം നീണ്ട നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ഒമാന്റെ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിട പറഞ്ഞിട്ട് ഒരാണ്ട്

മസ്‌കത്ത് : അഞ്ച് പതിറ്റാണ്ടോളം നീണ്ട നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ഒമാന്റെ  ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിട പറഞ്ഞിട്ട് ഒരാണ്ട്. 2020 ജനുവരി 10ന് രാത്രിയോടെ 79ാം വയസില്‍ സുല്‍ത്താന്റെ നിര്യാണം.

 

1970ല്‍ രാജ്യത്തിന്റെ ചെങ്കോലേന്തുമ്പോള്‍ നല്‍കിയ പ്രതീക്ഷയുടെ വാക്കുകളെ പുലര്‍ന്നു കാണുന്ന സുന്ദര നാളുകള്‍ സമ്മാനിച്ചാണ് സുല്‍ത്താന്‍ വിട വാങ്ങിയത്.

‘എന്റെ ജനങ്ങളേ, ഉജ്വല ഭാവിയോടെ ഐശ്വര്യപൂര്‍ണമായ ജീവിതമാക്കി മാറ്റാന്‍ സാധ്യമായതെല്ലാം വേഗത്തില്‍ ചെയ്യും. ഈ ലക്ഷ്യത്തിലേക്കെത്താന്‍ ഓരോരുത്തരും താന്താങ്ങളുടെ പങ്ക് വഹിക്കണം. നമ്മുടെ രാജ്യം മുമ്പ് ഏറെ പ്രശസ്തവും ശക്തവുമായിരുന്നു. ഐക്യത്തോടെയും സഹകരണമനോഭാവത്തോടെയും നാം പ്രവര്‍ത്തിച്ചാല്‍ ആ സമുജ്ജ്വല ഭൂതകാലം പുനരാവിഷ്‌കരിക്കാന്‍ നമുക്കാകും.

അങ്ങനെ ലോകസമക്ഷം ആദരണീയമായ സ്ഥാനം ലഭിക്കുകകയും ചെയ്യും. സാധാരണ പോലെ ജീവിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്.’ എന്നതായിരുന്നു 1970 ജൂലൈ 23ന് സുല്‍ത്താന്‍ രാജ്യത്തോട് പറഞ്ഞ വാക്കുകള്‍.

തന്റെ വാക്ക് പാലിച്ച സുല്‍ത്താന്‍, രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിച്ചു. സംഘര്‍ഷത്തിലുള്ള രാജ്യങ്ങള്‍ക്ക് അനുരഞ്ജനത്തിലേര്‍പ്പെടാനുള്ള മധ്യസ്ഥന്‍ കൂടിയായി ഒമാന്‍. ഈ അതിപ്രധാന പങ്ക് രാജ്യാന്തരതലത്തിൽ തന്നെ സ്വാഗതം ചെയ്യപ്പെട്ടു.

ആധുനിക ഒമാനി നവോത്ഥാനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ നയതന്ത്രത്തിലും രാഷ്ട്രീയത്തിലുമുള്ള ഒരു സ്തംഭമായി സമാധാനത്തെ സുല്‍ത്താനേറ്റ് സ്വീകരിച്ചു.

ദോഫാറിലെ സലാലയില്‍ 1940ല്‍ ജനിച്ച സുല്‍ത്താന്‍ അല്‍ ബുസൈദി രാജ കുടുംബത്തിലെ എട്ടാം അവകാശിയാണ്. ഇമാം അഹ്മദ് ബിന്‍ സഈദ് 1744ല്‍ സ്ഥാപിച്ചതാണ് ഈ രാജകുടുംബം. 49 വര്‍ഷത്തിലേറെ കാലം ഒമാന്റെ അധികാരം കൈയാളി. തന്റെ ഇരുപതുകളില്‍ അദ്ദേഹം സാന്‍ഡ്ഹര്‍സ്റ്റിലെ റോയല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്നു.

ബിരുദത്തിന് ശേഷം ബ്രിട്ടിഷ് ആര്‍മിയിലും ചേര്‍ന്നു. 1966ല്‍ ഒമാനിലേക്ക് തിരിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടില്‍ പഠിച്ചു. 1970ലാണ് രാജ്യഭരണം കൈയാളുന്നത്

തന്റെ സംസാരങ്ങളിലെല്ലാം രാജ്യത്തിനുള്ള ദര്‍ശനം പങ്കുവെച്ച ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്. രാഷ്ട്ര വികസനത്തിന് സംഭാവനയര്‍പ്പിക്കാന്‍ പൗരന്മാരെ നിരന്തരം പ്രേരിപ്പിച്ചു. നവോത്ഥാനത്തിന്റെ ആദ്യ വാര്‍ഷികത്തില്‍ അദ്ദേഹം നടത്തിയ രാഷ്ട്രത്തോടുള്ള അഭിസംബോധന ഇതിന് തെളിവാണ്.

ഒമാനി ജനതയുടെ പ്രാപ്തിയിലും കരുത്തിലും അദ്ദേഹം വിശ്വാസമര്‍പ്പിച്ചു. രാഷ്ട്ര നിര്‍മാണത്തിന് കഠിനമായി അധ്വാനിക്കാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. പൗരന്മാരുടെ വിദ്യാഭ്യാസത്തിന് സൗകര്യമേര്‍പ്പെടുത്തലും തൊഴിലവസരങ്ങളും സമത്വപൂര്‍ണ അവകാശങ്ങളും നല്‍കലും വെല്ലുവിളിയായി അദ്ദേഹം ഏറ്റെടുത്തു. നവോത്ഥാനത്തിന്റെ ജൈത്രയാത്ര ജനങ്ങളുടെ ഊര്‍ജ്ജത്തെ തുറന്നുവിട്ടു.

അന്ന് മുതല്‍ അഭൂതപൂര്‍വ വികസനങ്ങളാണ് രാജ്യത്തുണ്ടായത്. റോഡ് ശൃംഖലകളും എക്‌സ്പ്രസ് വേകളും വിമാനത്താവളങ്ങളും സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകലും ആശുപത്രികളും ആശയവിനിമയ സൗകര്യങ്ങളും തുടങ്ങി ആധുനിക ലോകത്തെ എല്ലാം രാജ്യത്തും ലഭ്യമായി

സുല്‍ത്താന്‍ ഖാബൂസിന്റെ വഴിയേയാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെയും സഞ്ചാരം. രാജ്യത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കിയാണ് സുല്‍ത്താന്‍ ഹൈതം ചെങ്കോല്‍ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ദിനങ്ങളിലെ ഇടപെടലുകളും നടപടികളും സുല്‍ത്താന്‍ ഖാബൂസിന്റെ ജനതക്ക് സുല്‍ത്താന്‍ ഹൈതമിലും സ്വപ്നസമാനമായ മുന്നേറ്റങ്ങള്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്നു..

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സുല്‍ത്താനേറ്റിന്റെ അധികാരമേറ്റതിന്റെ ആദ്യ വാര്‍ഷിക ദിനത്തില്‍ 285 തടവുകാര്‍ക്ക് മോചനം. 118 വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് മോചനം പ്രഖ്യാപിച്ചതെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *