കത്താറ ഊദ് സംഗീതമേളയ്ക്ക് വര്‍ണാഭ തുടക്കം

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ രണ്ടാമത് ഊദ് സംഗീതമേള തുടങ്ങി.  അല്‍ ഫരാബി- ദ സെക്കന്‍ഡ് മാസ്റ്റര്‍ എന്ന പ്രമേയത്തില്‍ കത്താറയിലെ ഒപ്പേറഹൗസില്‍ ഊദ് സംഗീതമേള കത്താറ ജനറല്‍മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയാണ് ഉദ്ഘാടനം ചെയ്തത്.
വിഖ്യാത ഇസ്ലാമിക് തത്ത്വചിന്തകനായ അബുനാസര്‍ അല്‍ഫറാബിയുടെ സംഗീതജീവിതത്തെ ആസ്​പദമാക്കിയാണ് ഇത്തവണത്തെ പരിപാടികള്‍.  ഉദ്ഘാടനത്തോടനുബന്ധിച്ച് അല്‍ ഫറാബിയെക്കുറിച്ചുള്ള ഹ്രസ്വഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. വിഖ്യാത തുര്‍ക്കിഷ് സംഗീതജ്ഞനായ മെഹ്മെത് ബിറ്റ്‌മെസിന്റെയും വിഖ്യാത ബാന്‍ഡായ ഇസ്താന്‍ബുള്‍ സസ്‌കാറിന്റെയും പ്രത്യേക സംഗീത പരിപാടികളും അരങ്ങേറി.

ഖത്തര്‍ കൂടാതെ കുവൈത്ത്, സ്‌പെയിന്‍, തുര്‍ക്കി, അസെര്‍ബെയ്ജാന്‍, ഇറാന്‍, അര്‍മേനിയ, ഇന്‍ഡോനീഷ്യ, മലേഷ്യ, ഇറാഖ്, ജപ്പാന്‍, ഗ്രീസ്, ഒമാന്‍, മൊറോക്കോ, സിറിയ, ടുണീഷ്യ എന്നിവിടങ്ങളിലെ ഊദ് കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

ദിവസവും രാത്രി എട്ടിനാണ് പരിപാടി. എണ്‍പതിലധികം കലാകാരന്മാരുടെ പ്രത്യേക നൃത്ത, സംഗീത അവതരണങ്ങളുമുണ്ട്. ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി ആറ് വരെ അല്‍ഫറാബി തിയേറ്ററില്‍ ഇന്‍ഡോനേഷ്യന്‍ ബാന്‍ഡുകളുടെ അവതരണവുമുണ്ടാകും. വിഖ്യാത ഊദ് ഉപകരണ നിര്‍മാതാക്കള്‍ തങ്ങളുടെ സംഗീത ഉപകരണങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സ്ട്രിങ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വിദഗ്ധരുടെ പുരാതന ഊദ് ഉപകരണങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തുര്‍ക്കി, ഇറാന്‍, കുവൈത്ത്, ഗ്രീസ്, ഇറാഖ് എന്നിവിടങ്ങളില്‍നിന്നുള്ള ഊദ് ഉപകരണ നിര്‍മാതാക്കളുടെ പ്രത്യേക ബൂത്തുകള്‍ കത്താര ആംഫിതീയേറ്ററിന് സമീപം അല്‍ മസ്ര സ്ട്രീറ്റിലുണ്ട്. രാവിലെയും വൈകീട്ടും സന്ദര്‍ശകര്‍ക്കായി ബൂത്ത് തുറക്കും. ഒമ്പത് വിഖ്യാത ഊദ് ഉപകരണ നിര്‍മാതാക്കളാണ് മേളയിലുള്ളത്. സംഗീതവും പ്രദര്‍ശനവും കൂടാതെ ഊദ് ഉപകരണങ്ങളുടെ നിര്‍മാണ രീതികള്‍ വിവരിക്കുന്ന പ്രത്യേക ഫോറങ്ങളും പ്രഭാഷണങ്ങളുമാണ് നടക്കുന്നത്. അല്‍ ഫറാബിക്കായുള്ള പ്രത്യേക സംഗീത അവതരണത്തോടെ മേള സമാപിക്കും. ഏപ്രില്‍ എട്ട് വരെയാണ് മേള.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *