സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പായ്ക്കപ്പലില്‍ അറബ് മണ്ണിലേക്ക്…സിനിമാക്കഥ പോലെ വളര്‍ന്നു വന്ന വ്യവസായി…പാവങ്ങളുടെ റഹ്മാനിക്ക വിടപറഞ്ഞപ്പോള്‍ പറയാനുണ്ടൊരു വിജയകഥ

പായ്ക്കപ്പലില്‍ കടല്‍ കടന്ന് അറബ് മണ്ണില്‍ ജീവിതം പച്ചപിടിപ്പിച്ച ഒരുപാട് പ്രവാസികളുടെ ജീവിതകഥകള്‍ നാം കേട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ തളര്‍ന്നപ്പോള്‍ ചിലര്‍ വളര്‍ന്നു. അത്തരത്തില്‍ വളര്‍ന്ന വ്യവസായിയായിരുന്നു തലശ്ശേരി കടവത്തൂരിലെ അബ്ദുറഹ്മാന്‍. എന്നാല്‍ ഇനി ആ ബിസിനസുകള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പുതിയ പുരയില്‍ അബ്ദുറഹ്മാന്‍ ഇല്ല. പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാനും സി എം ഡിയുമായ പി എ റഹ്മാന്‍ (72) അന്തരിച്ചു. കേഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചേ 1.15 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന ്‌െൈവകിട്ട് 4 ന് കടവത്തൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അര്‍ബുദ രോഗ ബാധയേ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം അല്‍പ്പ സമയത്തിനകം ജന്മനാടായ തലശ്ശേരി കടവത്തൂരിലേക്ക് കൊണ്ട് പോകും.

വിധിയെ അനുകൂലമാക്കിയ റഹ്മാനിക്കയുടെ ജീവിത കഥയിങ്ങനെ…

1970 നവംബര്‍ മാസത്തില്‍ 118 പേരടങ്ങുന്ന ലോഞ്ചില്‍ ജീവിതം പച്ചപിടിപ്പിക്കണം എന്ന മോഹവുമായാണ് കടവത്തൂരുകാരന്‍ പുതിയ പുരയില്‍ അബ്ദുറഹ്മാന്‍ പ്രവാസത്തിലേക്ക് യാത്ര തിരിച്ചത് .ദുബായിലേക്ക് പുറപ്പെട്ട ലോഞ്ചില്‍ നീണ്ട ഇരുപത്തൊന്നു ദിവസത്തോളം ദുരിത യാത്രയായിരുന്നു .അതിശക്തമായ കാറ്റില്‍ എന്‍ജിന്‍ കേടു വന്നതോടെ ലോഞ്ചു പായ്ക്കപ്പലാക്കി മാറ്റി . ആഴ്ചയിലൊരിക്കല്‍ മാത്രം കിട്ടിയിരുന്ന ഇത്തിരി സുലൈമാനി മാത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത് .ഒടുവില്‍ കരക്കണഞ്ഞത് ഒമാന്‍ തീരത്ത്…

പാസ്പോര്‍ട്ടും രേഖകളുമില്ലാതെ ഒമാന്‍ പോലീസിന്റെ പിടിയിലായ യാത്രക്കാരെ കരയില്‍ കാത്തിരുന്നത് അതിലും വലിയ ദുരിതം . കൂട്ടത്തിലല്‍പ്പം പഠിപ്പുണ്ടായിരുന്ന യുവാവിന്റെ അഭ്യര്‍ത്ഥന ഒമാന്‍ പോലീസ് ചെവിക്കൊണ്ടു . പോലീസ് മുഴുവന്‍ യാത്രക്കാരെയും കല്‍ബ അതിര്‍ത്തിയില്‍ കൊണ്ട് വിട്ടു .ദുരിതത്തിന്റെ കറുത്ത ഓര്‍മ്മകള്‍ മനസ്സിലുള്ളപ്പോഴും സ്വപ്ന ഭൂമിയിലെത്തിയതിന്റെ സന്തോഷം ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു . അതെ , പുതിയ പുരയില്‍ അബ്ദുറഹ്മാനെ പി എ റഹ്മാന്‍ എന്ന മികച്ച വ്യവസായിയാക്കി പരിവര്‍ത്തിപ്പിച്ചത് ദുബായ് എന്ന സ്വപ്ന ഭൂമിയാണ് .

ബര്‍ദുബായിലെ പ്ലസന്റ് റെസ്റ്റോറന്റില്‍ ബാര്‍വാല ആയിട്ടായിരുന്നു പി എ റഹ്മാന്റെ തുടക്കം .ഒരു പാട് സൗഹൃദ വഴികള്‍ തുറക്കാന്‍ ഇത് കാരണമായി . ഓരോ സൗഹൃദങ്ങളും അവസരങ്ങളാക്കി മാറ്റി പി എ റഹ്മാന്‍ സാഹിബ് തന്റെ ബിസിനസ്സ് സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ടേ ഇരുന്നു . പിന്നീടിങ്ങോട്ട് കഠിനാധ്വാനം മുഖമുദ്രയാക്കി മുന്നേറിയതോടെ നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴില്‍ദാതാവായി റഹ്മാന്‍ സാഹിബ് വളര്‍ന്നു . വളര്‍ച്ചയിലൊരിക്കല്‍ പോലും അഹങ്കരിച്ചില്ല . സാധാരണക്കാരനെ ഹൃദയത്തോട് ചേര്‍ത്തു വെച്ചു . അങ്ങനെ ജനകീയനായ പണക്കാരനായി റഹ്മാനിക്ക അറിയപ്പെട്ടു.

സാധാരണ കുടുംബത്തില്‍ ജനിച്ചു തന്റെ കഠിനാധ്വാനം കൊണ്ട് ബിസിനസ്സ് രംഗത്ത് ഉന്നതങ്ങള്‍ കീഴടക്കിയ പി എ റഹ്മാന്‍ നിരവധി ബിസിനെസ്സ് സംരംഭങ്ങളുടെ അമരക്കാരനാണ് . സൂപ്പര്‍മാര്‍ക്കറ്റ് , റെസ്റ്റോറന്റ് , ഹോള്‍ഡ് ഐറ്റംസ് , ഹോസ്പിറ്റല്‍ ,സംരംഭങ്ങളുടെ സ്ഥാപകനാണ് . സ്വര്‍ണാഞ്ജലി ജ്വല്ലറി ഗ്രൂപ്പ് , കല്ലികണ്ടി എന്‍.എ എം കോളേജ് പ്രസിഡന്റ് ,പാര്‍കോ മൗണ്ട് ഗയിഡ് ഇന്റര്‍നേഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ,പാറേമ്മല്‍ യു.പി സ്‌ക്കൂള്‍ മാനേജര്‍ .വടകരയിലെ നിര്‍ദ്ദിഷ്ട പാര്‍ക്കോ ഹോസ്പിറ്റല്‍ സ്ഥാപകനും സി.എംഡിയുമാണ്. സകല മേഖലകളിലും വിജയക്കൊടി പാറിച്ച റഹ്മാന്‍ സാഹിബ് ജീവ കാരുണ്യ മേഖലയിലും വേറിട്ട അടയാളപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിത്വമാണ് . അടിയുറച്ച മുസ്ലിം ലീഗുകാരനായ റഹ്മാന്‍ ലീഗിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി സംഭാവന ചെയ്യുന്ന ധനികനായിരുന്നു.

മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായും ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക യുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് . ഉറച്ച മുജാഹിദ് ആശയക്കാരനായ റഹ്മാന്‍ സാഹിബ് നിരവധി പള്ളികള്‍ സ്വന്തമായി പണികഴിപ്പിച്ചിട്ടുണ്ട് . എല്ലാ മത സംഘടനകള്‍ക്കും , രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരേ പോലെ സ്വീകാര്യനായ റഹ്മാന്‍ സംസ്ഥാന തലത്തിലെ മുഴുവന്‍ നേതാക്കളുമായും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വമാണ്.സേവന ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായിരുന്ന റഹ്മാന്‍ സാഹിബിന്റെ നിര്യാണം നാടിനു ഒന്നാകെ തീരാനഷ്ടമാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *