മൂന്നുലക്ഷം മുതല്‍ 51 ലക്ഷം വരെ; പ്രവാസിക്കും ജീവിതപങ്കാളിക്കും ജീവിതാവസാനംവരെ മാസവരുമാനം

തിരുവനന്തപുരം: പ്രവാസികള്‍ക്കും ജീവിതപങ്കാളിക്കും ജീവിതാവസാനംവരെ മാസവരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്. നിക്ഷേപിക്കുന്ന തുകയുടെ പത്തുശതമാനം വിഹിതം ഓരോ മാസവും പ്രവാസിക്കു ലഭിക്കുന്നതാണ് പദ്ധതി. പ്രവാസിയുടെ മരണശേഷം ജീവിതപങ്കാളിക്ക് ഈ വിഹിതം കിട്ടും.

മൂന്നുലക്ഷം മുതല്‍ 51 ലക്ഷം വരെ രൂപയാണ് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് നിക്ഷേപമായി സ്വീകരിക്കുക. ഇൗ തുക ബോര്‍ഡ് കിഫ്ബിക്കു കൈമാറും. കിഫ്ബി നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താണ് 10 ശതമാനം വിഹിതം നല്‍കുക. നിക്ഷേപത്തീയതി മുതല്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതിമാസവിഹിതം ലഭിച്ചുതുടങ്ങും.

ആദ്യ മൂന്നുവര്‍ഷത്തെ 10 ശതമാനം നിരക്കിലുള്ള വിഹിതം നിക്ഷേപത്തുകയോടു ചേര്‍ക്കും. മൂന്നാം വര്‍ഷം അവസാനമുള്ള നിക്ഷേപത്തുകയുടെ 10 ശതമാനമാണ് വിഹിതമായി നിക്ഷേപകനു കിട്ടുക. നിക്ഷേപിച്ചയാള്‍ മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ ഈ തുക അവരുടെ മരണംവരെ കിട്ടും. ജീവിതപങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവര്‍ഷത്തെ വിഹിതവും അന്തരാവകാശിക്കു ലഭിക്കുന്നു. നിക്ഷേപകന്റെയോ പങ്കാളിയുടെയോ ജീവിതകാലത്ത് തുക പിന്‍വലിക്കാന്‍ കഴിയില്ല.

നിക്ഷേപം സ്വീകരിക്കുന്നതും പ്രതിമാസവിഹിതം വിതരണം ചെയ്യുന്നതും കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡാണ്. ഈ തുക ബോര്‍ഡിന്റെ കണക്കുകളില്‍ നിലനിര്‍ത്താതെ അന്നുതന്നെ കിഫ്ബിക്കു കൈമാറുന്നു. നിക്ഷേപങ്ങള്‍ക്ക് കിഫ്ബി നല്‍കുന്ന തുകയും സര്‍ക്കാര്‍ നല്‍കുന്ന വിഹിതവും ചേര്‍ത്തുള്ള 10 ശതമാനമാണ് ഡിവിഡന്റ്. സര്‍ക്കാരിനോ കിഫ്ബിക്കോ പദ്ധതി ഏതെങ്കിലും കാലത്ത് നിര്‍ത്തലാക്കണമെങ്കില്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്ന വ്യവസ്ഥയുണ്ട്.

പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഉദ്ഘാടനം 16-ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം തെക്കേ ഗോപുരനടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിമാരായ തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. ബോര്‍ഡ് സി.ഇ.ഒ. എം. രാധാകൃഷ്ണന്‍, ഡയറക്ടര്‍ കെ.സി. സജീവ് തൈക്കാട്, എസ്. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *