ഉപരോധം മറികടന്ന് ഖത്തര്‍ മുന്നോട്ട്…കൂട്ടിന് അമേരിക്ക, റഷ്യ, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും; എണ്ണവിപണി കീഴടക്കുമെന്ന് വിലയിരുത്തല്‍

ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. 2017 ജൂണ്‍ അഞ്ചിനാണ് ലോകത്തെ ഞെട്ടിച്ച ഉപരോധം ഏര്‍പ്പെടുത്തിയത്. സൗദിയുടെ മുന്നില്‍ മുട്ടുമടക്കാന്‍ ഖത്തര്‍ ഇതുവരെ തയ്യാറായിട്ടില്ല. തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഖത്തര്‍ ബഹിഷ്‌കരണം മറികടന്നത്. മാത്രമല്ല, ഏഷ്യ, യൂറോപ്പ് എന്നീ മേഖലകളിലെ രാജ്യങ്ങളുമായി ഖത്തര്‍ കൂടുതല്‍ ബന്ധമുണ്ടാക്കി. ഈ മേഖലകളില്‍ നിന്നെല്ലാം ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നുണ്ട്. നേരത്തെ ദുബായ് വഴിയും സൗദി വഴിയും എത്തിയിരുന്ന ചരക്കുകള്‍ ഇപ്പോള്‍ ഒമാന്‍ വഴിയാണ് എത്തുന്നത്. ഒമാനും ഖത്തറും ബന്ധം സുദൃഢമാക്കിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിലൊന്നായതു കൊണ്ടുതന്നെ പണമെറിഞ്ഞ് ഖത്തര്‍ മറ്റിടങ്ങളില്‍ നിന്ന് അവശ്യവസ്തുക്കള്‍ ഇറക്കുകയായിരുന്നു.

Loading...

സൗദി സഖ്യത്തിനെതിരെ കടുത്ത നടപടി ഖത്തര്‍ അടുത്തിടെ സ്വീകരിച്ചിരുന്നു. ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളുടെയും ഉല്‍പ്പനങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. ഇനി നാല് രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ വില്‍ക്കാന്‍ സാധിക്കില്ല. ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ട എന്നാണ് ഖത്തറിന്റെ പുതിയ തീരുമാനം. ഉപരോധം മൂലമുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറിയ ഖത്തര്‍ കുതിക്കാന്‍ ഒരുങ്ങുന്നു. എണ്ണ വിപണി ലക്ഷ്യമിട്ടാണ് അടുത്ത നീക്കം. ലോകത്തെ പ്രമുഖ കമ്പനികളെ കൈപ്പിടിയിലൊതുക്കാന്‍ ഖത്തര്‍ പെട്രോളിയം ശ്രമം തുടങ്ങി. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം ഖത്തര്‍ മറികടന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് രാജ്യം പുരോഗതി കൈവരിക്കുന്നുവെന്ന വിവരം വന്നിരിക്കുന്നത്. രണ്ട് എണ്ണ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്ന കരാറില്‍ ഖത്തര്‍ ഒപ്പുവച്ചു. കൂടാതെ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കാനും ഖത്തര്‍ തീരുമാനിച്ചു.

അമേരിക്കന്‍ എണ്ണ കമ്പനിയായ എക്സോണ്‍ മൊബൈലിന്റെ രണ്ട് കമ്പനികളുടെ ഓഹരികളാണ് ഖത്തര്‍ വാങ്ങുന്നത്. അര്‍ജന്റീന കേന്ദ്രമായുള്ള കമ്പനിയുടെ 30 ശതമാനം ഓഹരികള്‍ വാങ്ങുന്ന കരാറില്‍ ഖത്തര്‍ പെട്രോളിയവും എക്സോണ്‍ മൊബൈലും ഒപ്പുവച്ചു. ഇതോടെ ലാറ്റിന്‍ അമേരിക്കയിലെ എണ്ണ-പ്രകൃതി വാതക വിപണിയിലേക്ക് ഖത്തറിന് കവാടം തുറന്നിരിക്കുകയാണ്. ലാറ്റിനമേരിക്കന്‍ എണ്ണവിപണയില്‍ കൂടുതല്‍ ഇടപെടാനാണ് ഖത്തറിന്റെ തീരുമാനം. ഖത്തര്‍ പെട്രോളിയവുമായി പങ്കാളിത്തം വന്നത് എക്സോണ്‍ മൊബൈലിനും നേട്ടമാണ്. കരാറില്‍ ഓഹരിയുടെ മൂല്യം എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അര്‍ജന്റീനയില്‍ ഖത്തര്‍ പെട്രോളിയം നടത്തുന്ന ആദ്യ സംരഭമാണിത്.

ഷെയ്ല്‍ എണ്ണ-വാതക മേഖലയില്‍ നിക്ഷേപമിറക്കാനുള്ള അവസരമാണ് ഖത്തര്‍ പെട്രോളിയത്തിന് പുതിയ കരാറിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ഖത്തര്‍ പെട്രോളിയം മേധാവി സഅദ് ശരീദ അല്‍ കഅബി പറഞ്ഞു. ഖത്തറിനെതിരെ സൗദിയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം ഒരു വര്‍ഷം തികഞ്ഞിരിക്കെയാണ് ഖത്തര്‍ കൂടുതല്‍ വ്യവസായ രംഗങ്ങള്‍ കീഴടക്കി മുന്നേറുന്നത്. ഖത്തറിന്റെ എണ്ണയോ വാതകമോ സൗദി സഖ്യത്തിന്റെ ഉപരോധത്തില്‍ യാതൊരു പ്രയാസവും നേരിട്ടിട്ടില്ല എന്നതിന്റെ ഉദാഹരണമാണിതെന്ന് കഅബി കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ പെട്രോളിയം കൂടുതല്‍ വിശാലമായ വ്യവസായ സംരഭങ്ങളില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നു. നേരത്തെയുള്ള തീരുമാനമാണിത്. ഉപരോധം മൂലം തീരുമാനം മാറ്റേണ്ടി വന്നിട്ടില്ല. എണ്ണ വിപണയില്‍ കൂടുതലായി ഇടപെടുമെന്നും കഅബി വ്യക്തമാക്കി. നിലവില്‍ ഖത്തര്‍ പെട്രോളിയം 48 ലക്ഷം ബാരല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 2024 ആകുമ്പോഴേക്ക് 30 ശതമാനം വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് എക്സോണ്‍ മൊബൈലുമായുള്ള കരാര്‍. അര്‍ജന്റീനയില്‍ കൂടുതലായി പ്രകൃതി വാതകം ഖനനം ചെയ്യുമെന്നും ഇരുകമ്പനികളും അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *