ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തിളങ്ങി…യുഎഇക്ക് പ്രഹരമായി അന്താരാഷ്ട്ര കോടതിയുടെ ഖത്തര്‍ അനുകൂല നിലപാട്…

ദോഹ: ഖത്തറിനെതിരെ സൗദിയും സഖ്യരാജ്യങ്ങളും ഉപരോധം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഉപരോധം ചുമത്തിയ ശേഷം ഖത്തര്‍ പൗരന്‍മാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതോടെ പലരുടെയും കുടുംബങ്ങള്‍ മറ്റു ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ടു. നേരിട്ട് തിരിച്ചുവരാന്‍ സാധിച്ചില്ല. പലരുടെയും കുടുംബങ്ങള്‍ ഇപ്പോഴും ആവശ്യാനുസരണം കാണാന്‍ സാധിക്കാതെ കഴിയുന്നു. ചരക്കുകടത്തിന് തടസം നേരിട്ടു. സൗദി സഖ്യരാജ്യങ്ങള്‍ക്കെതിരെ, പ്രധാനമായും യുഎഇക്കെതിരെ ഖത്തര്‍ ഈ വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ വിധി വന്നു. ഖത്തറിന്റെ ആരോപണങ്ങള്‍ ശരിവച്ചാണ് വിധി. ഖത്തറിനെതിരെ സ്വീകരിച്ച നടപടികള്‍ വംശീയ വിവേചനത്തിന് തുല്യമാണെന്ന കോടതി വിധിച്ചു. ഖത്തര്‍ പൗരന്‍മാര്‍ ആണെന്ന ഒറ്റക്കാരണത്താലാണ് ഇവര്‍ വിവേചനം നേരിട്ടത്. അവകാശ ലംഘനമാണിതെന്ന് കോടതി വിലയിരുത്തി. ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

Loading...

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് നാല് രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ നടപടിയെടുത്തത് എന്നായിരുന്നു ഖത്തറിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തര്‍ കഴിഞ്ഞമാസം അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഖത്തറിലുള്ള ഒട്ടേറെ പേരുടെ കുടുംബങ്ങള്‍ യുഎഇയിലാണ്. ഇവരുടെ സ്വത്തുക്കളും യുഎഇയിലുണ്ട്. എല്ലാം ഒഴിവാക്കി ഒരു സുപ്രഭാതത്തില്‍ ഖത്തറിലേക്ക് പോരേണ്ടി വന്നു. വ്യോമ, നാവിക ഗതാഗതം നിരോധിച്ചതു വഴി മറ്റു രാജ്യങ്ങള്‍ വഴിയാണ് ഇവര്‍ ഖത്തറിലേക്ക് എത്തിയത്. ഇക്കാര്യം ഖത്തര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദേശത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളിലുണ്ട്. ഇതിന്റെ ലംഘനമാണ് നടന്നതെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടുന്നു. സൗദിയും ബഹ്റൈനും ഈജിപ്തും ബന്ധപ്പെട്ട യുഎന്‍ കരാറില്‍ ഒപ്പുവച്ചിട്ടില്ല. അതുകൊണ്ടാണ് അവര്‍ക്കെതിരെ ഖത്തര്‍ പരാതി നല്‍കാതിരുന്നത്. യുഎഇ ഒപ്പുവച്ചിട്ടുണ്ട്.ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് ഐക്യപ്പെടാന്‍ അവസരം ഒരുക്കണമെന്ന് ഹേഗിലെ കോടതി വിധിച്ചു. യുഎഇയില്‍ പഠിക്കുന്ന ഖത്തരി കുട്ടികള്‍ക്ക് പഠനം പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. അല്ലെങ്കില്‍ പര്യാപ്തമായ രീതിയില്‍ മറ്റു സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

യുഎഇയിലെ നിയമപരമായ കാര്യങ്ങള്‍ അനുവദിച്ചുകിട്ടുവാന്‍ ഖത്തരികള്‍ക്ക് അനുമതി നല്‍കണം. ഒട്ടേറെ ഖത്തറുകാര്‍ യുഎഇയില്‍ താമസിച്ചിരുന്നു. അവരെ നിര്‍ബന്ധപൂര്‍വം രാജ്യത്തിന് പുറത്താക്കുകയാണ് ചെയ്തത്. തിരിച്ചുവരാന്‍ സാധിക്കുമെന്ന യാതൊരു ഉറപ്പും നല്‍കാതെയാണ് പുറത്താക്കിയതെന്നും കോടതി വിലയിരുത്തി. വിധിയെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും വക്താവ് ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു. ഖത്തറിനോട് യാതൊരു ദയയും ഉപരോധം ചുമത്തിയ രാജ്യങ്ങള്‍ കാണിച്ചില്ല എന്നും അവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് വിധിയെന്നും അല്‍ ഖാതിര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള അന്താരാഷ്ട്ര വേദിയാണ് യുഎന്‍ കോടതി. ഖത്തറിന് അനുകലമായ വിധിയാണ് വന്നിരിക്കുന്നത്. ഉപരോധത്തിന്റെ നിയമസാധുതയെ ആണ് വിധി ചോദ്യം ചെയ്യുന്നത്. കോടതി വിധി യുഎഇ ഇനി നടപ്പാക്കുമോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. നടപ്പാക്കിയില്ലെങ്കില്‍ എന്ത് സംഭവിക്കും.

ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയെ ഖത്തറിന് സമീപിക്കാം. യുഎഇ കോടതി വിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടാം. യുഎന്‍ കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ അത് തിരിച്ചടിയാകും. അന്താരാഷ്ട്ര തലത്തില്‍ യുഎഇക്കെതിരെ നയതന്ത്ര സമ്മര്‍ദ്ദത്തിന് ഇത് കാരണമാകും. ഖത്തറിന്റെ അഭിപ്രായത്തില്‍ ഉപരോധം 13000 പൗരന്‍മാരെ ബാധിച്ചുവെന്നാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *