സാന്ത്വനം കുവൈറ്റിന്റെ പതിനെട്ടാം വാർഷിക പൊതുയോഗം ജനുവരി 25 ന് അബ്ബാസിയ കല ഓഡിറ്റോറിയത്തിൽ…

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ‘സാന്ത്വനം കുവൈറ്റ്’ തങ്ങളുടെ നിരന്തര സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ പതിനെട്ടാം വാർഷികം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു.

ജനുവരി 25 ന് വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അബാസിയ കല ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പൊതുയോഗത്തിൽ സംഘടനയുടെ അംഗങ്ങളും, അഭ്യുദയ കാംക്ഷികളും, കുവൈറ്റിലെ പ്രവാസി സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതോടൊപ്പം കേരളത്തിലും കുവൈറ്റിലും കഴിയുന്ന നിസ്സഹായരും നിർധനരുമായ രോഗികൾക്ക് വേണ്ടി കൂടുതൽ ഉപകാരപ്രദവും കാര്യക്ഷമവുമായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ച തുടങ്ങിയവ പൊതുയോഗത്തിന്റെ മുഖ്യ വിഷയങ്ങളായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർഷിക സുവനീറായ “സ്മരണിക 2018” ഈ യോഗത്തിൽ വച്ച് പ്രകാശനം ചെയ്യും.

കഴിഞ്ഞ 18 വർഷങ്ങളിൽ 11 കോടിയോളം രൂപയുടെ ചികിത്സാ സഹായം സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന രോഗികൾക്കായി നൽകുവാൻ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്.

2018 പ്രവർത്തന വർഷത്തിൽ
മാത്രം 1000 ലധികം വരുന്ന രോഗികൾക്കായി ഒന്നര കോടിയോളം രൂപയുടെ ചികിത്സാ സഹായ പദ്ധതികളാണ് സംഘടന നടപ്പാക്കിയത്. ഇതിൽ കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർധ്നരായ രോഗികളും, പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന കിടപ്പ്‌ രോഗികളും ഉൾപ്പെടുന്നു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 25 ലക്ഷം രൂപയുടെ സഹായ പ്രവൃത്തികൾ, 26 വീടുകളുടെ പുനർ നിർമാണം അടക്കം കഴിഞ്ഞ വർഷം കേരളത്തിൽ നടപ്പാക്കുകയുണ്ടായി.

സാന്ത്വനം പ്രസിദ്ധീകരിക്കുന്ന വാർഷിക സുവനീറിലേക്ക് ലഭിക്കുന്ന പരസ്യങ്ങൾ വഴി കണ്ടെത്തുന്ന അധിക വരുമാനമാണ് കുവൈറ്റിലെ സഹായങ്ങൾക്ക് വിനിയോഗിക്കുന്നത്.

എല്ലാ വർഷവും നടപ്പാക്കി വരുന്ന പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി കാൻസർ രോഗികൾക്കായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ട്രിഡ വിശ്രം സങ്കേത്‌, കൊല്ലം കാൻസർ കെയർ സെന്റർ, വയനാട്ടിലെ ശാന്തി ഡയാലിസിസ് സെന്റർ, വിവിധ പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവയ്ക്കുള്ള സഹായങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

സാന്ത്വനത്തിന്റെ വാർഷിക പൊതുയോഗത്തിലേക്ക് എല്ലാ പ്രവാസി മലയാളികളുടെയും സജീവ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതോടൊപ്പം നിർദ്ധന രോഗികൾക്ക് വേണ്ടി സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഭാഗഭാക്കാകുവാനും സാന്ത്വനം പ്രവർത്തകർ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
66961480 (ജ്യോതിദാസ് ), 66751773 (അനിൽ കുമാർ), 66290745 (സുനിൽ ചന്ദ്രൻ)
എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *