സൗദി -കാനഡ പ്രശ്നം മുറുകുന്നു…യുഎഇയുടെ സഹായം തേടി കാനഡ

റിയാദ്:സൗദി അറേബ്യ ജയിലില്‍ അടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കാനഡ ട്വീറ്റിനെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. വിഷയത്തില്‍ പക്ഷം ചേരില്ലെന്ന് യു എസ് വ്യക്തമാക്കി. പ്രശ്നത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹീതെര്‍ നോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയും കാനഡയും അമേരിക്കയുടെ സൗഹൃദ പങ്കാളികളാണ്. നയതന്ത്രപരമായി തന്നെ അവര്‍ ഈ പ്രശ്നം പരിഹരിക്കുന്നതാണ് നല്ലത്. വ്യക്തിഗത സ്വാതന്ത്ര്യത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയും ഒരു പോലെ ബഹുമാനിക്കുന്ന സമീപനമാണ് യുഎസിന്റേതെന്ന് ഹീതെര്‍ നോര്‍ട്ട് പറഞ്ഞു.

അതേ സമയം കാനഡ വിവിധ രാജ്യങ്ങളോട് പ്രശ്നവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. റോയിട്ടേഴ്സില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാനഡ യുകെയെയും യുഎഇയെയും സമീപിച്ചിട്ടുണ്ട്. അതേ സമയം വിഷയത്തില്‍ സൗദി അറേബ്യക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതായി യുഎഇ വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് സൗദി അറേബ്യ കാനഡയ്ക്കെതിരെ കടുത്ത നടപടികള്‍ എടുക്കാന്‍ ആരംഭിച്ചത്. കാനഡയുമായുള്ള നയതന്ത്ര വ്യാപാരബന്ധം വിച്ഛേദിച്ച അവര്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാനും കാനഡയുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവക്കാനും ഉത്തരവിട്ടു.

കാനഡയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുമെന്നും സൗദി രാജഭരണകൂടം ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട് കാനഡയില്‍ സൗദി സ്‌ക്കോളര്‍ഷിപ്പോടുകൂടി പഠിക്കുന്ന 20,000 വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും തിരിച്ചുവിളിക്കുകയും യു.എസ്, യു.കെ എന്നീ രാജ്യങ്ങളില്‍ തുടര്‍വിദ്യാഭ്യസത്തിന് സൗകര്യമുണ്ടാക്കുമെന്ന് അറിയിക്കുകയുമായിരുന്നു. കാനഡയിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സും അറിയിച്ചിരുന്നു. അറസ്റ്റ് ചെയ്ത് ജയിലലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരേയും വനിതാ ആക്ടിവിസ്റ്റായ സമര്‍ ബാദ്വിവിയേയും ഉടന്‍ വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടതാണ് സൗദി ഭരണകൂടത്തെ ചൊടിപ്പിച്ചത്. കാനഡയുടെ നടപടി നിന്ദ്യവും ദൗര്‍ഭാഗ്യകരവുമാണെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *