മലയാളിയുടെ വലതുകൈ മുറിച്ചുമാറ്റില്ല…പകരം നാല് വര്‍ഷം തടവും 400 അടിയും; ആലപ്പുഴ സ്വദേശി കുടുങ്ങിയതിങ്ങനെ

അബഹ: മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് ഒന്‍പത് മാസമായി ജയിലില്‍ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച്‌ മാറ്റാനുള്ള മുന്‍ കോടതി വിധി റദ്ദാക്കി.സൗദിഅറേബ്യയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് ഏപ്രില്‍ മാസം മലയാളി യൂവാവിന്റെ വലത് കൈപ്പത്തി മുറിച്ച്‌ മാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

ഇതിനെതിരെ യുവാവ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെയും ജിദ്ദ കോണ്‌സുലേറ്റിന്റെയും സഹായത്തോടെ അപ്പീല്‍ നല്‍കിയത്. അബഹയിലെ മൂന്നംഗ അപ്പീല്‍ കോടതി കേസ് പഠിക്കുകയും, കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി പകരം നാലുവര്‍ഷം തടവും 400 അടിയും വിധിക്കുകയും ആയിരുന്നു.

ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയായിരുന്നു കോടതി വിധി വന്നത്. അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റെസ്റ്റോറന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലായത്.

നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുളിമുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരിഅത്ത്‌ നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിക്കുകയായിരുന്നു.

സ്‌പോണ്‍സറുമായി സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച്‌ വരാതിരുന്നപ്പോള്‍ സ്‌പോണ്‍സര്‍ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു.

കടുത്ത സാമ്ബത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയാണ് സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞിരുന്നു.

വലത് കൈപ്പത്തി മുറിച്ച്‌ മാറ്റാന്‍ വന്ന കോടതി വിധിയില്‍ ആകെ തകര്‍ന്നിരിക്കുകയായിരുന്നു ഇയാളുടെ നാട്ടിലുള്ള കുടുംബം. കൈ മുറിക്കാനുള്ള വിധി എങ്ങിനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച്‌ നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ നേതൃത്വത്തെ സമീപിച്ചിരുന്നു.

അത് പ്രകാരം സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്ബറും സി സി ഡബ്ല്യൂ എ മെമ്ബറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനല്‍ കോടതില്‍ പോയി ജഡ്ജിയുടെ ചേമ്ബറില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈ പറ്റി. റമദാന്‍ പതിനേഴിനകം അപ്പീലിന് പോകാന്‍ കോടതി ഇതില്‍ അനുവാദം നല്‍കുന്നതായി കണ്ടെത്തിയിരുന്നു. നിയമ വിദഗ്ദരുമായും സൗദി അഡ്വക്കേറ്റുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തി അപ്പീല്‍ തയ്യാറാക്കി ജിദ്ദ കോണ്‍സുലേറ്റിനെ അറിയിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദയിലെ കോണ്‍സുല്‍ വെല്‍ഫയര്‍ ഡോക്ടര്‍ മുഹമ്മദ് അലീമും മറ്റൊരു ഉദ്യോഗസ്ഥനായ ഫൈസലും അടിയന്തിരമായി അബഹയില്‍ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലില്‍ പോയി യുവാവിനെ സന്ദര്‍ശിക്കുകയും ജയില്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പിന്നീട് ഖമീസ് മുശൈതിലെ ക്രിമിനല്‍ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേമ്ബറില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. അബഹ അസിസ്റ്റന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച്‌ കോണ്‍സുലര്‍ സംഘം നിവേദനം നല്‍കുകയും ചെയ്തിരുന്നു. അപ്പീലുമായി മുന്നോട്ട് പോകുന്ന സോഷ്യല്‍ ഫോറത്തിനും യുവാവിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായവും ജിദ്ദ കോണ്‍സുലേറ്റ് നല്‍കി.

മകന്റെ കൈ മുറിച്ചുമാറ്റാനുള്ള വിധി റദ്ദായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനും മകന്റെ സുഹൃത്തുക്കള്‍ക്കും യുവാവിന്റെ മാതാവ് തന്റെ നന്ദിയും കടപ്പാടും പ്രാര്‍ത്ഥനയും ഉണ്ടാകുമെന്ന് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *