കോണ്‍സുലേറ്റില്‍ കടന്നയുടന്‍ ഖഷോഗിയുടെ കഴുത്ത് ഞെരിച്ചു, വെട്ടി തുണ്ടം തുണ്ടമാക്കി…സൗദിയുടെ ക്രൂരതയുടെ മുഖം പുറത്താകുന്നു; ഇത് വരെ പറഞ്ഞതെല്ലാം നാടകത്തെ തോല്‍പ്പിക്കുന്ന തിരക്കഥകളോ?

ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനകത്തേയ്ക്ക് കയറിയ ഉടന്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ ശ്വാസം മുട്ടിച്ച് കഴുത്ത് ഞെരിച്ച ശേഷം വെട്ടി തുണ്ടം തുണ്ടമാക്കിയിരുന്നതായി തുര്‍ക്കി പ്രോസിക്യൂട്ടര്‍. ഇതാദ്യമായാണ് ഇത്തരത്തില്‍ കൊലപാതകത്തിന്റെ വിശദ വിവരങ്ങള്‍ തുര്‍ക്കി പുറത്തുവിടുന്നത്. വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്നും തുര്‍ക്കി പ്രോസിക്യൂട്ടര്‍ പറയുന്നു. സൗദി അറേബ്യന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഇസ്താംബുള്‍ വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തുര്‍ക്കിയുടെ നടപടിയെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ വിവരം പുറത്തുവിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്ന് ഇസ്താംബുള്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ ഫിദാന്റെ ഓഫീസ് പറയുന്നു.

സൗദി അധികൃതര്‍ക്ക് താല്‍പര്യം ഞങ്ങളുടെ കയ്യില്‍ എന്തൊക്കെ തെളിവുകളുണ്ട്, എന്തൊക്കെ കണ്ടുപിടിച്ചിട്ടുണ്ട് എന്നറിയാനാണ്. അവര്‍ക്ക് ഈ കേസ് അന്വേഷണത്തില്‍ വലിയ താല്‍പര്യമുള്ളതായോ അന്വേഷണത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്നതായോ തോന്നുന്നില്ല – തുര്‍ക്കി ഉദ്യോഗസ്ഥന്‍ എ എഫ് പിയോട് പറഞ്ഞു. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്നും ആരാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്നും സൗദി വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കാളികളായ പ്രദേശവാസികളെക്കുറിച്ചും വിവരം നല്‍കണമെന്നും എര്‍ദോഗന്‍ ആവശ്യപ്പെട്ടു. അതേസമയം സൗദി പ്രോസിക്യൂട്ടര്‍ തുര്‍ക്കി സംഘത്തെ തെളിവുകളുമായി റിയാദിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

അന്താരാഷ്ട്രസമൂഹത്തില്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട് സൗദിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാകുകയാണ്. സൗദിയുടെ നടപടികള്‍ തൃപ്തികരമല്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യീവ്സ് ലെ ഡ്രിയാന്‍ പറഞ്ഞു. കൊലപാതകം അന്വേഷിക്കുകയാണെന്ന വ്യാജേന സൗദി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനും വിഷയം വഴി തിരിച്ചുവിടാനും ശ്രമിക്കുകയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി. സൗദി വിശ്വസനീയമായ അന്വേഷണം നടത്തുന്നുവെന്ന മട്ടില്‍ ഈ കളിയില്‍ പങ്കാളിയാവുകയാണ് യുഎസിലെ ട്രംപ് ഗവണ്‍മെന്റ്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പ്രധാനപ്പെട്ടയാള്‍ സൗദിയുടെ സ്വേച്ഛാധികാരി ആണെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് വ്യക്തമായാല്‍ യുഎസ് കോണ്‍ഗ്രസ് ഉപരോധം ഏര്‍പ്പെടുത്തണം. സൗദിയുമായുള്ള യുഎസിന്റെ ബന്ധത്തില്‍ പുനര്‍വിചിന്തനം വേണമെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് ആവശ്യപ്പെടുന്നു.

വിവാഹവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള രേഖകള്‍ക്കായി ഒക്ടോബര്‍ രണ്ടിന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയെ ജമാല്‍ ഖഷോഗിയെ കാണാതാവുകയായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനായിരുന്നു വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ കോളമിസ്റ്റ് ആയിരുന്ന ഖഷോഗി. ഖഷോഗി കോണ്‍സുലേറ്റ് വിട്ടു, സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അക്രമത്തില്‍ മരിച്ചു എന്നതടക്കം പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി ഇതുവരെ പറഞ്ഞുകൊണ്ടിരിക്കുന്നത്. സല്‍മാന്‍ രാജകുമാരന്റെ സെക്യൂരിറ്റി സ്റ്റാഫില്‍ പെട്ടവരടക്കം അഞ്ച് ഉന്നത മിലിട്ടറി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പുറത്താക്കുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *