നിയന്ത്രണങ്ങളും നിയമങ്ങളും വലിച്ചെറിയപ്പെടുന്നു…വിശുദ്ധ ഭൂമിയില്‍ വിരിയുന്നത് മുല്ലപ്പൂ വിപ്ലവമോ?…

റിയാദ്; ലോകം ഇന്ന് സൗദിയുടെ പ്രഖ്യാപനങ്ങള്‍ക്ക് കതോര്‍ക്കുകയാണ്. എല്ലാ മേഖകകളിലും ലോകത്തെ ഞെട്ടുച്ചു കൊണ്ടുള്ള ചില തീരുമാനങ്ങളാണ് അടുത്തിടെ സൗദി കൈക്കൊള്ളുന്നത്. അതില്‍ പ്രധാനം സ്ത്രീകള്‍ക്ക് സൗദി സര്‍ക്കാര്‍ നല്‍കുന്ന പുതിയ പരിഗണനയാണ്. ഭരണത്തിലും സൈന്യത്തിലും ശ്രദ്ധേയമായ അഴിച്ചുപണികള്‍ നടത്തി സൗദി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവുകളില്‍ ഏറ്റവും ശ്രദ്ധേയം മന്ത്രിസഭയില്‍ ഉണ്ടാക്കിയ വനിതാ പ്രാതിനിധ്യമാണ്. സ്ത്രീ ശാക്തീകരണം സുപ്രധാന അജണ്ടയായി മാറിയ പുതിയ സൗദി അറേബ്യയില്‍ ഉന്നത സ്ഥാനങ്ങളിലേയ്ക്ക് മൂന്നു മഹിളകളെയാണു സല്‍മാന്‍ രാജാവ് കൈപിടിച്ചുയര്‍ത്തിയത്. മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു കൊണ്ടു തന്നെ സൗദി അറേബ്യയെ പരിഷ്‌കരിക്കാനായി വിഭാവന ചെയ്ത വിഷന്‍ 2030 ന്റെയും ദേശീയ പരിവര്‍ത്തന പദ്ധ്വതി 2020 ന്റെയും പദ്ധ്തികളില്‍ സുപ്രധാനമാണ് സ്ത്രീ ശാക്തീകരണം.

Loading...

പുതിയ ഭരണതല നിയമനങ്ങളില്‍ ഏറെ ശ്രദ്ധേയമായത് വനിതാ ഡെപ്യൂട്ടി മന്ത്രിയുടെ നിയമനമാണ്. മൂന്നു വനിതകള്‍ക്കാണു മികച്ച സ്ഥാനം ലഭിച്ചത്.ഡോ. തമാളിര്‍ ബിന്‍ത് യൂസുഫ് അല്‍റിമാഹ് ആണ് ഭരണ ദൗത്യത്തില്‍ നിയമിതയായവരില്‍ പ്രധാനി. തൊഴില്‍, സാമൂഹിക വികസന സഹമന്ത്രിയായാണ് ഡോ. തമാളിര്‍ അല്‍റുമാഹിന്റെ നിയമനം പൊതുരംഗത്ത് സൗദി വനിതകള്‍ കൈവരിക്കുന്ന മുന്നേറ്റത്തിലെ മറ്റൊരു വിപ്ലവകരമായ അധ്യായമാണ്. 2007 ല്‍ ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നു റേഡിയോളജി ആന്‍ഡ് മെഡിക്കല്‍ എഞ്ചിനീയറിങ് ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ തമാളിര്‍ തൊഴില്‍ – സാമൂഹ്യ വികസന മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായി സേവനം ചെയ്യുകയായിരുന്നു.

സൗദിവല്‍ക്കരണ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറിയായി ഡോ. തമാളിറിനെ നാലുമാസത്തേക്കു നിയമിച്ചിരുന്നു. മന്ത്രാലയത്തിനു കീഴിലെ സാമൂഹിക പരിചരണ, കുടുംബ ഏജന്‍സി സൂപ്പര്‍വൈസര്‍ ജനറല്‍ പദവിയും അവര്‍ വഹിച്ചിരുന്നു. 2016ല്‍ യുഎന്‍ മനുഷ്യാവകാശ കമ്മിഷനിലെ സൗദിയുടെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ അസോഷ്യേറ്റ് സയന്റിസ്റ്റും കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ റേഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായിരുന്നു.

കിങ് സഊദ് യൂണിവേഴ്സിറ്റി വിമന്‍സ് അപ്ലൈഡ് മെഡിക്കല്‍ സയന്‍സസ് കോളേജ് സ്റ്റുഡന്റ്സ് ആക്ടിവിറ്റി മേധാവിയായും റിയാദ് സഹാറ സ്തനാര്‍ബുദ സൊസൈറ്റി അംഗമായും അപ്ലൈഡ് മെഡിക്കല്‍ സയന്‍സസ് കോളേജ് പാഠ്യപദ്ധതി പുനഃപരിശോധനാ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിച്ചിട്ടുള്ള ഡോ. തമാളിര്‍ ദീര്‍ഘകാലത്തെ അധ്യായന പരിചയവുമുള്ള വ്യക്തിയുമാണ്. മികച്ച സംഘാടക കൂടിയായ ഡോ . തമാളിര്‍ ബ്രിട്ടനില്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാര്‍ഥിനികള്‍ക്കുള്ള കണ്‍സള്‍ട്ടന്റ്, ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ നടന്ന സൗദി ഫെസ്റ്റിവല്‍ സംഘാടക, സ്‌കോട്ടിലാന്റില്‍ അരങ്ങേറിയ സൗദി എക്സിബിഷനിലെ സൗദി പ്രതിനിധി, മാഞ്ചസ്റ്റര്‍ യൂനിവേഴ്സിറ്റിയിലെ സൗദി ദിന പരിപാടിയിലെ പ്രതിനിധി തുടങ്ങിയ ചുമതലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു.

ഡോ. ഗാദാ ബിന്‍ത് ഗുനൈമ് അല്‍ഗുനയിം, പ്രൊഫസര്‍ കൗസര്‍ ബിന്‍ത് മൂസാ അല്‍അര്‍ബിഷ് എന്നിവരാണ് ഭരണശ്രേണിയില്‍ സേവനത്തിനു അവസരം ലഭിച്ച മറ്റു രണ്ടു വനിതകള്‍. സൗദി സ്ഥാപകനായ അബ്ദുല്‍ അസീസ് ആലുസഊദ് രാജാവിന്റെ നാമഥേയത്തിലുള്ള നേഷനല്‍ ഡയലോഗ് സെന്റര്‍ ട്രസ്‌റ് ബോര്‍ഡ് അംഗങ്ങളായാണ് ഇരുവര്‍ക്കും നിയമനം. ഡോ. ഗാദാ അമേരിക്കയിലെ നോവ സര്‍വകലാശാലയില്‍ നിന്ന് തര്‍ക്കം: അവലോകനവും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം എടുത്തിട്ടുണ്ട്. പബ്ലിക് എഡ്യൂക്കേഷന്‍ അസ്സസ്സ്‌മെന്റ് അതോറിറ്റിയിലെ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനവും അലങ്കരിച്ചിരുന്നു. കിങ് ഫൈസല്‍ സര്‍വകലാശാലയില്‍ നിന്നു ബിസിനസ് മാനേജ്മെന്റില്‍ ബിരുദം നേടിയ പ്ര. കൗസര്‍ സൗദി പാര്‌ലമെന്റ് ആയ ശൂറാ കൗണ്‍സില്‍ അംഗമായിരുന്നു.

തൊഴില്‍ രംഗത്തു സൗദിവല്‍ക്കരണത്തോടൊപ്പം വനിതാവല്‍ക്കരണവും കൊണ്ടുപിടിച്ചു നടപ്പിലാക്കുകയാണ്. ചിലയിടങ്ങളില്‍ തൊഴില്‍ സ്ത്രീകള്‍ക്ക് മാത്രവുമാണ്. 2020ആകുമ്പോഴേക്ക് രാജ്യത്തെ തൊഴില്‍ ശക്തിയില്‍ വനിതാ അനുപാതം 28 ശതമാനമായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സൗദി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്ന പശ്ചാത്തലത്തിലാണ് തൊഴില്‍ മന്ത്രാലയത്തില്‍ തന്നെ ഒരു വനിതയെ സഹമന്ത്രിയായി അവരോധിച്ചിരിക്കുന്നത്.

അടുത്ത ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഡ്രൈവിങ് അനുമതി, പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും മൈതാനങ്ങളിലേയ്ക്ക് നല്‍കിയ പ്രവേശനാനുമതി, പുരുഷ രക്ഷിതാവിന്റെ അനുവാദമില്ലാതെ തന്നെ സ്ത്രീകള്‍ക്ക് ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ നല്‍കിയ അനുമതി, പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തില്‍ അന്വേഷണ തസ്തികകളില്‍ സ്ത്രീകള്‍ക്ക് നല്‍കിയ അവസരം, വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് സേവനങ്ങള്‍ക്ക് സ്ത്രീകള്‍ക്കും അവസരം നല്‍കിയത്, സ്ത്രീകള്‍ക്കുള്ള ജിം ക്ലബ്ബുകള്‍, സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്കും കായിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തിയത്, ഏറ്റവുമൊടുവില്‍ സൈനിക സേവനങ്ങള്‍ക്കും സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. പരിവര്‍ത്തനങ്ങളുടെ മുല്ലപ്പൂ കൂടുകയാണ് സൗദി സ്ത്രീകള്‍.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *