കർശന നിയന്ത്രണങ്ങളോടെ യുഎഇയിലെ സ്കൂളുകൾ വീണ്ടും തുറന്നു

അബുദാബി : നീണ്ട ഇടവേളയ്ക്കുശേഷം യുഎഇയിലെ സ്കൂളുകൾ തുറന്നു പ്രവർത്തനമാരംഭിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വിദ്യാർഥികൾ സ്കൂളിൽ നേരിട്ട് പഠിക്കാൻ എത്തിയതായി വിവിധ സ്കൂൾ അധികൃതർ അറിയിച്ചു.

സ്കൂളിലെത്തി കൂട്ടുകാരികളെ കണ്ട ആവേശമായിരുന്നു വിദ്യാർഥികൾക്ക്.

മാസ്കിട്ടും അകലം പാലിച്ചുമാണ് ഇരുന്നതെങ്കിലും സഹപാഠികളെ നേരിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം കുട്ടികൾ മറച്ചുവച്ചില്ല.

സാനിറ്റൈസറിൽ കൈകൾ ശുചിയാക്കി തെർമൽ സ്കാനർ പരിശോധന കഴിഞ്ഞ് അകലം പാലിച്ച് ഓരോ കുട്ടികളെയും ക്ലാസിലേക്ക് ആനയിക്കുകയായിരുന്നു.

നിശ്ചിത ഇരിപ്പിടത്തിൽനിന്ന് മാറരുതെന്നും പഠനോപകരണങ്ങളും ഭക്ഷണ, പാനീയങ്ങളും കൈമാറരുതെന്നും നിർദേശിച്ചിരുന്നു.

ഇടവേളയിൽ കൂട്ടുകൂടാനോ കളിക്കാനോ സാധിച്ചില്ലെങ്കിലും സുഹൃത്തുക്കളെ കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് അഞ്ചാം ക്ലാസുകാരി ആൻഡ്രിയ അനീഷ് പറഞ്ഞു.

സുരക്ഷയുടെ ഭാഗമായുള്ള കോവിഡ് നിയന്ത്രണങ്ങളോട് പൊരുത്തപ്പെട്ടതിനാൽ കടുത്ത നിർദേശങ്ങൾ പ്രയാസമുണ്ടാക്കിയില്ലെന്ന് പാർവതി ശ്രീകുമാർ പറഞ്ഞു.

അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ സ്കൂളുകളാണ് ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചത്.

ദുബായ് എമിറേറ്റിലെ സ്കൂളുകൾ മാത്രം കഴിഞ്ഞ ആഴ്ച തുറന്നിരുന്നു.

ഒരു വർഷത്തോളം വീട്ടിലിരുന്ന് മടുത്ത വിദ്യാർഥികളിൽ പലരും സ്കൂളിൽ നേരിട്ടെത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കോവിഡ് ഭീതിയിൽ രക്ഷിതാക്കൾ ഇ–ലേണിങ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇ–ലേണിങ് പഠനത്തിൽ തൃപ്തരല്ലാത്ത രക്ഷിതാക്കളും സുരക്ഷയോർത്ത് മക്കളെ സ്കൂളിലേക്കു വിടാത്തവരുണ്ട്.

ഷാർജയിൽ കഴിഞ്ഞ വർഷം മുഴുവനും ഇ–ലേണിങായിരുന്നു.

ഇത്തവണ വിവിധ ഗ്രേഡുകളിലെ കുട്ടികളെ ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിൽ എത്തിക്കുകയായിരുന്നു.

കെജി ക്ലാസിലെയും ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന 9, 10, 11, 12 ക്ലാസുകളിലെ കുട്ടികളുമാണ് കൂടുതലായി എഫ്ടിഎഫിനു എത്തിയത്.

12 വയസ്സിനുമുകളിലുള്ള വിദ്യാർഥികൾക്ക് 2 ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നിർബന്ധമാണ്.

ചില സ്കൂളുകളിൽ ഇന്നലെ പിസിആർ ടെസ്റ്റ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

അധ്യാപകരിൽ 95% പേരും 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികളിൽ ഭൂരിഭാഗംപേരും കോവിഡ് വാക്സീൻ എടുത്തവരാണ്.

ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ ഉയർന്ന ക്ലാസുകളിൽ 60 കുട്ടികളാണ് ഇന്ന് എത്തിയത്.

വരും ദിവസങ്ങളിൽ കൂടുതൽ പേർ വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ ഷാജഹാൻ അറിയിച്ചു.

കെജി, പ്രൈമറി ക്ലാസുകളിലെ എഫ്ടിഎഫ് ക്ലാസുകൾ 2 ദിവസത്തിനകം ആരംഭിക്കുമെന്നും പറഞ്ഞു.

ഇന്ത്യ, പാക്കിസ്ഥാൻ സിലബസ് പിന്തുടരുന്ന സ്കുളുകൾ പുതിയ അധ്യയന വർഷത്തിലേക്കു കടന്നപ്പോൾ പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ മുന്നാംപാദ പഠനം തുടങ്ങുകയായിരുന്നു.

കോവിഡിനെ തുടർന്ന് 2020 മാർച്ചിൽ സ്കൂൾ അടച്ചെങ്കിലും പിന്നീട് ഇ–ലേണിങിലൂടെ പഠനം തുടർന്നിരുന്നു.

ഓഗസ്റ്റ് മുതൽ ചില സ്കൂളിൽ നേരിട്ടെത്തി പഠിക്കാൻ അവസരം നൽയിയെങ്കിലും കോവിഡ് ഭീതിയിൽ 5% താഴെ കുട്ടികൾ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *