കടൽജന്തുക്കളെ സംരക്ഷിക്കാന്‍ സീബിൻ പദ്ധതി തുടങ്ങി

ദോഹ  :   മുൻനിര പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ് ഡവലപ്മെന്റ് കമ്പനി(യുഡിസി) ഖത്തറിൽ ഇതാദ്യമായി കടൽജന്തുക്കളെ സംരക്ഷിക്കുന്നതിന് സീബിൻ പദ്ധതി തുടങ്ങി.

കടൽ മലിനീകരണം തടയാനും ദ് പേൾ ഖത്തറിലെ കടൽ ജീവികളെ സംരക്ഷിക്കാനും ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.

പരിസ്ഥിതി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും യുഡിസിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോർടോ അറേബ്യ മറീനയിൽ പത്തു വ്യത്യസ്ത മേഖലകളിൽ സീബിൻ സ്ഥാപിച്ചു.

നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സീബിൻ പദ്ധതിയിൽ ജലോപരിതലത്തിൽ പൊന്തിക്കിടക്കുന്ന മാലിന്യങ്ങൾ വലിച്ചെടുക്കാൻ ശേഷിയുള്ള മാലിന്യസംഭരണികളാണുള്ളത്.

മാലിന്യം സംസ്കരിച്ചെടുത്ത് നിർമിച്ചിരിക്കുന്ന സീബിനിലെ സംഭരണ ബാഗുകൾക്ക് 20 കിലോ മാലിന്യം ശേഖരിച്ചുവയ്ക്കാൻ ശേഷിയുണ്ട്.

ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന സീബിനിന് പ്രതിദിനം രണ്ടുദശലക്ഷം ലീറ്റർ ജലം അരിച്ച് അതിൽ നിന്ന് നാലുകിലോയോളം മാലിന്യങ്ങൾ വേർതിരിക്കാൻ ശേഷിയുണ്ട്.

പ്രതിവർഷം 1.4 ടൺ മാലിന്യം ഇങ്ങനെ ശേഖരിക്കാം.

90000 പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ, 11900 പ്ലാസ്റ്റിക് കുപ്പികൾ, 50000 കുപ്പികൾ, 357000 ഡിസ്പോസബിൾ കപ്പുകൾ, 117600 പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ ഒരു വർഷം കൊണ്ട് ശേഖരിക്കാൻ സീബിനിന് സാധിക്കും.

ഇങ്ങനെ സീബിൻ ശേഖരിച്ച മാലിന്യങ്ങൾ പുനഃസംസ്കരിച്ച് ഉപയോഗിക്കും.

ഇങ്ങനെ ദ് പേൾ ഖത്തറിൽ ഉൽപാദിപ്പിക്കപ്പെടുന്ന 22% മാലിന്യങ്ങളും സംസ്കരിച്ച് പുനരുപയോഗിക്കാൻ സാധിക്കും.

പത്തു സീബിനുകൾ സ്ഥാപിച്ചതും വഴി പ്രതിവർഷം 15 ടൺ മൈക്രോ പ്ലാസ്റ്റിക്കുകൾ, കടൽമാലിന്യങ്ങൾ, എണ്ണ, ഇന്ധനം, പ്ലാസ്റ്റിക് നാരുകൾ തുടങ്ങിയവയെല്ലാം സംസ്കരിച്ചെടുക്കാൻ സാധിക്കും.

2.3 ബില്യൻ ലീറ്റർ ജലം ഇങ്ങനെ അരിച്ചെടുക്കാൻ ഇതിലൂടെ കഴിയും.

പോർട് അറേബ്യ, ഖനത് ഖ്വാർടിയർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് 30 സീബിനുകൾ സ്ഥാപിക്കാൻ യുഡിസി ഉദ്ദേശിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *