കുവൈത്ത് സിറ്റി : ആഘോഷങ്ങളുടെ മറവിൽ നിയന്ത്രണം മറന്നാൽ കടുത്ത ശിക്ഷയെന്ന് ആഭ്യന്തരമന്ത്രാലയം.
ദേശീയ,വിമോചന ദിനാഘോഷങ്ങൾ സമാഗതമായിരിക്കെയാണ് മുന്നറിയിപ്പ്. വ്യാപാരസ്ഥാപനങ്ങൾ രാവിലെ 8മുതൽ വൈകിട്ട് 5 വരെ എന്ന നിബന്ധന നിർബന്ധമായും പാലിച്ചിരിക്കണം.
വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തടവും പിഴയും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയത്തിലെ മാധ്യമവിഭാഗം ഡയറക്ടർ ബ്രിഗേഡിയ തൌഹീദ് അൽ കന്ദരി അറിയിച്ചു.
വഴിയോരങ്ങളിലും മറ്റും പടക്കങ്ങൾ വിൽക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ആഘോഷങ്ങളിൽ പടക്കങ്ങൾ പാടില്ലെന്നുണ്ട്. നിയമം ലംഘിക്കുന്ന കച്ചവടക്കാർക്കെതിരെ നടപടിസ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ആഭ്യന്തരമന്ത്രാലയത്തിൻറെ പിന്തുണയുണ്ടാകും.
നിയമവിരുദ്ധപ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിൻറെ എമർജൻസി നമ്പറിൽ (112) അറിയിക്കണമെന്നും നിർദേശമുണ്ട്. ആഘോഷത്തിന്റെ പേരിൽ കൂട്ടംകൂടുന്നതും നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.