യാത്ര വിളക്കുകള്‍ നീക്കി ഷാര്‍ജ; വിസ കൈവശമുള്ള പ്രവാസികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ എമിറേറ്റില്‍ പ്രവേശിക്കാം

ഷാര്‍ജ : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്ര വിലക്കുകള്‍ നീക്കി ഷാര്‍ജ.

സാധുതയുള്ള വിസ കൈവശമുള്ള പ്രവാസികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ എമിറേറ്റില്‍ പ്രവേശിക്കാം. സന്ദര്‍ശക വിസയിലും പ്രവേശനാനുമതി ലഭിക്കും.

നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് ഷാര്‍ജ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.

ഷാര്‍ജയിലേക്ക് വരികയും പോവുകയും ചെയ്യുന്ന എല്ലാ സന്ദര്‍ശകരും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കില്‍ പരിശോധനകളുടെയും ചികിത്സയുടെയും ചെലവ് വഹിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യുകയോ എവിടെ നിന്ന് വേണമെങ്കിലും തിരിച്ചുവരികയോ ചെയ്യാം.

പോകുന്ന രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിക്കണമെന്നും പ്രവാസികളും സന്ദര്‍ശകരും ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ഷാര്‍ജയിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് ഹാജരാക്കണം. ഇതിന് പുറമെ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ഒരു തവണ കൂടി കൊവിഡ് പരിശോധനയ്ക്ക് വിധേയമാകുകയും വേണം.

പരിശോധനാഫലം വരുന്നതുവരെ അവരവരുടെ താമസ സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഫലം പോസിറ്റീവാണെങ്കില്‍ ആരോഗ്യ മന്ത്രാലയം നിശ്ചയിക്കുന്ന ക്വാറന്റീന്‍ കേന്ദ്രങ്ങളിലോ അല്ലെങ്കില്‍ സ്വന്തം താമസ സ്ഥലങ്ങളിലോ ക്വാറന്റീന്‍ കഴിയുകയും വേണം.

കൊവിഡ് പോസ്റ്റീവ് ആവുകയും 14 ദിവസത്തെ മെഡിക്കല്‍ ഐസൊലേഷനില്‍ കഴിയേണ്ടി വരികയും ചെയ്‍താല്‍ അതിനുള്ള ചെലവ് സ്വന്തമായോ അല്ലെങ്കില്‍ സ്‍പോണ്‍സറോ വഹിക്കണം.

ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമനടപടിക്ക് വിധേയരാകേണ്ടി വരും.

പ്രവാസികള്‍ക്കു പുറമേ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സന്ദര്‍ശകര്‍ക്കും ഷാര്‍ജയിലേക്ക് യാത്ര ചെയ്യാം. നാല് ദിവസത്തിനിടെയുള്ള കൊവിഡ് പരിശോധനാഫലം ഹാജരാക്കുന്നതിന് പുറമെ രാജ്യത്ത് എത്തുമ്പോള്‍ പി.സി.ആര്‍ പരിശോധനയ്ക്കും വിധേയമാകണം. ഫലം വരുന്നത് വരെ ഹോട്ടലുകളിലോ താമസ സ്ഥലങ്ങളിലോ ക്വാറന്റീനില്‍ കഴിയണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *