ഖത്തറിലെ തൊഴിലാളികള്‍ ഇനി ‘വേറെ ലെവലാണ്’…ആരോഗ്യനില അറിയാനുള്ള സ്മാര്‍ട്ട് ജാക്കറ്റും,കൂളിങ് സംവിധാനമുള്ള ഹെല്‍മറ്റും

ദോഹ; തൊഴിലാളിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ‘സ്മാര്‍ട് ജാക്കറ്റ്’ ഖത്തറില്‍ അവതരിപ്പിച്ചു. ഖത്തരി എന്‍ജിനീയര്‍ രൂപകല്‍പന ചെയ്ത സ്മാര്‍ട് ജാക്കറ്റ് ഭരണ വികസന, തൊഴില്‍, സാമൂഹികക്ഷേമ മന്ത്രി ഡോ. ഇസ്സാ ബിന്‍ സാജ് അല്‍ ജഫാലി അല്‍ നുഐമിയാണ് അവതരിപ്പിച്ചത്. തൊഴിലിട സുരക്ഷ, ആരോഗ്യ സമ്മേളനത്തിലായിരുന്നു ഇത്. കൂളിങ് സംവിധാനമുള്ള ഹെല്‍മറ്റും, വ്യക്തിയുടെ ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ചിപ്പും അടങ്ങിയതാണ് സ്മാര്‍ട് ജാക്കറ്റ്. വ്യക്തിക്കു സമ്മര്‍ദം കൂടുതലുണ്ടോ, ഹൃദയമിടിപ്പിലോ, ശ്വാസഗതിയിലോ വ്യത്യാസമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ഈ ചിപ്പ് മുന്നറിയിപ്പ് നല്‍കും. ഈ സന്ദേശങ്ങള്‍ കണ്‍ട്രോള്‍ റൂമിലാണ് ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാവും. തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ കണ്ടെത്തല്‍ ഖത്തറില്‍ നിന്നുണ്ടായതില്‍ ഡോ. അല്‍ നുഐമി അഭിമാനം പ്രകടിപ്പിച്ചു. പ്രമുഖ ചൈനീസ് കമ്പനിയുടെ സഹകരണത്തോടെ നിര്‍മിച്ച ജാക്കറ്റ് ഖത്തറില്‍ വില്‍പനയ്ക്കു തയാറായി കഴിഞ്ഞു.

Loading...

ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കും ഇതു ലഭ്യമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തൊഴില്‍ സംഘടന, പ്രാദേശിക സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് തൊഴിലിട സുരക്ഷആരോഗ്യ സമ്മേളനം. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണിത്. സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് തൊഴിലിട സുരക്ഷാ മേഖലയിലെ മുന്‍നിര കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വിവിധ മേഖലകളില്‍ തൊഴിലിട സുരക്ഷ ശക്തമാക്കുന്നതില്‍ ഏറെ മുന്നോട്ടു പോകാന്‍ ഖത്തറിനു കഴിഞ്ഞിട്ടുണ്ടെന്ന് അല്‍ നുഐമി പറഞ്ഞു. ഇതിനുവേണ്ടി ആവശ്യമായ നിയമ നിര്‍മാണമുള്‍പ്പെടെയുള്ളവ നടപ്പാക്കി.

ഇതുമൂലം അപകടങ്ങള്‍ കുറയുകയും തൊഴിലാളികള്‍ക്കു സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി മന്ത്രാലയം സ്ഥാപനങ്ങളില്‍ പരിശോധന നടത്താറുണ്ട്. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടി ബോധവല്‍ക്കരണ പരിപാടികളും പ്രചാരണങ്ങളും നടത്തുന്നുണ്ട്. തൊഴിലാളികള്‍ക്ക് ആവശ്യമായ താമസ സൗകര്യവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *