യു.എ.ഇ.യില്‍ ചൂട് കനക്കുന്നു; തൊഴിലാളികള്‍ക്ക് ശനിയാഴ്ച മുതല്‍ ഉച്ചവിശ്രമം

ദുബായ്: രാജ്യത്ത് ചൂട് കനക്കുകയാണ്. ഇത് കണക്കിലെടുത്ത് യു.എ.ഇ.യില്‍ പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മൂന്നുമാസത്തെ ഉച്ചവിശ്രമം പ്രഖ്യാപിച്ചു. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഉച്ചവിശ്രമം നല്‍കേണ്ടതെന്ന് മനുഷ്യവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതരത്തില്‍ പുറംജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് വിശ്രമം നല്‍കേണ്ടത്. കടുത്ത ചൂടില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചവിശ്രമം നല്‍കുന്നത്. ഈ കാലയളവില്‍ ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇതര ഗള്‍ഫ് രാജ്യങ്ങളിലും ഉച്ചവിശ്രമം പ്രഖ്യാപിച്ചുതുടങ്ങിയിട്ടുണ്ട്.

ഉച്ചവിശ്രമവേളകളില്‍ തൊഴിലാളികള്‍ക്ക് ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടവേളകളില്‍ വിശ്രമിക്കാന്‍ അനുയോജ്യമായ സൗകര്യം ഒരുക്കുന്നതിന് പുറമെ കുടിക്കാന്‍ തണുത്തവെള്ളം ലഭ്യമാക്കണം. ചൂടുകാലത്ത് രാവിലെയും വൈകീട്ടുമായി ജോലിസമയം പുനഃക്രമീകരിക്കാന്‍ അനുമതിയുണ്ടെങ്കിലും എട്ടു മണിക്കൂറില്‍ കൂടാന്‍ പാടില്ല. അധിക സമയം ജോലി എടുപ്പിക്കുന്നുണ്ടെങ്കില്‍ അധികവേതനം നല്‍കണം. സൂര്യാഘാതമടക്കം വേനല്‍ക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച്‌ തൊഴിലാളികളെ ബോധവത്കരിക്കുകയും വേണം.

നിയമം ലംഘിച്ച്‌ ജോലിചെയ്യിപ്പിക്കുന്ന കമ്ബനി ഉടമയ്ക്ക് കനത്തപിഴ ചുമത്തും. ആളൊന്നിന് 5000 ദിര്‍ഹംവീതം പരമാവധി 50,000 ദിര്‍ഹം വരെയായിരിക്കും പിഴ. കമ്ബനിയെ കുറഞ്ഞ ഗ്രേഡിലേക്ക് തരംതാഴ്ത്തും. കമ്ബനിയുടെ പ്രവര്‍ത്തനം താത്‌കാലികമായി തടയുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

യു.എ.ഇ.യില്‍ വരുംദിവസങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷാര്‍ജ, ഫുജൈറ എമിറെറ്റുകളില്‍ ബുധനാഴ്ച 43 ഡിഗ്രിയാണ് ചൂട്. അബുദാബിയില്‍ 41-ഉം ദുബായിയില്‍ 42-ഉം ഡിഗ്രി സെല്‍ഷ്യസാണ് താപനില. വരും ദിവസങ്ങളില്‍ ചൂട് വലിയരീതിയില്‍ കൂടുമെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മീറ്ററോളജിയുടെ മുന്നറിയിപ്പ് . രാവിലെയും വൈകീട്ടും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അംശം കൂടുകയും ചെയ്യും. വെയിലത്ത് കുട്ടികളെയുംകൊണ്ട് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഏറെനേരം വെയില്‍ കൊള്ളാന്‍ പാടില്ല. ആവശ്യത്തിനു വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *