ഹജ്ജ്: മക്കയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

റിയാദ്: ഹജ്ജ് സീസണ്‍ ആരംഭിച്ചതോടെ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രത്യേകം അനുമതി നേടിയ വിദേശികള്‍ക്കുമാത്രമാണ് പ്രവേശനം. അനധികൃതമായി ഹജ്ജ് നിര്‍വഹിക്കുന്നത് തടയുന്നതിനാണ് വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മക്ക പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വിതരണംചെയ്ത താമസാനുമതി രേഖയുള്ളവര്‍ക്കും ഹജ്ജ് അനുമതിപത്രം ഉള്ളവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

ഇതിനുപുറമേ ഹജ്ജ് വേളയില്‍ ജോലിചെയ്യുന്നതിന് അനുമതി ലഭിച്ച വിദേശികളെയും പ്രവേശിപ്പിക്കും. ഹജ്ജ് കഴിയുന്നതുവരെ വിദേശികളുടെ വാഹനങ്ങള്‍ക്കും നിയന്ത്രണമുള്ളതായി മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. ചെക് പോയന്റുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. ഇവരെ നാടുകടത്തുകയും ചെയ്യും. സുഗമമായി ഹജ്ജ് നിര്‍വഹിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും തീര്‍ഥാടകര്‍ക്ക് രജിസ്ട്രേഷനും അനുമതിപത്രവും ആവശ്യമാണ്. അനുമതിയോടെ മാത്രം ഹജ്ജ് നിര്‍വഹിക്കണമെന്നാവശ്യപ്പെടുന്ന പ്രചാരണവും ഹജ്ജ് മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

സൗദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്ട്രേഷന്‍നടപടി തുടരുകയാണെന്ന് ഹജ്ജ് സര്‍വീസ് കമ്പനി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 83,000 സീറ്റുകളാണ് അവശേഷിക്കുന്നത്. ജൂലായ് 14 വരെ 1.33 ലക്ഷം ആഭ്യന്തര തീര്‍ഥാടകര്‍ ഓണ്‍ലൈനില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. 83,000 സീറ്റുകളില്‍ രജിസ്ട്രേഷന്‍ നടപടി പുരോഗമിക്കുകയാണെന്നും ആഭ്യന്തര ഹജ്ജ് സര്‍വീസ് കമ്പനി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധി മുഹമ്മദ് സഅദ് അല്‍ ഖുറൈശി പറഞ്ഞു. അല്‍ മുയസ്സര്‍, ലോ ഫെയര്‍, ജനറല്‍ തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലായി 2.16 ലക്ഷം സീറ്റുകളിലാണ് ആഭ്യന്തരതീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരം ഒരുക്കിയിട്ടുള്ളത്.

ആഭ്യന്തര തീര്‍ഥാടകര്‍ ഓണ്‍ലൈനില്‍ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കണം. തീര്‍ഥാടകനെ തിരിച്ചറിയുന്നതിന് രജിസ്റ്റര്‍ചെയ്യുന്ന മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന പാസ്വേഡ് ഉപയോഗിച്ചാണ് നടപടി പൂര്‍ത്തിയാക്കേണ്ടത്. അതിനാല്‍ രജിസ്ട്രേഷന് ഒരുസ്ഥാപനത്തെയും ചുമതലപ്പെടുത്തിയിട്ടില്ല. തീര്‍ഥാടകന്‍ സ്വയം ചെയ്യണം. വ്യാജസ്ഥാപനങ്ങളുടെ പ്രലോഭനങ്ങളില്‍ തീര്‍ഥാടകര്‍ കുടുങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *