പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈത്തിന്റെ പുതിയ തീരുമാനം; പണമിടപാടിന് ഇനി നികുതി

കുവൈത്ത് സിറ്റി; വിദേശികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിര്‍ദേശത്തിനു പാര്‍ലമെന്റിന്റെ ധനകാര്യ-സാമ്പത്തിക സമിതിയുടെ അംഗീകാരം. നികുതി ചുമത്തുന്നതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം അംഗീകരിച്ചതെന്ന് സമിതി ചെയര്‍മാന്‍ സാലെ അല്‍ അഷൂര്‍ എംപി അറിയിച്ചു.

സമിതി അംഗീകരിച്ച നിര്‍ദേശപ്രകാരം 100 ദിനാറില്‍ താഴെയുള്ള ഇടപാടിന് ഒരുശതമാനമാകും നികുതി. 200ദിനാറില്‍ താഴെയുള്ള ഇടപാടിന് രണ്ടുശതമാനവും 300ദിനാറിനു താഴെ മുന്നുശതമാനവും 400 ദിനാറിനു താഴെ നാലുശതമാനവും നികുതി നല്‍കണം. 500 ദിനാറിനു മുകളിലുള്ള ഇടപാടിന് അഞ്ച് ശതമാനം നികുതിയാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സഫാ അല്‍ ഹാഷിം എംപിയാണ് വിദേശികളുടെ പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഈ നിര്‍ദേശം ധനകാര്യ-സാമ്പത്തിക സമിതിയുടെ പരിഗണനയ്ക്കായി വിട്ടതായിരുന്നു.

വ്യക്തമായ പഠനം അനിവാര്യമാണെന്ന അഭിപ്രായത്തില്‍ പലതവണ ചേര്‍ന്ന സമിതിയോഗം അന്തിമ വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ ചേര്‍ന്ന സമിതി യോഗത്തില്‍ നാലുപേര്‍ നിര്‍ദേശത്തെ അനുകൂലിച്ചും ഒരാള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നാണ് സമിതി ശുപാര്‍ശ. നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവക്കെതിരെ ശിക്ഷാനടപടികളും വ്യവസ്ഥ ചെയ്യുന്നുണ്ട്. അഞ്ചുവര്‍ഷത്തില്‍ കവിയാത്ത തടവും 10,000 ദിനാറില്‍ കവിയാത്ത പിഴയുമാണ് ശിക്ഷ. വിദേശികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിര്‍ദേശത്തിന് രാജ്യത്തു സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ഖജനാവിലേക്ക് 50-60 ദശലക്ഷം ദിനാര്‍ അധിക വരുമാനമുണ്ടാകുമെന്നതാണ് നികുതികൊണ്ടുള്ള മെച്ചമായി കണക്കാക്കുന്നത്.

എന്നാല്‍ മൊത്തം വരുമാനത്തിന്റെ വളരെ തുച്ഛമായ തുകയാണ് അത് എന്നതിനാല്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു വിഘനം വരുത്തുന്ന നടപടിയായി മാത്രമെ അതിനെ കാണാന്‍ കഴിയൂവെന്ന് പ്രതികരfച്ചവരുമുണ്ട്. രാജ്യത്തെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ ബാങ്കും വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തുന്നതിനോട് തത്വത്തില്‍ അനുകൂലമല്ല.

അതിനിടെ വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തുക മാത്രമല്ല മുനിസിപ്പല്‍ സേവനങ്ങള്‍ക്കും റോഡ് ഉപയോഗത്തിനും വിദേശികളില്‍നിന്ന് പ്രത്യേക ഫീസ് ഈടാക്കണമെന്നും സഫാ അല്‍ ഹാഷ്മി എംപി കഴിഞ്ഞദിവസം ആവശ്യപ്പെട്ടു. വിദേശികള്‍ അനുഭവിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മുഴുവന്‍ സേവനങ്ങള്‍ക്കും നികുതി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിദേശികളുടെ താമസസ്ഥലങ്ങളില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതു മുനിസിപ്പാലിറ്റിയാണ്. അതിനുള്‍പ്പെടെ നിശ്ചിത ഫീസ് ഏര്‍പ്പെടുത്തണമെന്നും അല്‍ ഹാഷ്മി എംപി നിര്‍ദേശിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *