സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം 1945 ആയി

റിയാദ് : കൊവിഡ് തുടങ്ങിയ ശേഷം സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം 1945 ആയി.

ബുധനാഴ്ച 362 പേർ കൂടി ഇന്ത്യയിലേക്ക് തിരിച്ചതോടെയാണ് അഞ്ചുമാസത്തിനിടെ നാടണഞ്ഞ തടവുകാരുടെ എണ്ണം ഉയർന്നതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

റിയാദിൽ നിന്ന് 211ഉം ജിദ്ദയിൽ നിന്ന് 151ഉം തടവുകാരെയും വഹിച്ചുള്ള സൗദി എയർലൈൻസ് വിമാനം വ്യാഴാഴ്ച ഡൽഹിയിലെത്തി.

വിവിധ സംസ്ഥാനക്കാരായ ഇവർ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കി സ്വന്തം വീടുകളിലേക്ക് തിരിക്കും. ഡൽഹി, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളാണ് ഇവർക്കായി ക്വാറന്റീനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയത്.

വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി നാടുകടത്താൻ ശിക്ഷിക്കപ്പെട്ട് സൗദി അറേബ്യയിലെ വിവിധ നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നതാണ് 1945 പേരും. മലയാളികളടക്കം എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്.

മറ്റിടങ്ങളിലെ തർഹീലുകളിൽ നിന്നുള്ളവരെ റിയാദിലെയും ജിദ്ദയിലെയും തർഹീലുകളിൽ എത്തിച്ച ശേഷമാണ് ഒരുമിച്ച് കയറ്റിവിടുന്നത്. രണ്ടിടത്തും കൂടി ഇനി വളരെ കുറച്ചുപേരെ അവശേഷിക്കുന്നുള്ളൂ എന്നും ഇന്ത്യൻ എംബസി അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവിസ് നിർത്തിവെച്ച സാഹചര്യത്തിൽ തടവുകാരുടെ തിരിച്ചയക്കൽ തടസപ്പെട്ടിരുന്നു.

ഇതോടെ റിയാദിലും ജിദ്ദയിലും തർഹീലുകളിൽ ഇന്ത്യൻ തടവുകാരുടെ എണ്ണം പെരുകി.

തുടർന്ന് ഇന്ത്യൻ എംബസി സൗദി കാര്യാലയങ്ങളുമായി ഇടപെട്ട് മെയ് മാസത്തിൽ 421 പേരെ റിയാദിൽ നിന്നും ഹൈദരാബാദിലേക്ക് കയറ്റി അയച്ചു.

അതിന് ശേഷം നീണ്ട ഇടവേളയുണ്ടായി. സെപ്തംബർ 23നാണ് വീണ്ടും കയറ്റി അയക്കൽ നടപടി തുടങ്ങിയത്. അന്ന് റിയാദിൽ നിന്ന് 231 പേർ ചെന്നൈയിലേക്കും 27ന് ജിദ്ദയിലെ തർഹീലിൽ നിന്ന് 351 പേർ ഡൽഹിയിലേക്കും പോയി.

ഒക്ടോബർ ആറിന് 580 പേരെ റിയാദിൽ നിന്ന് രണ്ട് വിമാനങ്ങളിലായി ഡൽഹിയിലേക്കും ലക്നൗവിലേക്കും കയറ്റിവിട്ടു. ഏറ്റവും ഒടുവിൽ ബുധനാഴ്ച 362 പേർ കൂടി പോയതോടെയാണ് ആകെ എണ്ണം 1945 ആയത്.

ജിദ്ദയിൽ നിന്നുള്ളവരെയും വഹിച്ചുള്ള വിമാനം റിയാദിലിറങ്ങി ഇവിടെ നിന്നുള്ളവരെയും കൂടി കയറ്റിയാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *