സൗദിക്ക് ഇനി കലികാലം…ഭീഷണിയുമായി ട്രംപ്; മാധ്യമപ്രവര്‍ത്തകനെ തീര്‍ത്തത് സല്‍മാന്‍ രാജകുമാരനോ

തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാന്‍ ഖഷോഗി കൊല്ലപ്പെട്ടതായി കരുതുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി വിമര്‍ശനകനായ ഖഷോഗി കൊല്ലപ്പെട്ടതായും കൊലപാതകത്തിന് ഉത്തരവാദികള്‍ സൗദി ഭരണകൂട നേതാക്കളാണെന്നും വ്യക്തമായാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, സൗദിയിലും തുര്‍ക്കിയിലുമെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മൈക്ക് പോംപിയോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ പ്രസ്താവന.

ഖഷോഗി മരിച്ചു എന്ന് തന്നെയാണ് കരുതുന്നത്. ഇത് വളരെ ദുഖകരമാണ്. ഇതിന്‍രെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും – ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം സൗദിയെ പ്രതിരോധിച്ചുകൊണ്ടും ഇക്കാര്യത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നും പറഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഈ നിലപാടില്‍ നിന്ന് യുഎസ് പിന്മാറുകയാണ് എന്ന് വ്യക്തം. സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ഗവണ്‍മെന്റ് സ്പോണ്‍സേര്‍ഡ് നിക്ഷേപക ഉച്ചകോടിയില്‍ നിന്ന് ട്രഷറി സെക്രട്ടറി സ്റ്റീവ് നൂച്ചിന്‍ പിന്മാറിയിരുന്നു. ഖഷോഗിയുടെ തിരോധാനത്തില്‍ വ്യക്തത വരുന്നത് വരെ ഫ്രാന്‍സും യുകെയും ജര്‍മ്മനിയും നെതര്‍ലാന്റ്സും സൗദിയിലേയ്ക്കുള്ള രാഷ്ട്രീയ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി. നിക്ഷേപക ഉച്ചകോടിയില്‍ നിന്ന് ഈ രാജ്യങ്ങള്‍ പിന്മാറിയിട്ടുണ്ട്.

അതേസമയം കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണം തുര്‍ക്കി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവിടെ സര്‍ച്ച് നടത്താനുള്ള അനുമതി തുര്‍ക്കിക്ക് ലഭിച്ചു. മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചില്‍ കോണ്‍സുലേറ്റിന് പുറത്ത് കാടുകളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കോണ്‍സുലര്‍ ജനറലിന്റെ വീടും സര്‍ച്ചിന് വിധേയമാക്കുമെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സൗദി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒതെയ്ബി കുടുംബത്തോടോപ്പം റിയാദിലേയ്ക്ക് തിരിച്ചിരുന്നു. ഖഷോഗിയെ വധിച്ചെന്ന് കരുതുന്ന സൗദി ഹിറ്റിംഗ് സ്‌ക്വാഡ് അംഗം, സല്‍മാന്‍ രാജകുമാരന്റെ സെക്യൂരിറ്റി സ്റ്റാഫില്‍ പെട്ടയാളാണെന്ന് കാണിക്കുന്ന വീഡിയോയും ഫോട്ടോകളും തുര്‍ക്കി ഗവണ്‍മെന്റിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതേയാളെ തന്നെ കോണ്‍സല്‍ ജനറലിന്റെ വീടിന് മുന്നിലും പിന്നീട് ഒരു ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതായും കാണുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി ഖഷോഗിയെ സൗദി വധിച്ചെന്ന ആരോപണം സാധൂകരിക്കാന്‍ നിരവധി ഫോട്ടോ, വീഡിയോ, ഓഡിയോ തെളിവുകളാണ് തുര്‍ക്കി പുറത്തുവിടുന്നത്. കോണ്‍സുലേറ്റിനുള്ളില്‍ വിഷപ്രയോഗം നടന്നിതിന് തെളിവുണ്ടെന്നും വിഷ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്നും പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം വധിച്ചു എന്നാണ് തുര്‍ക്കി നേരത്തെ പുറത്തുവിട്ടിരുന്ന വിവരം. അതേസമയം ഖഷോഗിയുടെ തലവെട്ടിയതായും കോണ്‍സുലേറ്റിലെത്തി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തെ വധിച്ചതായും ശരീരം വെട്ടിമുറിച്ചതായും തുര്‍ക്കി ആരോപിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് തന്റെ വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാന്‍, സൗദി ഭരണകൂടത്തിന്റേയും സല്‍മാന്‍ രാജകുമാരന്റേയും വിമര്‍ശകനായ ജമാല്‍ ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. ഇതിന് ശേഷം യാതൊരു വിവരവുമില്ല. വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഖഷോഗി യുഎസിലെ വിര്‍ജിനിയയിലാണ് സൗദിയില്‍ നിന്ന് പലായനം ചെയ്ത ശേഷം താമസിക്കുന്നത്.

അതേ സമയം സൗദി പത്രപ്രവര്‍ത്തകന്‍ ഖഷോജിയുടെ തിരോധാനത്തിന് പിന്നിലെ കാരണം സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് അറിയാമെന്ന് യുഎസ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ഖഷോജിയുടെ തിരോധാനത്തിന് സൗദി കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് വലിയ ചോദ്യങ്ങളാണുയരുന്നത്. തിരോധാനത്തിന് പിന്നില്‍ സല്‍മാന് പങ്കുണ്ടെന്ന സംശയവും നിലനില്‍ക്കുന്നു. ഖഷോജിയുടെ സുഹൃത്തുക്കള്‍, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൂടാതെ മറ്റ് രേഖകളില്‍ നിന്നും അദ്ദേഹത്തെ ഇല്ലാതാക്കുവാന്‍ മുഹമ്മദ് ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമായെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി ആണ് പത്രപ്രവര്‍ത്തകന്റെ തിരോധാനത്തിന് പിന്നില്‍ എന്ന നിഗമനത്തില്‍ യു.എസ് പ്രസിഡന്റിന്റെ ഓഫീസ് എത്തിയതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിനെതിരെയും യമനിലെയും സൗദിയുടെ ഇടപെടലിനെ ഖഷോജി ശക്തമായി വിമര്‍ശിച്ചിരുന്നു. പത്രപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ സൗദിയുടെ പങ്ക് തെളിഞ്ഞാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *