പീഡനം സഹിക്കാനാവാതെ ഒടുവില്‍ ഒളിച്ചോടി… സൗദിയില്‍ നിന്ന് രക്ഷപ്പെട്ട സഹോദരിമാര്‍ തുര്‍ക്കിയില്‍

അങ്കാറ: വീട്ടുകാരില്‍ നിന്നുള്ള പീഡനത്തില്‍ രക്ഷതേടി സൗദിയില്‍ നിന്ന് രക്ഷപ്പെട്ട സഹോദരിമാര്‍ തുര്‍ക്കിയില്‍ അഭയം തേടി. സൗദി പൗരകളായ 30കാരി അശ്വാഖ് ഹമൂദ്, 28കാരി അരീജ് ഹമൂദ് എന്നിവരാണ് സൗദിയില്‍ നിന്ന് രക്ഷപ്പെട്ട് തുര്‍ക്കിയിലെത്തിയത്. ് വീട്ടുകാരുടെയും കുടുംബക്കാരുടെയും പീഡനം സഹിക്കാനാവാതെയാണ് തങ്ങള്‍ സൗദി വിട്ടതെന്ന് ഇവര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി എട്ടിന് നിയമവിരുദ്ധമായ രീതിയില്‍ ഹോങ്കോംഗിലെത്തിയ ഇരുവരും അവിടെ നിന്ന് ന്യൂസിലാന്റിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ പിടിക്കപ്പെടുകയായിരുന്നു. ഇരുവരും ന്യൂസിലാന്റില്‍ അഭയം തേടിയേക്കുമെന്ന സംശയം കാരണം ഇവരെ വിമാനം കയറാന്‍ അനുവദിച്ചില്ല.

Loading...

ഇതേത്തുടര്‍ന്ന് ഇരുവരും തുര്‍ക്കി നഗരമായ ഇസ്തംബൂളിലേക്ക് തിരിക്കുകയായിരുന്നു. തുര്‍ക്കിയിലേക്ക് പോകുന്ന സൗദി യാത്രിക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ഉള്ളതിനാലാണ് ഇത് സാധ്യമായത്. എന്നാല്‍ ഇവിടെ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന ഇരുവരും മെയ് മാസത്തില്‍ തുര്‍ക്കിയില്‍ റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിച്ചതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ അറസ്റ്റിലാവുകയായിരുന്നു. തന്റെ രണ്ട് മക്കളും തുര്‍ക്കിയിലെത്തിയത് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം ചേരാനാണെന്നും അവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും കാണിച്ച് സഹോദരിമാരുടെ പിതാവ് നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു തുര്‍ക്കി അധികൃതരുടെ നടപടി. ഇവര്‍ സിറിയയിലേക്കാണ് പോവുന്നതെന്നതിന് ഒരു തെളിവുമില്ലെങ്കിലും സഹോദരിമാരെ ഉടന്‍ സൗദിയിലേക്ക് തിരിച്ചയക്കാനായിരുന്നു അധികൃതരുടെ തീരുമാനം. ഇതിനെതിരേ സഹോദരിമാര്‍ നല്‍കിയ അപേക്ഷയില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ അവരെ തുര്‍ക്കിയില്‍ തന്നെ താമസിപ്പിക്കാന്‍ തുര്‍ക്കി ഭരണഘടനാകോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണിപ്പോള്‍.

തങ്ങള്‍ സൗദിയിലേക്ക് തിരികെ പോയാല്‍ കുടുംബക്കാരില്‍ നിന്നും അധികാരികളില്‍ നിന്നുമുള്ള പീഡനം സഹിക്കേണ്ടിവരുമെന്നും ചിലപ്പോള്‍ കൊല്ലപ്പെടുക വരെ ചെയ്തേക്കാമെന്നുമാണ് ഇവരുടെ പക്ഷം. പുരുഷന്‍മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യുന്നതിന് വിലക്കുള്ള സൗദിയില്‍ അതിന്റെ പേരില്‍ പിടിക്കപ്പെടുന്നത് വലിയ കുറ്റമായാണ് പരിഗണിക്കപ്പെടുന്നത്. എന്നു മാത്രമല്ല, രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി, രാജ്യത്തിനെതിരായ പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തങ്ങളെ സൗദി അധികൃതര്‍ ജയിലിലിടുകയോ വധിക്കുകയോ വരെ ചെയ്യാമെന്ന് ഇവര്‍ ഭയപ്പെടുന്നു. അതുകൊണ്ട് തങ്ങള്‍ സൗദിയിലേക്ക് തിരിച്ചയക്കപ്പെടുന്നത് എങ്ങനെയെങ്കിലും തടയാനുള്ള നിയമപോരാട്ടത്തിലാണ് ഇരുവരും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *