ഒമാന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി ക്രീസില്‍ ഇറങ്ങാന്‍ മലയാളി മിടുക്കന്‍മാര്‍

മസ്‌കത്ത് : അണ്ടര്‍ 19 ക്രിക്കറ്റ് ഒമാന്‍ ടീമിനു വേണ്ടി ക്രീസില്‍ ഇറങ്ങാന്‍ മലയാളി താരങ്ങളും. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ഹരികേശവ് പ്രമോദ്, മലപ്പുറം മലക്കരപ്പറമ്പ് സ്വദേശിയായ സനിന്‍ നിസാര്‍ ഫഹദ് എന്നിവരാണ് ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ഒമാന്‍ ടീമില്‍ ഇടം നേടിയത്. രണ്ടു പേരും ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഈ മാസം 29 മുതല്‍ അടുത്ത മാസം എട്ട് വരെയാണ് മലേഷ്യയില്‍ എസിസി യോഗ്യതാ മത്സരങ്ങള്‍.

അണ്ടര്‍ 19 ദേശീയ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ഒമാന്‍ ക്രിക്കറ്റ് സംഘടിപ്പിച്ച ലീഗ് മാച്ചിലെ മികച്ച പ്രകടനമാണ് രണ്ടുപേര്‍ക്കും വഴി തുറന്നത്. സ്‌കൂള്‍ ടീമുകള്‍, ഒമാനിലെ ക്രിക്കറ്റ് അക്കാദമി ക്ലബുകള്‍ എന്നിവര്‍ തമ്മിലായിരുന്നു ലീഗ് മത്സരങ്ങള്‍. ലീഗ് റൗണ്ടിലെ പ്രകടനം വിലയിരുത്തി തിരഞ്ഞെടുത്ത 70 പേരെ ഉള്‍പ്പെടുത്തി ഒമാന്‍ ക്രിക്കറ്റ് ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് 18 പേരടങ്ങുന്ന ദേശീയ ക്രിക്കറ്റ് ടീമിനെ രൂപപ്പെടുത്തിയത്.

18 പേര്‍ക്ക് നിരന്തര പരിശീലനങ്ങളും കോച്ചിംഗും ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പ്ലെയിംഗ് ഇലവനും മൂന്ന് പകരക്കാരും ഉള്‍പ്പടെ 14 പേരെ ടീമില്‍ ഉള്‍പ്പെടുത്തി മലേഷ്യന്‍ ട്രിപ്പിനുള്ള ദേശീയ ടീമിനെ തിരഞ്ഞെടുത്തു. ഗ്രൗണ്ടിലെ പ്രകടനം, കായിക ക്ഷമത, വിദേശ മണ്ണില്‍ കളിക്കുന്നതിലെ മികവ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് താരങ്ങളെ തിരഞ്ഞെടുത്തത്.

ഏഴ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ദക്ഷണ റീജിയന്‍ മത്സരങ്ങളാണ് മലേഷ്യയില്‍ അരങ്ങേറുന്നത്. ബഹ്‌റൈന്‍, യുഎഇ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഒമാന്‍. എതിര്‍ ടീമുകള്‍ ശക്താരണെങ്കിലും പ്രതീക്ഷയോടെയാണ് യാത്ര തിരിക്കുന്നതെന്ന് ഹരികേശവ് പ്രമോദ് പറഞ്ഞു. ഒമാന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരങ്ങള്‍ക്കെല്ലാം ഫോം നിലനിര്‍ത്താനായാല്‍ ഗ്രൂപ്പ് ജേതാക്കളാകുമെന്നും സനിന്‍ നിസാര്‍ ഫഹദും പറഞ്ഞു.

മസ്‌കത്തില്‍ ട്രാവല്‍സ് ജീവനക്കാരനായ പ്രമോദിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ എന്‍ജിനിയറിങ്ങ് കോളജ് അധ്യാപികയായ രഞ്ജിനിയുടെയും മകനാണ് ഹരികേശവ് പ്രമോദ്. പ്രമോദ് പൂഞ്ഞാര്‍ സ്വദേശിയും രഞ്ജിനി ഏറ്റുമാനൂര്‍ സ്വദേശിയുമാണ്. ബോഷര്‍ ഒളിംപിക്‌സ് സെന്ററില്‍ മുന്‍ ഗോവന്‍ താരത്തിന്റെ അക്കാദമയില്‍ പരിശീലനം നേടുന്നതോടൊപ്പം അവധിക്കാലത്ത് ബാംഗ്ലൂരിലെ ജസ്റ്റ് ക്രിക്കറ്റ് അക്കാദമിയിലും ക്യാംപില്‍ പങ്കെടുത്ത് വരുന്നു. ഫാസ്റ്റ് ബൗളറായാണ് ഒമാന്‍ ദേശീയ ടീമില്‍ ഇടം നേടിയതെങ്കിലും ബാറ്റിംഗിലും ഹരികേശവ് മികച്ച പ്രകടനമാണ് നടത്തുന്നത്.

കേരള അണ്ടര്‍ 14 ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുള്ള സനിന്‍ നിസാര്‍ ഫഹദ് ഒമാന്‍ കായിക മന്ത്രാലയത്തില്‍ വെറ്റിനറി ഡോക്ടറായി സേവനം ചെയ്യുന്ന നിസാറിന്റെയും മസ്‌കത്തില്‍ ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഹാജറ കളത്തിങ്ങലിന്റെയും രണ്ട് മക്കളില്‍ മുതിര്‍ന്നയാളാണ്. മസ്‌കത്തിലെത്തുന്നതിന് മുമ്പ് ലണ്ടനിയാരുന്നു നിസാറും കുടംബവും. ഇവിടെ വെച്ച് പ്രൈമറി സ്‌കൂള്‍ പഠന കാലം മുതല്‍ സ്‌കൂള്‍ ടീം അംഗമായിരുന്നു നിസാര്‍ ഫഹദ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *