ശശി തരൂരിന്റെ ഇടപെടല്‍…കുവൈത്തില്‍ വീട്ടുതടങ്കലിലും ജയിലിലുമായ രണ്ട് മലയാളികളെ മോചിപ്പിച്ചു

തിരുവനന്തപുരം: സ്പോണ്‍സറുടെ വീട്ടുതടങ്കലിലായും കേസില്‍ കുടുങ്ങിയും കുവൈത്തില്‍ കുടുങ്ങിയ രണ്ടുമലയാളികളെ ശശി തരൂര്‍ എം.പി. ഇടപെട്ട് മോചിപ്പിച്ചു. ഇരുവരും നാട്ടിലെത്തി. സ്പോണ്‍സറുടെ വീട്ടുതടങ്കലിലായിരുന്ന വള്ളക്കടവ് സ്വദേശിനി ലീമ രാജു, ഒരു വര്‍ഷത്തിലധികമായി കുവൈത്തിലെ ജയിലിലായിരുന്ന പൊഴിയൂര്‍ സ്വദേശി തമ്പി മേബിള്‍സ് എന്നിവരെയാണ് തിരിച്ചെത്തിച്ചത്.

കുവൈത്ത് ആന്‍ഡ് സൗദി ഡെവലപ്മെന്റ് കമ്പനിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായിരുന്ന മേബിള്‍സ് 2016-ല്‍ അദ്ദേഹത്തിന്റെ സ്പോണ്‍സറായ അറബി കൊടുത്ത വിശ്വാസവഞ്ചനക്കേസിലാണ് അറസ്റ്റിലായത്. പിന്നീട് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സ്പോണ്‍സര്‍ തുടര്‍ച്ചയായി അപ്പീല്‍ കൊടുത്തതിനാല്‍ ജയിലില്‍നിന്ന് പുറത്തുവരാനോ നാട്ടിലേക്ക് വരാനോ കഴിഞ്ഞില്ല. ബന്ധുക്കള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുവൈത്തിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുടെ സഹായത്തോടെ ശശി തരൂര്‍ മേബിള്‍സിനെ തിരിച്ചെത്തിക്കുകയാണുണ്ടായത്.

സ്പോണ്‍സറുടെ വീട്ടുതടങ്കലിലായിരുന്ന തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ലീമ രാജു ഏപ്രില്‍ 18-നാണ് കുവൈത്തിലെത്തിയത്. തിരുവനന്തപുരത്തെ റിക്രൂട്ടിങ് ഏജന്‍സിയാണ് ലീമയെ കുവൈത്തിലെത്തിച്ചത്. സ്പോണ്‍സറുടെ വീട്ടില്‍നിന്നു ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കുകയും ഭക്ഷണവും മരുന്നും നിരസിക്കപ്പെടുകയും ചെയ്തപ്പോഴാണ് ലീമയുടെ ഭര്‍ത്താവ് എം.പി.യെ സമീപിച്ചത്. വീട്ടുതടങ്കലില്‍നിന്നു ഇവരെ മോചിപ്പിക്കാനും വൈദ്യസഹായം നല്‍കാനും എംബസി അധികൃതരും സഹായിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *