സ്ത്രീ ശബ്ദം സൗദിക്ക് ഭീഷണിയോ?…സ്ത്രീ സൗഹൃദ നിയമങ്ങള്‍ നടപ്പാക്കുമ്പോഴും പെണ്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു; അറസ്റ്റിലായത് രണ്ട് പ്രമുഖ വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍

റിയാദ്: വിമതര്‍ക്കെതിരായ സൗദി ഭരണകൂടത്തിന്റെ നടപടികള്‍ തുടരുന്നു. ഇത്തവണ അറസ്റ്റിലായത് രണ്ട് പ്രമുഖ വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. വനിതകള്‍ക്ക് ഡ്രൈവിംഗിനുള്ള അവകാശത്തിനും സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പുരുഷ രക്ഷാധികാരി കൂടെ വേണമെന്ന നിയമത്തിനുമെതിരേ ശക്തമായ കാംപയിന്‍ സംഘടിപ്പിച്ച സമര്‍ ബദാവി, നസീമ അല്‍ സാദ എന്നിവരെയാണ് സൗദി ഭരണകൂടം അറസ്റ്റ് ചെയ്തതെന്ന് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി.

Loading...

കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടയിലാണ് ഇരുവരും പിടിയിലായത്. സമാധാനപരമായ വിയോജിപ്പുകളെ പോലും ഭീഷണിയായി കാണുന്ന ഭരണകൂടത്തിന്റെ തെറ്റായ സമീപനമാണ് അറസ്റ്റിലൂടെ പ്രകടമായിരിക്കുന്നതെന്ന് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് മിഡിലീസ്റ്റ് ഡയരക്ടര്‍ സാറ ലേ വിറ്റ്സണ്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മെയ് മാസം മുതല്‍ ഒരു ഡസനിലേറെ വനിതാ ആക്ടിവിസ്റ്റുകള്‍ സൗദിയില്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്. ഇവരും പലരും വനിതകളോട് രാജ്യത്ത് നിലനില്‍ക്കുന്ന വിവേചനപരമായ നിയമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയവരാണ്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ സമര്‍ ബദാവി 2012ല്‍ യു.എസ് നല്‍കുന്ന ഇന്റര്‍നാഷനല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡിന് അര്‍ഹയായിരുന്നു. സൗദി വനിതകള്‍ക്ക് വാഹനമോടിക്കാനും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുമുള്ള ആവശ്യമുന്നയിച്ച് തയ്യാറാക്കിയ ഹരജിയില്‍ ഒന്നാമതായി ഒപ്പുവച്ചതും ബദാവിയായിരുന്നു. വനിതാ വോട്ടവകാശത്തിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന സാദയാവട്ടെ, സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ ആദ്യമായി അവകാശം ലഭിച്ച 2015ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.

നേരത്തേ അറസ്റ്റിലായ വനിതാ ആക്ടിവിസ്റ്റുകള്‍ക്കെതിരേ രാജ്യദ്രോഹം, ശത്രുരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം ലഭിച്ചതിനു ശേഷമാണ് അതിനു വേണ്ടി വാദിച്ച വനിതാ പ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്നതെന്ന കാര്യം വിരോധാഭാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *