ചൊവ്വ കീഴടക്കാനുള്ള ലക്ഷ്യവുമായി യു.എ.ഇ…ചൊവ്വാ ദൗത്യത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍

ദുബൈ: പിറന്നിട്ട് നാല് വര്‍ഷമെയായുള്ളൂ. പക്ഷേ യു.എ.ഇ.യുടെ ബഹിരാകാശ ഏജന്‍സി ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത് ചൊവ്വയിലെത്താനുള്ള മാര്‍ഗം കണ്ടെത്താനാണ്. ഇതടക്കം നിരവധി പുതിയ പദ്ധതികളാണ് നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കാലത്തിന് മുമ്പേ നടക്കുകയെന്ന യു.എ.ഇയുടെ പതിവ് തെറ്റിക്കാതെയാണ് സ്‌പേസ് ഏജന്‍സിയുടെയും പ്രവര്‍ത്തനം. ചൊവ്വാ പര്യവേഷണം 2020 ഓടെ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

2014 ല്‍ ആണ് യു.എ.ഇ. സ്‌പേസ് ഏജന്‍സി രൂപവത്ക്കരിച്ചത്. ഇതിനകം നിരവധി ബഹിരാകാശ പദ്ധതികള്‍ നടപ്പാക്കിക്കഴിഞ്ഞ ഇവിടുത്തെ ശാസ്ത്രജ്ഞര്‍ വിവിധ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചൊവ്വാ ദൗത്യത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് യു.എ.ഇ. സ്‌പേസ് ഏജന്‍സി ചെയര്‍മാനും ഉന്നതവിദ്യഭ്യാസ വകുപ്പ് സഹമന്ത്രിയുമായ ഡോ. അഹമ്മദ് അബ്ദുല്ല ഹുമൈദ് ബില്‍ ഹൗല്‍ അല്‍ ഫലാസി പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ വിക്ഷേപിച്ച അല്‍ യാഹ് മൂന്ന് സാറ്റലെറ്റ് ആഫ്രിക്കന്‍ ജനതയുടെ 60 ശതമാനത്തിനും പ്രയോജനപ്പെടുന്നുണ്ട്. 140 രാജ്യങ്ങള്‍ക്ക് സാറ്റലൈറ്റ് സൗകര്യം ഒരുക്കിയ യു.എ.ഇ. അന്തരാഷ്?ട്ര ബഹിരാകാശ രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്ന് ഡോ. മുഹമ്മദ് നാസര്‍ അല്‍ അഹാബി പറഞ്ഞു. പൂര്‍ണ്ണമായും ഇമിറാത്തി എഞ്ചിനീയര്‍മാര്‍ തയാറാക്കിയ ഖലീഫസാറ്റ് അടക്കമാണിത്. ഇത്തരം പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത് യുവജനങ്ങള്‍ക്ക് ഈ മാതൃക പിന്തുടരാന്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹോപ് പ്രോബ് എന്ന് പേരിട്ടിരിക്കുന്ന പേടകം ഉപയോഗിക്കുന്ന ചൊവ്വാ ദൗത്യം 2020 -2021 ല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 1500 കിലോ ഭാരവും 2.37 മീറ്റര്‍ വീതിയും 2.90 മീറ്റര്‍ നീളവുമുള്ള ഇതിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. 60 മില്ല്യണ്‍ കിലോമീറ്റര്‍ 200 ദിവസം കൊണ്ട് താണ്ടി വേണം ഇതിന് ചൊവ്വയിലെത്താന്‍. 600 വാട്ട് ശേഷിയുള്ള മൂന്ന് സോളാര്‍ പാനലുകളാണ് ഇതിന് ഊര്‍ജം പകരുന്നത്. രണ്ട് വര്‍ഷത്തിലേറെ നീളുന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് ദൗത്യം തുടങ്ങുക. ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കുകയും പുതിയ കണ്ടെത്തലുകള്‍ നടത്തുകയുമാണ് ലക്ഷ്യം. ചൊവ്വയുമായി ബന്ധപ്പെട്ട 1000 ജിബി വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കും. 75 ഇമിറാത്തികളും അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളിലെ 200 പേരും ഇതിനായി പ്രയത്‌നിക്കുന്നുണ്ട്. അറബ് ദേശത്ത് നിന്ന് ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു ഗവേഷണം നടത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *