തൊഴില്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെട്ട 12,000 തൊഴിലാളികള്‍ക്ക് വീണ്ടും തൊഴില്‍ അനുമതി നല്കാന് യു.എ.ഇ സര്‍ക്കാര്‍ തീരുമാനം. നിയമം ലംഘിച്ച 27,000 സ്ഥാപനങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഈവര്‍ഷം ആഗസ്റ്റ് ഒന്നിന് മുമ്ബുള്ള നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സഹിഷ്ണുതാസമിതിയുടെ നിര്‍ദേശപ്രകാരമാണ് തൊഴില്‍മന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചത്.
രണ്ടുവിഭാഗം തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് നിഷേധമാണ് പിന്‍വലിക്കുക. നാല്, അഞ്ച് സ്കില്‍ ലെവലിലുള്ള തൊഴിലാളികള്‍ തൊഴിലുടമയുമായി കരാര്‍ ലംഘിച്ചതിന് നേരിടുന്ന വര്‍ക്ക്പെര്‍മിറ്റ് നിഷേധം പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടും. തൊഴില്കേസില് കോടതി വിധിയുണ്ടായിട്ടും 60 ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാരാകാതിരുന്ന തൊഴിലാളികള്‍ക്കും ഇളവ് ലഭിക്കും. പക്ഷെ, തൊഴില്‍ദാതാവുമായുള്ള തര്‍ക്കം രമ്യമായി പരിഹരിച്ച് ഒരുവര്‍ഷം കഴിഞ്ഞേ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാകൂ.