ചൊവ്വാ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്ര സംഘത്തെ ആദരിച്ച് യുഎഇ

ദുബായ് : ചൊവ്വാ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്ര സംഘത്തെ പെരുന്നാൾ ദിനത്തിൽ രാഷ്ട്രം ആദരിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസ‍ർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നേതൃത്വത്തിൽ അബുദാബി ഖസ‍ർ അൽ വതനിൽ ആയിരുന്നു പരിപാടി.

ശാസ്ത്രജ്ഞർ, എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെട്ട സംഘത്തെയാണ് ആദരിച്ചത്.

വികസന ഭാവിയിലേക്കുള്ള വൻ കുതിപ്പിനാണ് ചൊവ്വാ ദൗത്യത്തിലൂടെ രാജ്യം തുടക്കമിട്ടതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.

6 വർഷത്തെ കഠിന പരിശ്രമത്തിന്റെ വിജയമാണിത്. പറയുന്നതെല്ലാം  പ്രാവർത്തികമാക്കുകയും പ്രാവർത്തികമാക്കുന്നതും മാത്രം പറയുകയും ചെയ്യുന്ന രാജ്യമാണ് യുഎഇ എന്നു ലോകത്തിനു മുന്നിൽ തെളിയിക്കാൻ ഒരിക്കൽ കൂടി കഴിഞ്ഞതായും ചൂണ്ടിക്കാട്ടി.

ബഹിരാകാശ മേഖലയിൽ അറബ് മേഖലയുടെ വൻ നേട്ടമാണ് ചൊവ്വാ പദ്ധതിയെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

കഴിഞ്ഞമാസം 20നാണ് ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു യുഎഇയുടെ ചൊവ്വാ പേടകം വിക്ഷേപിച്ചത്.

പേടകത്തിലെ 66 ഘടകങ്ങൾ യുഎഇ തദ്ദേശീയമായി നിർമിച്ചതാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് 200 പേടക മാതൃകകൾക്ക് രൂപം നൽകുകയും 51 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും നക്ഷത്ര സമൂഹങ്ങളെക്കുറിച്ചും 60,000 ഗവേഷകർക്ക് പഠനാവസരം ഒരുക്കി.

ഭാവി പദ്ധതികൾ ഇത് എളുപ്പമാക്കുമെന്നും ചൂണ്ടിക്കാട്ടി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ധനമന്ത്രി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *