യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു…പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ അനുമതി

ദുബായ്; യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിക്കും അനുമതി ലഭിച്ചതു പ്രവാസികള്‍ക്കാണ് ഇരട്ടനേട്ടമായത്. പഠനം പൂര്‍ത്തിയായാലുടന്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭിക്കുകയും പഠനകാലത്തു രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയുകയും ചെയ്യും. തുടര്‍വിദ്യാഭ്യാസത്തിനു കുട്ടികളെ നാട്ടിലേക്ക് അയയ്ക്കാനിരുന്ന പലരും ഒരുവട്ടം കൂടി ആലോചിക്കാനുള്ള തയാറെടുപ്പിലാണ്. പഠനകാലത്തുതന്നെ മികച്ച തൊഴില്‍ പരിശീലനം ലഭിക്കുന്നതു വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുമെന്നതാണു പ്രധാന നേട്ടം. നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള സാങ്കേതിക വിപ്ലവത്തിനു രാജ്യം തയാറെടുക്കുമ്പോള്‍ യുവജനങ്ങളെ കാത്തിരിക്കുന്നത് അവസരങ്ങളുടെ കലവറയാണെന്നു വിവിധ മേഖലകളിലുള്ളവര്‍ വിലയിരുത്തുന്നു.

ഉന്നതവിദ്യാഭ്യാസവും തൊഴില്‍ പരിചയവുമുള്ള യുവാക്കളെ രാജ്യത്തു പിടിച്ചുനിര്‍ത്താനും പുതിയ നീക്കം സഹായകമാകും. 15 വയസ്സുമുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് അവധിദിവസങ്ങളില്‍ സ്വകാര്യ മേഖലയില്‍ പാര്‍ട് ടൈം ചെയ്യാനാണു മനുഷ്യവിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അനുമതി നല്‍കിയത്. ഇതുസംബന്ധിച്ചു 2016ല്‍ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയാണു പുതിയ ഉത്തരവ്.

എങ്ങനെ, എത്രനാള്‍ ജോലി ചെയ്യാം

വിദ്യാര്‍ഥികള്‍ക്കു പാര്‍ട് ടൈം വ്യവസ്ഥയില്‍ മൂന്നുമാസം വരെ ജോലിചെയ്യാനാകും. പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി നീട്ടിനല്‍കും. പാര്‍ട് ടൈം ജോലിയാണെങ്കിലും നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തൊഴില്‍ കരാര്‍ തയാറാക്കിയിരിക്കണം. വേതനം, ജോലിചെയ്യേണ്ട ദിവസങ്ങള്‍, മണിക്കൂറുകള്‍ എന്നിവ വ്യക്തമാക്കുകയും വേണം.

പാലിക്കണം, ഏഴ് കാര്യങ്ങള്‍

തൊഴിലുടമയുടെയും കുട്ടികളുടെ രക്ഷിതാക്കളുടെയും സമ്മതപത്രം നിര്‍ബന്ധം.

കുട്ടികളുടെ എമിറേറ്റ്‌സ് ഐഡി, വിദ്യാര്‍ഥിയാണെന്നതിന്റെ രേഖ, വീസാ പകര്‍പ്പ് എന്നിവയുണ്ടായിരിക്കണം

സ്‌കൂളില്‍നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ സര്‍ട്ടിഫിക്കറ്റ്.

കുട്ടികളെ കൊണ്ട് അപകടകരമായ ജോലികള്‍ ചെയ്യിക്കരുത്. വലിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയുമരുത്. ജോലിയുടെ കാര്യത്തില്‍ കുട്ടികളാണെന്ന പരിഗണന നല്‍കണം.

ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുത്. ഭക്ഷണത്തിനും വിശ്രമത്തിനും അരമണിക്കൂറില്‍ കുറയാതെ ഇടവേള അനുവദിക്കുകയും വേണം.<യൃ />

ആരോഗ്യ, തൊഴില്‍ സുരക്ഷയെക്കുറിച്ചു കുട്ടികള്‍ക്കു മതിയായ പരിശീലനം ഉറപ്പാക്കണം.

കരാര്‍ കാലയളവു പൂര്‍ത്തിയാക്കിയാലുടന്‍ തൊഴില്‍ മികവു രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണം.

മികച്ച കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം

നിര്‍മിതബുദ്ധി ഉള്‍പ്പെടെ സാങ്കേതിക മേഖലയില്‍ വന്‍ മാറ്റമുണ്ടാകുമ്പോള്‍ ഏറ്റവും മികച്ച കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും ഇഷ്ടപ്പെട്ട തൊഴില്‍മേഖല കണ്ടെത്താനും കഴിയുമെന്നു മാവേലിക്കര സ്വദേശി പോള്‍ ജോര്‍ജ് പൂവത്തേരിലിന്റെ മകനും ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ ഏബല്‍ ജോര്‍ജ് പോള്‍. വിദ്യാഭ്യാസം പൂര്‍ത്തിയാകും മുന്‍പേ നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യമാണ് ഒഴിവാകുന്നത്. മറ്റു വിദേശരാജ്യങ്ങളില്‍ പോയി പഠിക്കുകയെന്ന ബുദ്ധിമുട്ടും ഇല്ലാതാകുമെന്നു പ്രതീക്ഷിക്കുന്നു.

പഠനത്തോടൊപ്പം ജോലിയും ചെയ്യാന്‍ അനുമതിയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലെയും രീതി യുഎഇയില്‍ നടപ്പാക്കുന്നതു വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാണെന്ന് എറണാകുളം പറവൂര്‍ സ്വദേശി പത്മകുമാറിന്റെ മകളും ഫുജൈറ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ പാര്‍വതി പി.മേനോന്‍. പുതിയ കോഴ്‌സുകള്‍ക്കു പ്രവേശനം തേടാനും മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും ഇതു സഹായകമാകും. പത്താം ക്ലാസ് പൂര്‍ത്തിയാക്കി പലരും നാട്ടിലേക്കു പോകുന്ന രീതി മാറി കൂട്ടുകാര്‍ക്കൊപ്പം ഇവിടെ തുടര്‍ന്നു പഠിക്കാനാണ് അവസരമൊരുങ്ങിയത്.

പഠനം മെച്ചപ്പെടുത്താനും തൊഴില്‍ മേഖലയെക്കുറിച്ചു പ്രായോഗിക അറിവുകള്‍ നേടാനും കഴിയുമെന്ന് തിരുവനന്തപുരം സ്വദേശി എം.എ.ഷിജുവിന്റെ മകനും ദുബായ് മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഇഷാം. വിദ്യാര്‍ഥികള്‍ സ്വയംപര്യാപ്തരാകാന്‍ ഇതു സഹായകമാകും. മെച്ചപ്പെട്ട തൊഴിലവസരങ്ങളുള്ള ധാരാളം കോഴ്‌സുകള്‍ യുഎഇയിലുണ്ട്. ഇവിടെ പഠിക്കാനും രക്ഷിതാക്കളെ കഴിയുംവിധം സഹായിക്കാനും സാധിക്കും. പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനും ഇതു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നു

വിദ്യാര്‍ഥികള്‍ക്ക് വന്‍ അവസരം

പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അനുമതി ലഭിച്ചതിലൂടെ വിദ്യാര്‍ഥികള്‍ക്ക് വലിയ അവസരമാണ് കൈവന്നതെന്നു ദുബായ് അവര്‍ ഓണ്‍ ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അലീഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *