പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ പക്ഷിയുടെ ജീവന്‍ രക്ഷപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് നന്ദി അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റ്‌

ദുബായ് : പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ പക്ഷിയുടെ ജീവന്‍ രക്ഷപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് നന്ദി അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

പരിസ്ഥിതിയോടും ജീവജാലങ്ങളോടും യുഎഇ പുലര്‍ത്തുന്ന സ്‌നേഹവും കാരുണ്യവും വെളിപ്പെടുത്തുന്ന മറ്റൊരു ഉദാഹരണം കൂടിയാകുകയാണ് ഈ സംഭവം.

ദുബൈയിലെ ബീച്ചിലൂടെയുള്ള നടത്തത്തിനിടെയാണ് പരിക്കേറ്റ് അവശ നിലയില്‍ പക്ഷി വീണ് കിടക്കുന്നത് മാധ്യമപ്രവര്‍ത്തകയായ റോള അല്‍ ഖാതിബ് കണ്ടത്.

പരിക്ക് മൂലം പക്ഷിക്ക് വീണിടത്ത് നിന്നും എഴുന്നേല്‍ക്കാനോ പറക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റോള ഉടന്‍ തന്നെ ദുബൈ മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെട്ടു.

ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പക്ഷിയുടെ ഫോട്ടകളും ലൊക്കേഷനും റോള വാട്‌സാപ്പിലൂടെ അയച്ചു നല്‍കി.

30 മിനിറ്റിനകം അധികൃതരെത്തി ചികിത്സ നല്‍കുന്നതിനായി പക്ഷിയെ അവിടെ നിന്നും മാറ്റിയെന്നും പിന്നീട് പക്ഷി സുഖംപ്രാപിച്ച വിവരം ചിത്രമുള്‍പ്പെടെ അയച്ച് അറിയിച്ചതായും റോള ട്വീറ്റില്‍ പറയുന്നു.

ഒരു മൃഗത്തിന്റെ ജീവന് ഇത്രയധികം പ്രാധാന്യം നല്‍കുന്ന അധികൃതര്‍ മനുഷ്യര്‍ക്ക് നല്‍കുന്ന മൂല്യം എത്രത്തോളമാണെന്ന് മനസ്സിലാകുമെന്നും ദൈവം യുഎഇയെയും അവിടുത്തെ ജനങ്ങളെയും കാത്തുരക്ഷിക്കട്ടെയെന്നും റോള ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

മറ്റ് പല രാജ്യങ്ങള്‍ക്കും യുഎഇയില്‍ നിന്ന് പഠിക്കാനുണ്ടെന്നും പറഞ്ഞാണ് റോള തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

ഇതിന് മറുപടിയായി നന്ദി അറിയിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. ‘റോളാ…കരുണാമയനായ ദൈവം, മറ്റുള്ളവരില്‍ കാരുണ്യം ചൊരിയുന്നവരിലാണ് തന്റെ കരുണ വര്‍ഷിക്കുന്നത്.

ഈ മനോഹരമായ കഥയ്ക്ക് നന്ദി. ദുബൈ മുന്‍സിപ്പാലിറ്റിക്കും നന്ദി അറിയിക്കുന്നു. ഈ നല്ല രാജ്യത്തില്‍ കരുണ ചൊരിയുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

മൂല്യങ്ങളില്ലാത്ത സംസ്‌കാരത്തിന് യാതൊരു വിലയുമില്ല, മനുഷ്യത്വമാണ് ആ മൂല്യം’ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *