ഉംറ തീര്‍ത്ഥാടന വിസ അടുത്തയാഴ്ച മുതല്‍…

മക്ക: പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരുമാസം നേരത്തേ ഉംറ തീര്‍ത്ഥാടനം തുടങ്ങും. തീര്‍ത്ഥാടകര്‍ക്ക് അടുത്ത ചൊവ്വാഴ്ച മുതല്‍ പുതിയ സീസണിലേക്കുള്ള ഉംറ വീസ നല്‍കിത്തുടങ്ങുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ വിദേശികള്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഉംറ വീസ നല്‍കിയിരുന്നത്.

Loading...

വിഷന്‍ 2030ന്റെ ഭാഗമായി വിദേശ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയാക്കി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതനുസരിച്ച് ഈ മാസം 11 മുതല്‍ സൗദിയിലേക്ക് ഉംറ തീര്‍ഥാടകര്‍ എത്തിത്തുടങ്ങും. ഹജ്ജ് തീര്‍ഥാടനത്തിന് സാധിക്കാത്തവരാണ് പുണ്യകേന്ദ്രങ്ങളിലെത്തി ഉംറ നിര്‍വഹിക്കുന്നവരില്‍ ഭൂരിഭാഗവും. കഴിഞ്ഞ ഉംറ സീസണില്‍ 70 ലക്ഷം വിദേശ തീര്‍ഥാടകരാണ് ഉംറ നിര്‍വഹിച്ചത്. വര്‍ഷത്തില്‍ ഉംറ തീര്‍ഥാകടരുടെ എണ്ണം 20 ലക്ഷം വീതം വര്‍ധിപ്പിച്ച് നാലു വര്‍ഷത്തിനകം ഇത് ഒന്നര കോടിയാക്കി ഉയര്‍ത്താനാണ് പദ്ധതി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുന്നതിനനുസരിച്ച് 2030ഓടെ മൂന്നുകോടി എന്ന ലക്ഷ്യം കൈവരിക്കാനാവകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നതെന്ന് ഹജ്ജ്, ഉംറ മന്ത്രി അബ്ദുല്‍ ഫത്താഹ് അല്‍ മുശാത്ത് അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പുണ്യകേന്ദ്രങ്ങളിലെ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കി.

അതേസമയം ഹാജിമാര്‍ ഈ മാസം 25നകം രാജ്യം വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ പതിനെട്ട് ലക്ഷത്തോളം ഹാജിമാര്‍ക്കാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. നിശ്ചിത സമയത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഹജ് നടപടികള്‍ പൂര്‍ത്തിയായ ഓഗസ്റ്റ് 24ന് തന്നെ മടക്കയാത്ര ആരംഭിച്ചിരുന്നു. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒരാഴ്ചയ്ക്കകം തന്നെ മടങ്ങിയെത്തി. ജിദ്ദ ഹജ് ടെര്‍മിനലില്‍നിന്നും മദീനയില്‍നിന്നുമാണ് ഹാജിമാരുടെ മടക്കയാത്ര. ഇന്ത്യ അടക്കം കൂടുതല്‍ ഹാജിമാരെ ഹജിന് എത്തിച്ച രാജ്യങ്ങളിലേക്കാണ് മടക്ക യാത്രയ്ക്ക് കാലതാമസം എടുക്കുന്നത്. ഇന്ത്യയില്‍നിന്നെത്തിയ 1,75,025 ഹാജിമാരില്‍ ഇതോടകം 35,000 ഹാജിമാര്‍ മടങ്ങിയതായി ഹജ് മിഷന്‍ അറിയിച്ചു. നിശ്ചിത സമയത്തിനകം തന്നെ എല്ലാ ഹാജിമാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.

ഹജ് വീസയിലെത്തിയവര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതിയുള്ള സ്ഥലത്തിനപ്പുറം പോയാലും നടപടിയെടുക്കും. ജിദ്ദ, മക്ക, മദീന ഒഴികെ രാജ്യത്തെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഹാജിമാര്‍ക്ക് അനുമതിയില്ലെന്നും ഓര്‍മിപ്പിച്ചു.ഹാജിമാരുടെ പോക്കുവരവ് സുഗമമാക്കുന്നതിനായി പരീക്ഷണാര്‍ഥം എമിഗ്രേഷന്‍ നടപടികള്‍ മാതൃരാജ്യത്തുനിന്നുതന്നെ പൂര്‍ത്തിയാക്കുന്ന സേവനം ഈ വര്‍ഷം മുതല്‍ ആരംഭിച്ചിരുന്നു. മലേഷ്യ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളിലാണ് ഇത്തവണ നടപ്പാക്കിയത്. സൗദിയിലെ എമിഗ്രേഷന്‍ നടപടികളെല്ലാം ഈ രാജ്യങ്ങളില്‍നിന്ന് പൂര്‍ത്തീകരിച്ചതിനാല്‍ വിമാനത്താവളങ്ങളില്‍ ക്യൂ നില്‍ക്കാതെ ഇവിടന്നുള്ള തീര്‍ഥാടകര്‍ പുറത്തിറങ്ങിയിരുന്നു. ഇത് എയര്‍പോര്‍ട്ടിലെ തിരക്ക് കുറയ്ക്കാനും ഇടയാക്കി. ഈ സംവിധാനം കൂടുതല്‍ ഹാജിമാരെ അയക്കുന്ന മറ്റു രാജ്യങ്ങളിലും നടപ്പിലാക്കിയാല്‍ ഹജ് വേളയില്‍ എമിഗ്രേഷനിലെ തിരക്ക് ഒരുപരിധിവരെ ഒഴിവാക്കാനാകും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *