ഷാര്‍ജയില്‍ നിന്ന് രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യര്‍ത്ഥിച്ച്‌ വീട്ടമ്മ; സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

ഷാര്‍ജയില്‍ നിന്നും രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യര്‍ത്ഥിച്ച്‌ വീട്ടമ്മയുടെ വീഡിയോ വന്നതിന് പിന്നാലെ ഭര്‍ത്താവിനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സഹായം തേടി വീട്ടമ്മ വീഡിയോ സന്ദേശം പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവച്ചത്. ജാസ്മിന്‍ സുല്‍ത്താന എന്ന സ്ത്രീയാണ് ട്വിറ്ററിലൂടെയാണ് സഹായം ആവശ്യപ്പെട്ടത്. ഭര്‍‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നുമാണ് ഇവര്‍ വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചത്.

മര്‍ദ്ദനമേറ്റ് കലങ്ങിയ കണ്ണുകളുമായാണ് യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മുഖത്ത് മര്‍ദനമേറ്റ പാടുകള്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണാനാവുന്നുണ്ട്. കൂടാതെ കലങ്ങിയ കണ്ണില്‍ നിന്നും രക്തവും ഒഴുകുന്നുണ്ട്. ‘അടിയന്തിരമായി സഹായം വേണം. എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന. ഞാന്‍ യുഎഇയിലെ ഷാര്‍ജയില്‍ താമസിക്കുന്നു.

എന്റെ ഭര്‍ത്താവിന്റെ പേര് മൊഹമ്മദ് ഖിസര്‍ ഉല്ല. എന്നെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു. സഹായിക്കണം’ എന്നായിരുന്നു പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. കരഞ്ഞുകൊണ്ടാണ് ഇവര്‍ രക്ഷ തേടിയത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. കൂടാതെ വിദേശകാര്യ വകുപ്പിന്റെ സഹായവും തേടിയിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവരുടെ പേജുകളിലും ആവശ്യവുമായി നിരവധി പേര്‍ എത്തി.

താന്‍ ബംഗളുരുവില്‍ നിന്നുള്ളതാണെന്നും ഭര്‍ത്താവിനൊപ്പം ഇനിയും യുഎഇയില്‍ താമസിക്കാനാവില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. അഞ്ച് വയസും 17 മാസവും പ്രായമുള്ള തന്റെ രണ്ട് മക്കള്‍ക്കൊപ്പം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധിപ്പേര്‍ ഇവരുടെ സന്ദേശം ട്വിറ്റില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

പലരും ട്വിറ്ററിലൂടെ ഷാര്‍ജ പൊലീസിന്റെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മന്ത്രിമാരുടെയും സഹായവും തേടി. രണ്ട് വീഡിയോകളാണ് യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതില്‍ ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം ഏറ്റതായും പറയുന്നുണ്ട്. മുഹമ്മദ് ഖിസറുള്ള എന്നാണ് ഭര്‍ത്താവിന്റെ പേരെന്നും ട്വീറ്റില്‍ പറയുന്നു.

ട്വിറ്ററില്‍ ഈ വീഡിയോ പ്രചരിപ്പിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. യുവതിക്ക് ചികിത്സ നല്‍കിയതായും പൊലീസ് അറിയിച്ചു. അതേസമയം, ദൃശ്യങ്ങള്‍ ഇനി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *