യുഎഇ കനത്ത ചൂടിലേക്ക്…ചൂടില്‍ നിന്നും വിഷജീവികളില്‍ നിന്നും രക്ഷ നേടാന്‍ ചെയ്യേണ്ട കാര്യങ്ങളറിയാം

ദുബായ്; യുഎഇയില്‍ വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ശീലങ്ങളില്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. ആഹാരകാര്യങ്ങളിലും യാത്രകളിലും വൈദ്യുതോപയോഗത്തിലും ശ്രദ്ധിക്കണം. തേളുകളും പാമ്പുകളും പുറത്തിറങ്ങുന്ന കാലമായതിനാല്‍ വില്ലകളിലും പാര്‍ക്കുകളിലും കരുതല്‍ ആവശ്യമാണെന്നും വ്യക്തമാക്കി. നാളെ മുതല്‍ ചൂടു കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

Loading...

വാഹനങ്ങളിലെ സുരക്ഷ

പൊട്ടിത്തെറിക്കാനിടയുള്ളതിനാല്‍ സിഗരറ്റ് ലൈറ്ററുകളോ പെര്‍ഫ്യൂമുകളോ വാഹനത്തില്‍ വച്ചു പോകരുത്. ബാറ്ററികള്‍, ചാര്‍ജറുകള്‍ തുടങ്ങിയവയ്ക്കും ഇതു ബാധകമാണ്. വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് അല്‍പം താഴ്ത്തിവയ്ക്കുന്നതും നല്ലതാണ്. ഇന്ധന ടാങ്ക് പൂര്‍ണമായും നിറയ്ക്കാതിരിക്കുന്നതാണ് സുരക്ഷിതം. കഴിയുന്നതും വൈകുന്നേരങ്ങളില്‍ ഇന്ധനം നിറയ്ക്കുക. പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ടയറുകളില്‍ അമിതമായി കാറ്റുനിറയ്ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷണം, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ വാഹനത്തില്‍ വച്ചു പോകുന്നത് ആരോഗ്യത്തിനു നന്നല്ല. ഭക്ഷണം കേടാകാനും പാനീയങ്ങള്‍ വിഘടിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണിത്. രാവിലെ പത്തുമുതല്‍ മൂന്നുവരെ ശരീരത്തില്‍ നേരിട്ടു വെയിലടിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.

ശീലങ്ങളില്‍ ഇത്തിരി മാറ്റം വരുത്തിയാല്‍ ഒത്തിരി ഊര്‍ജം ലാഭിക്കാനാകും. ചൂടുകാലത്ത് ഹീറ്ററുകളുടെ ആവശ്യം ഇല്ലാത്തതിനാല്‍ അവ തീര്‍ത്തും ഒഴിവാക്കുക. തിരക്കേറിയ സമയങ്ങളില്‍ എയര്‍കണ്ടീഷനറുകളുടെ ലോഡ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുകയും യഥാസമയം ഇവയുടെ അറ്റകുറ്റപ്പണി നടത്തുകയും വേണം. സര്‍വീസ് ചെയ്യാത്തതും പഴകിയതുമായ എയര്‍കണ്ടീഷനറുകളാണ് പലപ്പോഴും തീപിടിത്തത്തിനു കാരണമാകുന്നതെന്നു സിവില്‍ ഡിഫന്‍സ് ചൂണ്ടിക്കാട്ടി. നിശ്ചിത ആളുകള്‍ക്കു താമസിക്കാനാകുംവിധമാണ് ഓരോ ഫ്‌ലാറ്റിലും സൗകര്യമൊരുക്കുന്നത്. വൈദ്യുതി-ജല വിതരണവും ഇതനുസരിച്ചാണ്. ആളുകളുടെ എണ്ണം കൂടുംതോറും വൈദ്യുതോപകരണങ്ങളുടെ ജോലിഭാരവും കൂടും. താമസക്കാര്‍ കൂടുന്നതിനനുസരിച്ച് അനധികൃതമായി വയറിങ് നടത്തുന്നതും വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു.

വിഷജീവികളെ സൂക്ഷിക്കുക

വേനല്‍ക്കാലത്താണ് വിഷജീവികള്‍ പുറത്തിറങ്ങുക. കുറ്റിക്കാടുകള്‍, മരുഭൂമി എന്നിവിടങ്ങളില്‍ നിന്നു വിഷപ്പാമ്പുകളും തേളുകളും തണുപ്പു തേടി ജനവാസമേഖലകളില്‍ എത്തുന്നതു പതിവാണ്. ഗ്രാമീണ മേഖലകളിലും വില്ലകളിലും താമസിക്കുന്നവര്‍ പുറത്തിറങ്ങുമ്പോഴും മറ്റും ശ്രദ്ധിക്കണം. വീടിനകത്ത് ഇടയ്ക്കിടെ പരിശോധന നടത്തുകയും വേണം. കൃഷിയിടങ്ങളോട് അനുബന്ധിച്ചു താമസിക്കുന്നവര്‍ക്ക് പലപ്പോഴും പാമ്പുകടിയേല്‍ക്കാറുണ്ട്. വിഷ ഉറുമ്പുകളും ഭീഷണിയാണ്.

കടുത്ത ചൂടുമൂലം വലയുന്ന പക്ഷികള്‍ക്ക് അല്‍പം കുടിവെള്ളം നല്‍കാനുള്ള മനസ്സുണ്ടാകണം. ബാല്‍ക്കണികളില്‍ ചെറിയൊരു പാത്രത്തില്‍ വെള്ളം വയ്ക്കുന്നത് അവയ്ക്ക് ഏറെ ആശ്വാസമാണ്. ധാന്യങ്ങളും വെള്ളവും വയ്ക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരുടെ ശീലമാണ്. താമസയിടങ്ങളുടെ പരിസരങ്ങളില്‍ വെള്ളം വയ്ക്കുന്നത് ദാഹിച്ചു വലയുന്ന പല ജീവികള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ സഹായകമാകും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *