Apr 18, 2024 10:17 AM

ദുബായ്:  (gcc.truevisionnews.com)   യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉണ്ടായത് കോടികളുടെ നഷ്ടം.

റിപ്പോർട്ടുകൾ പ്രകാരം 75 വര്‍ഷത്തിനിടയിൽ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പെയ്തത്. അബുദാബി അല്‍ഐന്‍ മേഖലയില്‍മാത്രം ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ശക്തമായ മഴയും കാറ്റും മൂലം കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.

മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില ഫാമുകൾ വെള്ളത്തിനടിയിലായി. എട്ടടിയോളം ഉയരത്തിലാണ് ചില ഫാമുകളില്‍ വെള്ളം പൊങ്ങിയത്. ഫാമുകളില്‍ വെള്ളം കയറി വളർത്തുമൃഗങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടു.

വെള്ളക്കെട്ടു നീക്കാൻ വലിയ പമ്പുകൾ ഉപയോഗിച്ചു വെള്ളം ടാങ്കറുകളിൽ ശേഖരിച്ചു മാറ്റുകയാണ്. വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി പലര്‍ക്കും വിലപ്പെട്ട രേഖകള്‍ നഷ്ടമായിട്ടുണ്ട്.

ഒട്ടേറെ പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും ഒറ്റപ്പെട്ടുകിടക്കുന്നത്. ചൊവ്വാഴ്ച നിർത്തിവച്ച വിമാന സർവീസുകൾ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് പുനരാരംഭിച്ചത്.

അടുത്ത 5 ദിവസത്തേക്കു മഴയ്ക്കു സാധ്യതയില്ലെന്നാണ് അറിയിപ്പ്. ഇന്നു മുതൽ താപനില വർധിക്കും. കേരളത്തിൽനിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള ഒട്ടേറെ വിമാനസർവീസുകൾ റദ്ദാക്കിയിരുന്നു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നൽകണമെന്നു യാത്രക്കാരിൽ ചിലർ ആവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കി.

#Heavy #rains #floods #made #UAE #miserable #Loss #crores #including #Malayalees

Next TV

Top Stories