ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ മാലിന്യ സംസ്ക്കരണ വിഭാഗം റംസാന് മാസത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. നഗരം വൃത്തിയായി സൂക്ഷിക്കാന്‍ 2200 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ശുചീകരണത്തിനായി കൂടുതല്‍ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഹൈവേകള്‍, മറ്റു റോഡുകള്‍, ജലപാതകള്‍, ദുബായ് ക്രീക്ക്, ജദ്ദാഫ് ക്രീക്ക്, ദുബായ് വാട്ടര്‍ കനാല്‍ എന്നിവിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും. കൂടാതെ മാലിന്യ സംഭരണത്തിന്റെ സമയവും മാറിയതായി മാലിന്യ സംസ്കരണ വിഭാഗം മേധാവി അബ്ദുല്‍ മജീദ് സൈഫൈ പറഞ്ഞു. നാല് ഷിഫ്റ്റുകളിലായി ദിവസം മുഴുവന്‍ ശുചീകരണ തൊഴിലാളികള്‍ പ്രവര്‍ത്തിക്കും. പള്ളികളുടെയും റംസാന് ടെന്റുകളുടെയും സമീപത്ത് കൂടുതല്‍ ചവറ്റുകുട്ടകളും സ്ഥാപിച്ചിട്ടുണ്ട്. സാധാരണ ക്രമീകരണങ്ങള്‍ക്ക് പുറമെ അടിയന്തര സേവന സംഘത്തെയും ശുചീകരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. 65 തൊഴിലാളികളും 12 സൂപ്പര്വൈസര്മാരുമുള്ള സംഘത്തിന്റെ ദൗത്യം നോമ്പ് തുറ സമയത്തും മറ്റുമുണ്ടാകുന്ന പരാതികള്‍ അടിയന്തരമായി പരിഹരിക്കുകയാണ്.
മാലിന്യം കുറയ്ക്കാന്‍ പ്രചാരണം
മാലിന്യം കുറയ്ക്കണമെന്ന സന്ദേശവുമായി ഒരു പ്രചാരണ പദ്ധതിയും വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ‘ഷോപ്പിങ് സ്മാര്‍ട്ടാക്കാം, മാലിന്യം കുറയ്ക്കാം’ എന്ന ശീര്‍ഷകത്തില്‍ ഒരുങ്ങുന്ന പ്രചാരണം പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദപരമായ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കുന്നതൊഴിവാക്കാനും പുനരുപയോഗം ശീലമാക്കാനും ഉപഭോക്താക്കളെ ബോധവത്കരിക്കും. ലുലു ഹൈപ്പര്മാര്ക്കെറ്റ് ഉള്‍പ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും സ്കൂളുകളും പ്രചാരണപദ്ധതിയില് പങ്കുചേരും.