പ്രവാസികള്‍ക്ക് തിരിച്ചടി; സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി സൗദിയില്‍ സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നു…

ജി; സൗദിയില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അനിവാര്യമാകുമ്പോള്‍ അത് പ്രതികൂലമായി ബാധിക്കുക രാജ്യത്തെ സാധാരണക്കാരെ. പെട്രോള്‍, ഡീസല്‍, പാചകവാതകം, വൈദ്യുതി, ജലം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്കുള്ള ഗവണ്‍മെന്റ് സബ്സിഡികള്‍ ഒന്നൊന്നായി നീങ്ങുന്നതോടെ അതുമായി ബന്ധപ്പെട്ട സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകളില്‍ ഗണ്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പുതുവര്‍ഷത്തിന്റെ ആദ്യ പാദത്തോടെ സബ്സിഡിയുടെ പൂര്‍ണമായും പിന്‍വലിക്കും പുതുക്കിയ വിലനിലവാരം പ്രാബല്യത്തിലാവുകയും ചെയ്യുമെന്നാണ് സൂചനകള്‍. പെട്രോളിന് എണ്‍പതു ശതമാനം വില വര്‍ധന പ്രതീക്ഷിക്കുന്നു. പുതിയ വൈദ്യുതി നിരക്കുകളാകട്ടെ, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ആറായിരം യൂണിറ്റു വരെ ഓരോ യൂണിറ്റിനും 18 ഹലാല എന്ന തോതിലും ആറായിരം യൂണിറ്റിനു മുകളിലുള്ള ഓരോ യൂണിറ്റിനും 30 ഹലാല എന്ന തോതിലുമായിരിക്കും. വാണിജ്യ ഉപയോക്താക്കള്‍ക്കാകട്ടെ, ആറായിരം യൂണിറ്റു വരെ ഓരോ യൂണിറ്റിനും 20 ഹലാല എന്ന തോതിലും ആറായിരം യൂണിറ്റില്‍ കൂടുതലുള്ള യൂണിറ്റിന് 30 ഹലാല എന്ന തോതിലുമായിരിക്കും നിരക്ക്.

സബ്സിഡികള്‍ എടുത്തുകളഞ്ഞാല്‍ 2020 വരെയുള്ള കാലയളവില്‍ വര്‍ഷം തോറും 209 ബില്യന്‍ റിയാല്‍ സൗദി ഖജനാവിന് ലാഭിക്കാനാകുമെന്നാണ് കണക്ക്. സൗദി സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം 2020 സുപ്രധാനമാണ്. കഴിഞ്ഞ കുറെ തവണകളായി സൗദിയുടേത് കമ്മി ബജറ്റാണ്. എണ്ണയുടെ വില മെച്ചപ്പെടുന്നത് കാത്തിരിക്കാതെ തന്നെ, കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ 2020 ലെ ബജറ്റ് സന്തുലിതം ആക്കാനാണ് സൗദി ഭരണകൂടം ലക്ഷ്യമാക്കുന്നത്. ഈ ഉദ്യമത്തില്‍ സബ്സിഡികള്‍ എടുത്തു കളയുക എന്നത് സുപ്രധാനമാണ്. അതേസമയം, സന്തുലിത ബജറ്റ് എന്ന ലക്ഷ്യം കൈവരിക്കുന്നത് 2023 വരെ നീട്ടി വയ്ക്കാനുള്ള സാധ്യതയും ഇയ്യിടെ സൗദി ധനകാര്യ മന്ത്രി സൂചിപ്പിച്ചിരുന്നു.

ഭീമമായ സംഖ്യയാണ് സബ്സിഡി ഇനത്തില്‍ വര്‍ഷം തോറും സൗദി അറേബ്യ ചെലവാക്കുന്നത്. പതിനായിരക്കണക്കിന് കോടി റിയാല്‍ വരും ഇത്. ഇതിന്റെ പ്രയോജനം ലഭിക്കുന്നതില്‍ ധനികനെന്നോ, ദരിദ്രനെന്നോ, സ്വദേശിയെന്നോ പ്രവാസിയെന്നോ ഉള്ള വിവേചനം സൗദി നാളിതുവരെ കാണിച്ചിട്ടില്ല. അതിലും മാറ്റങ്ങള്‍ വരികയാണ്. സിറ്റിസണ്‍ അക്കൗണ്ട് പദ്ധതിയിലൂടെ രാജ്യത്തെ പൗരന്മാമാരില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് സബ്സിഡി സംഖ്യയെന്ന പരിഗണയില്‍ സാമാന്യം നല്ലൊരു സംഖ്യ ബാങ്ക് വഴി എത്തിക്കുന്ന പദ്ധതി നടപ്പാക്കുകയാണ്. ഇത് നടപ്പാവാതെ സബ്സിഡി പിന്‍വലിക്കില്ലെന്നതും സൗദി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഈ മാസം 21 മുതല്‍ സിറ്റിസണ്‍ അക്കൗണ്ടിലൂടെ പണം എത്തിത്തുടങ്ങും.

അതേസമയം, വിലവര്‍ധന പ്രവാസികള്‍ക്ക് നിര്‍ദാക്ഷിണ്യം പേറേണ്ടിവരും, നാളിതുവരെ തങ്ങളും സബ്സിഡിയുടെ സുഖം വിവേചനരഹിതമായി അനുഭവിക്കുകയായിരുന്നു എന്ന യാഥാര്‍ഥ്യം ഓര്‍ത്ത് കൊണ്ട്. പ്രവാസികള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചു വിമാന ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവുണ്ടാകും. വിമാനങ്ങള്‍ക്കുള്ള ഇന്ധനനത്തിന്റെ വിലയും വര്‍ധിക്കുമെന്നതിനാലാണിത്. സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയത് മൂലം വിലവര്‍ധനവ് അനുഭവിക്കുന്ന സാഹചര്യത്തില്‍ വ്യക്തികളും കുടുംബങ്ങളും സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നതും ഒരു ഗുണഫലമായി ചൂണ്ടികാണിക്കപ്പെടുന്നു. പ്രവാസികളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവരെയാകും വില വര്‍ധന ഏറെ ബാധിക്കുക. ഇതിനകം തന്നെ, ഫാമിലി ലെവി പോലുള്ള സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുള്ള അധിക ചെലവിന്റെ കൂടെ ജീവിത ചെലവ് കൂടി കത്തിക്കയറുന്നതോടെ വലിയൊരു ശതമാനം പ്രവാസികളും കുടുംബങ്ങളെ നാട്ടിലേയ്ക്ക് പറഞ്ഞയക്കാനാണ് സാധ്യത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *