മികച്ച രക്തദാന പ്രവര്‍ത്തനം…ബഹ്‌റൈന്‍ കെഎംസിസിക്ക് ഹമദ് യൂനിവേഴ്‌സിറ്റിയുടെ അവാര്‍ഡ്

മനാമ; മികച്ച രക്തദാന പ്രവര്‍ത്തനത്തിനു ബഹ്റൈന്‍ കെഎംസിസിയെ കിങ് ഹമദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും കേണല്‍ ഖാലിദ് അഹമ്മദ് അല്‍ സിന്ധിയില്‍ നിന്നും (ഡെപ്യൂട്ടി സി ഒ &ജനറല്‍ മാനേജര്‍ ഓഫ് മെഡിക്കല്‍ അഫെയേഴ്‌സ് ) കെഎംസിസി സംസ്ഥാന സെക്രട്ടറിയും ജീവസ്പര്‍ശം രക്തദാനം ചെയര്‍മാനുമായ കെ.കെ.സി. മുനീര്‍, കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റും ജീവസ്പര്‍ശം ജനറല്‍ കണ്‍വീനര്‍ കൂടിയായ എ.പി. ഫൈസല്‍, കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രെട്ടറിയും ജീവസ്പര്‍ശം കന്‍വീനര്‍ കൂടിയായ ഫൈസല്‍ കോട്ടപ്പള്ളി, മുഹറക്ക് കെഎംസിസി ജനറല്‍ സെക്രട്ടറി കെ.യു. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ഏറ്റുവാങ്ങി.

രക്തദാനപ്രവര്‍ത്തനത്തില്‍ കെഎംസിസി നടത്തുന്ന പ്രവര്‍ത്തനം മഹത്തരമാണെന്ന് കിങ് ഹമദ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു . കഴിഞ്ഞ ദേശീയ ദിനത്തോട് അനുബന്ധിച്ചു നിരവധി പേര്‍ രക്തം ദാനം ചെയ്തിരുന്നു. രക്ത ദാന പ്രവര്‍ത്തനത്തില്‍ ജീവസ്സുറ്റ പ്രവര്‍ത്തനങ്ങളാണ് കെഎംസിസി യുടെ ജീവസ്പര്‍ശം വര്‍ഷങ്ങളായി നടത്തി വരുന്നത് .രക്തദാനം ജീവദാനമാണെന്ന ആപ്ത വാക്യം ഹൃദയത്തോട് ചേര്‍ത്തു വെച്ചുള്ള ഈ പ്രവര്‍ത്തനം നിരവധി ജീവനുകള്‍ക്കു തുണയായി.

രക്ത ദാന പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളതില്‍ ഇരുപത്തിയഞ്ചു ക്യാംപുകളില്‍ ആയി നാലായിരത്തോളം പേരാണ് രക്തം ദാനം ചെയ്തത് .കൂടാതെ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍ ടീമും കെഎംസിസിക്ക് ഉണ്ട്. രക്ത ദാന പ്രവര്‍ത്തനത്തിന് മാത്രമായി ജിസിസിയില്‍ ആദ്യമായി ബ്ലഡ് ബുക്ക് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും ജീവസ്പര്‍ശം എന്ന പേരില്‍ വെബ് സൈറ്റും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കേരളത്തിലുടനീളം സ്പര്‍ശം ബ്ലഡ് ഡോണേഴ്‌സ് ഫോറവുമായി സഹകരിച്ചു രക്ത ദാന പ്രവര്‍ത്തനം നടത്തിവരുന്നു.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിയ രക്ത ദാന പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആരോഗ്യ മന്ത്രിയുടെ അപ്രീസിയേഷന്‍ അവാര്‍ഡും ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം റോയല്‍ മെഡി ക്കല്‍ സര്‍വീസ് പുരസ്‌കാരവും ആരോഗ്യ വകുപ്പിന്റെ പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട് .ഇന്ത്യന്‍ എംബസ്സിയുടെയും ഐസിആര്‍എഫ്‌ന്റെയും പ്രത്യേക പ്രശംസയും രക്തദാനപ്രവര്‍ത്തനത്തില്‍ കെഎംസിസിക്ക് ലഭിച്ചിട്ടുണ്ട് കെഎംസിസിയുടെഈ പുരസ്‌കാരത്തിന് എല്ലാ രക്തദാതാക്കളോടും പ്രത്യക്ഷമായും പരോക്ഷമായും സഹകരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *