സ്‌കുള്‍ ബസ്സുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ‘ബാറ്റ്’ റഡാര്‍

ദുബായ്: നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന്റെ ‘സ്റ്റോപ്പ്’ സൈന്‍ അവഗണിച്ച് കുറുകെ വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക. പിടിമുറുക്കാന്‍ കുഞ്ഞന്‍ റഡാറുകള്‍ വരുന്നു. ‘ബാറ്റ്’ റഡാര്‍ എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ റഡാറുകള്‍ ദുബായ് പോലീസ് ജൈറ്റക്‌സ് സാങ്കേതിക വാരത്തില്‍ പ്രദര്‍ശിപ്പിച്ചു.

സ്‌കൂള്‍ ബസുകളിലെ ‘സ്റ്റോപ്പ്’ സൈന്‍ബോര്‍ഡുകളിലാണ് ബാറ്റ് റഡാര്‍ ഘടിപ്പിക്കുക. കുട്ടികള്‍ക്ക് ഇറങ്ങാനും കയറാനും ബസ് നിര്‍ത്തുന്ന സമയങ്ങളില്‍ വശങ്ങളില്‍ക്കൂടി മുന്നറിയിപ്പ് അവഗണിച്ച് വാഹനം ഓടിക്കുന്നവരെ റഡാര്‍ പിടികൂടും. 1000 ദിര്‍ഹം പിഴയും പത്തു ബ്ലാക്ക്‌പോയിന്റുമാണ് ശിക്ഷ. ഇത് സംബന്ധിച്ച അറിയിപ്പുടന്‍ വാഹനഉടമക്ക് ലഭിക്കുമെന്നും ട്രാഫിക് വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി.

സൗരോര്‍ജമുപയോഗിച്ചാണ് റഡാര്‍ പ്രവര്‍ത്തിക്കുക. ബസ് നിര്‍ത്തി സ്റ്റോപ്പ് സൈന്‍ കണ്ടാല്‍ വാഹനങ്ങള്‍ ബസിന്റെ അഞ്ചു മീറ്റര്‍ പിന്നിലായി നിര്‍ത്തണം. അല്ലാത്തപക്ഷം പിഴ ലഭിക്കും. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടുമായി സഹകരിച്ചു യു .എ.ഇ. യിലെ എല്ലാ സ്‌കൂള്‍ ബസുകളിലും റഡാര്‍ സ്ഥാപിക്കുമെന്നും അല്‍ മസ്‌റൂയി പറഞ്ഞു. 3-ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റഡാര്‍ സ്മാര്‍ട്ട് ഫോണ്‍ വഴി നിയന്ത്രിക്കാം.

സ്‌കൂള്‍ ബസുകളിലെ സ്റ്റോപ്പ് സൈന്‍ ഉപയോഗിക്കാത്ത ബസ് ഡ്രൈവര്‍മാര്‍ക്കും പിഴ ലഭിക്കും. 500 ദിര്‍ഹമാണ് ഇവര്‍ നല്‍കേണ്ടി വരുക. സ്‌കൂള്‍ ബസുകള്‍ അവഗണിക്കുന്ന വാഹനഉടമകളുടെ എണ്ണം കൂടുന്നുവെന്ന് ബന്ധപ്പെട്ടവരില്‍നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് കുഞ്ഞന്‍ റഡാറുകള്‍ വികസിപ്പിച്ചത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *