ദുബായില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങളുടെ കാലം; മികച്ച ആശയങ്ങള്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍ വാഗ്ദാനം

ദുബായ്: മികച്ച സ്വയംനിയന്ത്രിത വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്നവര്‍ക്ക് അഞ്ചു മില്യണ്‍ ഡോളര്‍ സമ്മാനം വാഗ്ദാനം ചെയ്ത് ദുബായ്. ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് പ്രഖ്യാപനമുണ്ടായത്. അടുത്തവര്‍ഷം നടക്കുന്ന സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസില്‍ (എസ്.ഡി.ടി.) ആണ് വിജയികളെ പ്രഖ്യാപിക്കുക. അന്താരാഷ്ട്രതലത്തില്‍ ഗതാഗതരംഗത്തെ പ്രമുഖ കമ്പനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മറ്റു സംരംഭകര്‍ക്കും നവീനാശയങ്ങളും പദ്ധതികളും സമര്‍പ്പിക്കാം.

ഗതാഗതത്തിന്റെ മൂന്നു വിഭാഗങ്ങളിലായി സാങ്കേതികവികസന പദ്ധതികളാണ് സമര്‍പ്പിക്കേണ്ടത്. 2030-ഓടെ രാജ്യത്തെ പൊതു വാഹനങ്ങളില്‍ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കുക എന്ന യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശം യാഥാര്‍ഥ്യമാക്കുക കൂടിയാണ് ലക്ഷ്യം.

ലോകോത്തര കമ്പനികളും സാങ്കേതികവിദഗ്ധരും പങ്കെടുക്കുന്ന കോണ്‍ഗ്രസില്‍ ആളുകളുടെ യാത്രയ്ക്കും ചരക്കുഗതാഗതത്തിനും നൂതനാശയങ്ങളുടെ കൈമാറ്റത്തിനുമുള്ള പദ്ധതികളാണ് അവതരിപ്പിക്കേണ്ടത്. പൊതുവാഹനങ്ങളുടെ ഉപയോഗം, പാര്‍ക്കിങ്, ഡ്രൈവര്‍മാരുടെ പെരുമാറ്റം, സാങ്കേതികാവബോധം തുടങ്ങി ദുബായിക്ക് അനുയോജ്യമായ ആശയങ്ങളാണ് വികസിപ്പിക്കേണ്ടത്.

പരിസ്ഥിതിസൗഹൃദപരം, സുരക്ഷ, വിശ്വാസ്യത, ഊര്‍ജലാഭം, യാത്രക്കാരുടെ സംതൃപ്തി തുടങ്ങിയവയാണ് വികസിപ്പിക്കുന്ന പദ്ധതികളില്‍ മത്സരാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങള്‍. വിദ്യാര്‍ഥികള്‍ക്കും ചലഞ്ചില്‍ പങ്കെടുക്കാം. അപേക്ഷകള്‍ ഈ വര്‍ഷം പകുതിയോടെയാണ് സമര്‍പ്പിക്കേണ്ടത്. അടുത്തവര്‍ഷം ഒക്ടോബറിലാണ് വിജയികളെ പ്രഖ്യാപിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *