ദുബായില്‍ വന്‍ പെൺവാണിഭ റാക്കറ്റ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാല് മലയാളി യുവതികള്‍

കൊച്ചി: ദുബായ് പെൺവാണിഭം പിടിയിലായത് മലയാളി ഇടനിലക്കാർ മാത്രം. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാല് മലയാളി യുവതികള്‍ .
ദുബായ് പെൺവാണിഭ സംഘത്തിന്റെ വലയിൽ മലയാളി പെൺകുട്ടികൾക്കു പുറമെ മറ്റു യുവതികളും അകപ്പെട്ടതായി രക്ഷപ്പെട്ട ഇരകളുടെ വെളിപ്പെടുത്തൽ. വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം അറിഞ്ഞിട്ടും ഇവരെ മോചിപ്പിക്കാൻ കഴിയുന്നില്ലെന്നാണു പരാതി.

പെൺവാണിഭ സിൻഡിക്കറ്റിൽ മൂന്നു വിഭാഗം കുറ്റവാളികളുടെ പങ്കാളിത്തം സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നു യുവതികളെ വ്യാജ യാത്രാരേഖകളിൽ വിദേശത്ത് എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം, ഇവരുടെ പണം കൈമാറ്റം നടത്തുന്ന ഹവാല റാക്കറ്റ്, വിദേശത്തു യുവതികളെ വിൽക്കുന്ന പെൺവാണിഭ സംഘം.

രണ്ടു വർഷം അന്വേഷണം നടത്തിയിട്ടും മലയാളികളായ ഇടനിലക്കാരെ മാത്രമാണു സിബിഐയ്ക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇന്ത്യക്കാർ കഴിഞ്ഞാൽ ഫിലിപ്പിനോ പെൺകുട്ടികളെയാണു സംഘം വിലയ്ക്കു വാങ്ങുന്നത്. ഇന്ത്യയിലെ ഏജന്റുമാർക്കു പണം കൈമാറുന്നതു ഹവാല റാക്കറ്റ് വഴി. പെൺകുട്ടികളെ കബളിപ്പിച്ചു റാക്കറ്റിനു കൈമാറുന്ന ഏജന്റിനു ലഭിക്കുന്നത് 50,000 രൂപയാണ്. വ്യാജ പാസ്പോർട്ടും വീസയും കൈമാറുമ്പോൾ പ്രതിഫലമായി യുവതികളിൽ നിന്ന് 10,000 മുതൽ 25,000 രൂപവരെ ഇടാക്കുന്ന ഏജന്റുമാരുമുണ്ട്.

മൊഴികളിൽ നിന്ന്

∙ ഇര ഒന്ന് – തിരുവനന്തപുരം സ്വദേശി (വയസ്സ് 18): വീട്ടുജോലിക്കാണു വിദേശത്തു പോയത്. അവിടെ എത്തിയപ്പോഴാണു ചതി മനസിലായത്. അവർ നൽകിയ പാസ്പോർട്ടിൽ എന്റെ ഫോട്ടോ മാത്രമായിരുന്നു ശരിക്കുള്ളത്. പേരു പോലും വേറെ. വിമാനത്താവളത്തിൽ വച്ചാണു പാസ്പോർട്ടും വിമാന ടിക്കറ്റും ലഭിച്ചത്. മാസം 25,000 രൂപയാണു വാഗ്ദാനം ചെയ്തത്. ദിവസം 50 പേർ വരെ ഉപദ്രവിച്ചു. രക്ഷപ്പെട്ടു മുംബൈയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ പാസ്പോർട്ടിലെ കൃത്രിമം കണ്ടെത്തി അറസ്റ്റിലായി.

∙ ഇര രണ്ട്–പത്തനംതിട്ട സ്വദേശി (28): തിരുവനന്തപുരത്തെ കുട്ടിയെ കൊണ്ടുപോയ അതേ ഏജന്റുമാരാണ് എന്നെയും കടത്തിയത്. വീട്ടുതടങ്കലിൽ തുടർച്ചയായി 80 പേർ വരെ പീഡിപ്പിച്ചിട്ടുണ്ട്. മലയാളികൾ വരുമ്പോൾ രക്ഷപ്പെടാൻ സഹായം അഭ്യർഥിച്ചിരുന്നു. അതിലൊരാളാണ് അയാളുടെ ഫോണിൽ നാട്ടിൽ ഭർത്താവിനെ വിളിച്ചു വിവരം ധരിപ്പിച്ചത്. ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടതാണു രക്ഷപ്പെടാൻ തുണയായത്.

∙ ഇര മൂന്ന് – ഇടുക്കി സ്വദേശി (34): കൈവശമുള്ള രേഖകൾ വ്യാജമായിരുന്നെങ്കിലും ഇവിടെ നിന്നു കയറ്റിവിടാ‍നുള്ള സംവിധാനമുണ്ട്. ഷാർജയിൽ ഇറങ്ങി പുറത്തെത്തിയപ്പോൾ പൊലീസ് പിടിക്കാതിരിക്കാൻ കാറിന്റെ ഡിക്കിയിൽ ഇരുത്തിയാണു കൊണ്ടുപോയത്. അഞ്ചു മുറികളുള്ള ഫ്ലാറ്റിലാണു താമസിപ്പിച്ചത്. ഓരോ മുറിയിലും യുവതികളുണ്ടായിരുന്നു. മുറികൾ പുറത്തു നിന്നു പൂട്ടിയിരുന്നു. ഭക്ഷണവും മാറാൻ വസ്ത്രവും നൽകി. പുറത്ത് അവരുടെ ആൾക്കാരുണ്ട്. അവർ പണം കൈപ്പറ്റിയാണ് ഇടപാടുകാരെ അകത്തു വിട്ടിരുന്നത്. ഒടുവിൽ രോഗിയായി.

∙ ഇര നാല്– തൃശൂർ സ്വദേശി (40): വിമാനത്താവളത്തിൽ തന്നെ വഞ്ചിക്കപ്പെട്ടു. ട്രാവൽ ഏജന്റിനു നൽകാൻ പണമുണ്ടായിരുന്നില്ല. അടുത്ത ഹോട്ടലിൽ കൊണ്ടുപോയി ഉപദ്രവിച്ച ശേഷമാണ് അയാൾ ടിക്കറ്റ് നൽകിയത്. വിദേശത്ത് എത്തിയാൽ ജോലി ചെയ്തു രക്ഷപ്പെടാമെന്നു കരുതി. അവിടെ കാത്തിരുന്ന ദുരന്തം ആദ്യത്തേതിലും വലുതായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *