ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തറും…ഫഹദ് വിമാനത്താവളത്തില്‍ ഫാന്‍ സോണ്‍

ദോഹ; ഖത്തര്‍ എയര്‍വേയ്സ് ഖത്തറിലെ ഫിഫ മല്‍സര സ്റ്റേഡിയങ്ങളുടെ നിര്‍മാണ ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി(എസ്സി)യുമായി സഹകരിച്ചു ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ഫാന്‍ സോണ്‍ തുറന്നു. റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മല്‍സരങ്ങളുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണര്‍ എന്ന നിലയിലാണു ഖത്തര്‍ എയര്‍വേയ്സ് ഹമദ് വിമാനത്താവളത്തില്‍ ഫാന്‍ സോണ്‍ സജ്ജമാക്കിയത്.

റഷ്യന്‍ ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ഫുട്ബോള്‍ ആരാധകരായ യാത്രക്കാര്‍ക്കും അതിന്റെ ഭാഗമാകാന്‍ ഹമദ് വിമാനത്താവളം ഫാന്‍ സോണില്‍ അവസരമൊരുക്കുകയാണെന്നു ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ലോകത്തെവിടെ നിന്നെത്തുന്ന യാത്രക്കാര്‍ക്കും വിമാനത്താവളത്തിലെ ഫാന്‍ സോണില്‍ മല്‍സരങ്ങള്‍ തല്‍സമയം കാണാമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സ് സീനിയര്‍ വൈസ് പ്രസിഡന്റ്് സലാം അല്‍ ഷാവാ, ഹമദ് വിമാനത്താവളം വൈസ് പ്രസിഡന്റ്് അബ്ദുല്‍ അസീസ് അല്‍ മാസ്, എസ്സി കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫത്മ അല്‍ നുഅയ്മി എന്നിവരുടെ സാന്നിധ്യത്തില്‍ ഫാന്‍ സോണുകളുടെ ഉദ്ഘാടനം ഇന്നലെ നടന്നു.

ആയിരക്കണക്കിനു യാത്രക്കാര്‍ എപ്പോഴും വിമാനത്താവളത്തില്‍ ഉണ്ടാകുമെന്നതിനാല്‍ നാലു സ്ഥലങ്ങളിലാണു കളി കാണാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രങ്ങളായ എ, ബി, സി കോണ്‍കോഴ്സുകള്‍, ഖത്തര്‍ ഡ്യൂട്ടി ഫ്രീയിലെ മര്‍ഷെ റസ്റ്ററന്റ് എന്നിവിടങ്ങളിലാണു ഫാന്‍ സോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ബോര്‍ഡിങ് ഏരിയയോടു തൊട്ടുചേര്‍ന്നായതിനാല്‍ കളിയില്‍ ലയിച്ചിരുന്ന് ആര്‍ക്കും വിമാനം നഷ്ടമാകില്ല.

സ്വീകരണമുറി, സ്റ്റേഡിയം, മജ്ലിസ് (അറബികള്‍ അതിഥികളെ പരമ്പരാഗത രീതിയില്‍ സ്വീകരിക്കുന്ന ഇടം) എന്നിവയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണു കോണ്‍കോഴ്സുകളിലെ ഫാന്‍ സോണുകള്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത ഫിഫ മല്‍സരത്തിനു (2022) വേദിയാകുന്നതു ഖത്തറാണെന്നതിനാല്‍ ഇത്തവണ ഫാന്‍സോണുകളില്‍ ആവേശം ഇരട്ടിക്കും. വിമാനത്താവളത്തിനുള്ളിലെ കരടി പ്രതിമയ്ക്കു മുന്‍ഭാഗം ഒരു ഫുട്ബോള്‍ മൈതാനത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പുനര്‍രൂപകല്‍പന ചെയ്തിട്ടുമുണ്ട്. ഇവിടെ ഫുട്ബോള്‍ പ്രേമികളായ യാത്രക്കാര്‍ക്കായി വരുംദിവസങ്ങളില്‍ വിവിധ മല്‍സരങ്ങളും അരങ്ങേറും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *