കുവൈത്തിലേക്കുള്ള ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്‌മെന്റ് ഉടന്‍…

കുവൈത്ത് സിറ്റി; ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് വനിതാ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഉടനെ പുനരാരംഭിക്കും. കഴിഞ്ഞാഴ്ച സമാപിച്ച ഇന്ത്യ-കുവൈത്ത് യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടികള്‍ക്ക് വേഗം കൈവന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണത്തിനാണ് ഇന്ത്യന്‍ അധികൃതര്‍ മുന്‍തൂക്കം നല്‍കുന്നത്. പരാതികള്‍ക്ക് ഇടം നല്‍കാതിരിക്കണമെന്ന നിലപാട് കുവൈത്ത് അധികൃതരും കര്‍ക്കശമാക്കിയിട്ടുണ്ട്.

സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടന്നിരുന്നത്. പല തരത്തിലുമുള്ള പരാതികള്‍ക്കും അത് കാരണവുമായി. ശാരീരിക പീഡനം ഉള്‍പ്പെടെ വ്യാപകമായതോടെയാണ് വനിത ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിന് ഇന്ത്യാ ഗവണ്‍മന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ സ്‌പോണ്‍സര്‍ 2500 ഡോളര്‍ ബാങ്ക് ഗാരന്റി നല്‍കണമെന്നായിരുന്നു 2014ല്‍ ഇന്ത്യ വച്ച ഉപാധി.

ഈ നിബന്ധനയെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിലച്ചു. ബാങ്ക് ഗാരന്റി നിബന്ധന 2017 സെപ്റ്റംബറില്‍ ഇന്ത്യ പിന്‍വലിച്ചതോടെ ഇന്ത്യയില്‍നിന്നുള്ള വനിതാ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരോധനം കുവൈത്തും പിന്‍വലിച്ചു. അതേസമയം റിക്രൂട്ട്‌മെന്റ് സംവിധാനത്തെക്കുറിച്ചുള്ള അവ്യക്തത കാരണം വനിതാ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിക്കപ്പെട്ടതുമില്ല.

ഗാര്‍ഹിക തൊഴിലാളി കരാറിന്‍ കരടിന് അംഗീകാരം നല്‍കാന്‍ ഇരുപക്ഷവും വൈമുഖ്യം കാണിച്ചതും റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് തടസമായി. കഴിഞ്ഞാഴ്ച സംയുക്ത ഗ്രൂപ്പ് യോഗത്തിലാണ് കരട് കരാര്‍ അംഗീകരിച്ചത്. കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട അല്‍ ദുര്‍റ കമ്പനി പ്രതിനിധികളുമായും സംയുക്ത ഗ്രൂപ്പ് യോഗത്തിനെത്തിയ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ആശയവിനിമയം സാധ്യമായതാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഇന്ത്യ ഗവണ്മെന്റ് ഉന്നയിച്ച പല സംശയങ്ങള്‍ക്കും അല്‍ ദുര്‍റ കമ്പനിയില്‍നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചുവെന്നാണ് സൂചന. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യയില്‍ സ്വകാര്യ ഏജന്‍സികള്‍ ഉണ്ടാകില്ല.

പകരം കേരളത്തിലെ നോര്‍ക്ക, ഒഡെപെക്, തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഉത്തര്‍പ്രദേശിലെ യുപി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, തെലങ്കാനയിലെ തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി, ആന്ധ്രാപ്രദേശിലെ ഓവര്‍സീസ് മാന്‍പവര്‍ കമ്പനി എന്നിവയാണ് ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ച സംവിധാനങ്ങള്‍. കുവൈത്തില്‍ നിയോഗിക്കപ്പെട്ട അല്‍ ദുര്‍റ കമ്പനിക്ക് ഇന്ത്യയിലെ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ ബാങ്ക് ഗാരന്റി ഇല്ലാതെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കഴിയൂ. എന്നാല്‍ ഇന്ത്യന്‍ എബസിയിലെ ഇ-മൈഗ്രേറ്റ് സംവിധാനം വഴിയായിരിക്കണം അല്‍ ദുര്‍റയുടെ നടപടികള്‍.

ശമ്പളം കൂട്ടിയേക്കും

ഗാര്‍ഹിക തൊഴിലിനായി അയയ്ക്കുന്ന വനിതകളുടെ പ്രായത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഗവണ്മെന്റ് വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുപ്പത് വയസില്‍ താഴെ പ്രായമുള്ളവരെ അയക്കില്ല. ഇന്ത്യന്‍ എംബസി വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് നിലവില്‍ വനിതാ ഗാര്‍ഹികതൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള പ്രതിമാസ ശമ്പളം 70 ദിനാര്‍ ആണ്. അത് മൂന്നക്കസംഖ്യ ആക്കണമെന്ന് എംബസി ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അതും അംഗീകരിക്കപ്പെടാനാണ് സാധ്യത. കുവൈത്തിലെ പുതിയ സാഹചര്യത്തില്‍ ആവശ്യമായ ഗാര്‍ഹിക തൊഴിലാളികളെ ലഭ്യമാക്കുക എന്നത് അല്‍ ദുര്‍റ കമ്പനിക്കും ശ്രമകരമായ ദൗത്യമാണ്. ഇന്ത്യയിലെ ആറ് ഔദ്യോഗിക ഏജന്‍സികളുമായി ബന്ധപ്പെട്ട് നടപടികള്‍ ക്രമീകരിക്കുക എന്നതാകും അവര്‍ ചെയ്യേണ്ടുന്ന ആദ്യജോലി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *