എക്‌സ്‌പോ 2020 ന് ഒരുങ്ങി ദുബായ്…മികച്ച സുരക്ഷാ ക്രമീകരണങ്ങളൊരുക്കാന്‍ പോലീസ്

ദുബായ്; എല്ലാ മേഖലകളുടെയും സഹകരണത്തോടെ 2020 എക്‌സ്‌പോയ്ക്ക് ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി. വിവിധ രംഗങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളുടെയും ശാസ്ത്രീയ മുന്നേറ്റങ്ങളുടെയും അടിസ്ഥാനത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. രാജ്യാന്തര മേളകള്‍ മികച്ച രീതിയില്‍ നടത്തി അനുഭവപരിചയമുള്ള രാജ്യമാണു യുഎഇ എന്നും ചൂണ്ടിക്കാട്ടി. 2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍വരെ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയിലെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്‌പോയുടെ ചുമതലകള്‍ക്കായി പ്രത്യേക സുരക്ഷാ സംഘത്തെ സജ്ജമാക്കും. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ഷെയ്ഖ് സെയിഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമായിരുന്നു യോഗം. എക്‌സ്‌പോയിലേക്ക് വിവിധ രാജ്യങ്ങളില്‍നിന്നു വന്‍തോതില്‍ സഞ്ചാരികള്‍ എത്തുമെന്ന് അല്‍ മര്‍റി പറഞ്ഞു. ഏറ്റവും വലിയ രാജ്യാന്തര മേളകള്‍ സംഘടിപ്പിക്കാനുള്ള തലത്തിലേക്കു രാജ്യം വളരും. രാജ്യാന്തര നിലവാരമുള്ള ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങള്‍ ഇതോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.

ഉന്നത നിലവാരമുള്ള ഗതാഗത സംവിധാനങ്ങള്‍, ഷോപ്പിങ് മാളുകള്‍, വാര്‍ത്താവിനിമയ ശൃംഖല, രാജ്യാന്തര കായിക-സാമ്പത്തിക മേളകള്‍ ഉള്‍പ്പെടെ നടത്തിയുള്ള അനുഭവസമ്പത്ത് തുടങ്ങിയവ ദുബായ്ക്കുണ്ടെന്നും വ്യക്തമാക്കി. എല്ലാ മേഖലകളിലും വലിയ മാറ്റമുണ്ടാക്കുന്ന പരിപാടി രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണെന്നും എക്‌സ്‌പോ 2020 ദുബായ് ബ്യൂറോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നജീബ് അല്‍ അലി പറഞ്ഞു. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിനും മേള സഹായകമാകും. പാരമ്പര്യേതര ഊര്‍ജ മേഖലകളില്‍ ഉള്‍പ്പെടെ രാജ്യം ബഹുദൂരം മുന്നേറി. എക്‌സ്‌പോ നടത്തിപ്പിനു വേണ്ടിവരുന്ന വൈദ്യുതിയുടെ പകുതിയും പാരമ്പര്യേതര ഊര്‍ജ പദ്ധതികളില്‍ നിന്നായിരിക്കും.

180 രാജ്യങ്ങള്‍, 12,100 കോടിയുടെ പദ്ധതികള്‍

എക്‌സ്‌പോയില്‍ 180 രാജ്യങ്ങളാണു പങ്കെടുക്കുക. രണ്ടരക്കോടി സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്നു. ഇതിനോടകം ഒട്ടേറെ രാജ്യാന്തര കമ്പനികള്‍ എക്‌സ്‌പോയില്‍ പങ്കാളികളാകാന്‍ താല്‍പര്യമറിയിച്ചു. എക്‌സ്‌പോയോട് അനുബന്ധിച്ച് 12,100 കോടി ദിര്‍ഹത്തിന്റെ പദ്ധതികളാണ് പുരോഗമിക്കുന്നത്. മെട്രോ പാത ദീര്‍ഘിപ്പിക്കല്‍, അല്‍ മക്തൂം രാജ്യാന്തര വിമാനത്താവള (ഡിഡബ്ല്യുസി) വികസനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. എക്‌സ്‌പോ വേദിയായ ദുബായ് സൗത്തിലെ വിവിധ ഡിസ്ട്രിക്ടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 21 ചതുരശ്ര കിലോമീറ്ററിലുള്ള ലോജിസ്റ്റിക് ഡിസ്ട്രിക്ട് ഇതില്‍ പ്രധാനമാണ്.

കാര്‍ഗോ ഹബ് ഉള്‍പ്പെടെയുള്ള ഒട്ടേറെ മേഖലകള്‍ ഇതിന്റെ ഭാഗമായിരിക്കും. 2500 കോടി ദിര്‍ഹത്തിന്റെ റസിഡന്‍ഷ്യല്‍ ഡിസ്ട്രിക്ട്, ഒന്നരലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്ന കൊമേഴ്‌സ്യല്‍ ഡിസ്ട്രിക്ട് എന്നിവയുമുണ്ട്. കൊമേഴ്‌സ്യല്‍ ഡിസ്ട്രിക്ടിനെ എട്ടു സോണുകളായി തിരിച്ച് 850 ടവറുകള്‍ നിര്‍മിക്കും. അര്‍ബന്‍ വില്ലേജ്, ലെയ്ക് ഡിസ്ട്രിക്ട്, ദ് സെവന്‍ ടവേഴ്‌സ്, സെന്‍ട്രല്‍ പാര്‍ക്ക്, ക്രിയേറ്റീവ് കൊമേഴ്‌സ്യല്‍ ഡിസ്ട്രിക്ട്, ഗ്രാന്‍ഡ് സെന്‍ട്രല്‍, ബിസിനസ് ഡിസ്ട്രിക്ട്, റസിഡന്‍ഷ്യല്‍ ക്രസന്റ് എന്നിവയാണു സോണുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *