ദുബായ് വിമാനത്താവളത്തില്‍നിന്ന് റാസല്‍ഖൈമയിലേക്ക് പ്രത്യേക ബസ് സര്‍വീസ്

റാസല്‍ഖൈമ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് റാസല്‍ഖൈമയിലേക്ക് പുതിയ ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു. റാക് ടൂറിസം െഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ദുബായ് ഇന്റര്‍നാഷണലില്‍ 1, 3 ടെര്‍മിനലുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ഈ സ്പെഷ്യല്‍ ബസ് സൗകര്യം ലഭ്യമാകും. വടക്കന്‍ എമിറേറ്റിലെ താമസക്കാര്‍ക്ക് രണ്ട് എമിറേറ്റുകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ടെര്‍മിനലുകളില്‍ സേവനം ലഭ്യമാക്കാനും ഈ സേവനം സഹായിക്കും. റാസല്‍ഖൈമയിലെ എല്ലാ പ്രധാന ഹോട്ടലുകളിലേക്കും ഈ ബസ് സര്‍വീസ് ലഭ്യമാണ്. വൈഫൈ, വാട്ടര്‍ ബോട്ടിലുകള്‍, മാപ്പുകള്‍ എന്നിവയും ബസില്‍ ഒരുക്കിയിട്ടുണ്ട്. ടൂറിസം ശക്തിപ്പെടുത്തുന്നതിനും എമിറേറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് യാത്ര എളുപ്പമാക്കുന്നതിനും ഈ സംവിധാനം ഏറെ സഹായകരമാവും.

ഈവര്‍ഷം അവസാനത്തോടെ പത്തു ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ റാസല്‍ഖൈമ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഈ ബസ് സംവിധാനം ഒരുക്കുന്നതെന്ന് റാസല്‍ഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയുടെ ചീഫ് എക്സിക്യുട്ടീവായ ഹെയ്തം മത്താര്‍ പറഞ്ഞു. അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്നുള്ള വിനോദയാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും യു.എ.ഇ.യിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ ജബല്‍ ജെയ്സിലെ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താനും മനോഹരമായ ബീച്ചുകള്‍, അറേബ്യന്‍ സംസ്‌കാരം എന്നിവ കാണാനും അറിയാനും പുതിയ ബസ് സര്‍വീസ് സഹായിക്കും. ഇരുപതു ദിര്‍ഹം മുടക്കിയാല്‍ ദുബായില്‍നിന്ന് 45 മിനിറ്റുകൊണ്ട് റാസല്‍ഖൈമയില്‍ എത്താമെന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. യു.എ.ഇ.യുടെ ടൂറിസം

ഭൂപടത്തില്‍ മികച്ചസ്ഥാനം ഉറപ്പാക്കാന്‍ റാസല്‍ഖൈമ രൂപകല്‍പ്പന ചെയ്തിട്ടുള്ള സമീപകാലപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. ജബല്‍ ജെയ്സില്‍ ഈ മാസം ആദ്യം തുറന്ന ലോക റെക്കോഡ് നേടിയ സിപ്പ് ലൈന്‍ കാണാനും ധാരാളം സന്ദര്‍ശകര്‍ എത്തുന്ന സാഹചര്യത്തില്‍ പുതിയ ബസ് സര്‍വീസ് ഏറെ ഗുണകരമാവുമെന്ന് റാസല്‍ഖൈമ ടൂറിസം െഡവലപ്പ്മെന്റ് അതോറിറ്റി കരുതുന്നു. www.rakshuttle.com വഴി ഓണ്‍ലൈനായും ബസ് യാത്ര ബുക്കുചെയ്യാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *