48 വര്‍ഷം മുന്‍പ് ഒമാനിലെ കണ്ണനബ്ദുല്ല കോഴിക്കോട്ടുകാരിയായ മറിയം ബീവിയെ ജീവിതസഖിയാക്കി…ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് വയസുകാരിയായ മകളെയും വിട്ട് ഒമാനിലേക്ക് പോയ കണ്ണനബ്ദുല്ല പിന്നീട് ദുരൂഹതയുടെ മറവിലേക്ക;് കോഴിക്കോട്ടെ അറബിക്കല്ല്യാണത്തിന് ഒടുവില്‍ പരിസമാപ്തി

ഷാര്‍ജ; സാമൂഹിക പ്രവര്‍ത്തകര്‍ കൈകോര്‍ത്തപ്പോള്‍ 48 വര്‍ഷം മുന്‍പ് കോഴിക്കോട് നടന്ന അറബിക്കല്യാണ കഥയ്ക്ക് ഒമാനില്‍ സംഭവിച്ചത് ആന്റി ക്ലൈമാക്‌സ്. ഒമാന്‍ അടക്കമുള്ള അറബ് രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ മലബാറിലേയ്ക്ക് കച്ചവടത്തിന് വന്നിരുന്ന 1970 കളിലാണ് അറബിക്കല്യാണം സജീവമായിരുന്നത്. ഒമാനില്‍ നിന്ന് ഈന്തപ്പഴവും മറ്റുമായി കോഴിക്കോട് സൗത്ത് ബിച്ചിലെത്തിയ ലോഞ്ചിന്റെ ഡ്രൈവര്‍ സുമുഖനായ ഒമാനി യുവാവായിരുന്നുഅബ്ദുല്ല സാലെം ഹസന്‍ ബീമാനി. ഒരു കണ്ണിന് ചെറിയ കുഴപ്പമുള്ളതിനാല്‍ കണ്ണനബ്ദുല്ല എന്നായിരുന്നു അദ്ദേഹം ബീച്ചിലെ മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടത്.

കുറേ നാളുകള്‍ കോഴിക്കോട് തങ്ങി അവിടെ നിന്ന് തേങ്ങയും വെളിച്ചെണ്ണയും കുരുമുളകും മറ്റുമായി ഒമാനിലേയ്ക്ക് തിരിച്ചുപോകാറാണ് പതിവ്. മലബാറില്‍ അന്ന് സജീവമായിരുന്ന അറബിക്കല്യാണങ്ങളിലൊന്നില്‍ അങ്ങനെ അദ്ദേഹവും നായകനായി. ബീച്ചിലെ പാണ്ട്യാലയില്‍ കളി ചിരി തമാശകളുമായി കഴിഞ്ഞ അറബികളുടെ കൂട്ടത്തില്‍ സ്വഭാവ മഹിമ കൊണ്ടും സൗന്ദര്യം കൊണ്ടും മുന്നിലായിരുന്നു അബ്ദുല്ല സാലെം. പട്ടിണിയും പരിവട്ടങ്ങളുമായി നാളുകള്‍ തള്ളിനീക്കാന്‍ ഏറെ പണിപ്പെട്ടിരുന്ന മുസ്ലിം കുടുംബത്തിലെ പന്ത്രണ്ടുകാരി മറിയംബിയെ അദ്ദേഹത്തിന് സ്വന്തമാക്കാന്‍ ഏറെ ശ്രമിക്കേണ്ടി വന്നില്ല. മറിയംബിയെ ജീവനുതുല്യം സ്‌നേഹിച്ച അദ്ദേഹം അവര്‍ക്ക് എല്ലാ വിധ സാമ്പത്തിക സഹായവും നല്‍കി സംരക്ഷിച്ചു പോന്നു. ആ ദാമ്പത്യവല്ലരിയില്‍ ഒരു മകള്‍ പിറന്നു ജമീല അബ്ദുല്ല സാലെം ഹസന്‍ ബീമാനി.

ഇടയ്ക്ക് ഒമാനിലേയ്ക്ക് തിരിച്ചുപോയി മാസത്തിലേറെ അവിടെ തങ്ങിയാല്‍ ഭാര്യക്കും മകള്‍ക്കും കുടുംബത്തിനും ചെലവിന് പണമയക്കാന്‍ അദ്ദേഹം മറന്നിരുന്നില്ല. മൂത്തയാള്‍ക്ക് രണ്ട് വയസുള്ളപ്പോഴാണ് രണ്ടാമത്തെ മകളെ മറിയംബി ഗര്‍ഭം ധരിച്ചത്. അബ്ദുല്ല സാലെം തന്നെയാണ് മറിയംബിയെ അന്ന് കോഴിക്കോട്ട് അറിയപ്പെട്ടിരുന്ന ബിച്ചമ്മു ഡോക്ടറുടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. സമ്പന്നര്‍ മാത്രം സന്ദര്‍ശിക്കാറുള്ള ആശുപത്രിയായിരുന്നു അത്. ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് അവരെയും രണ്ട് വയസു മാത്രമുള്ള മൂത്ത മകളെയും പിരിഞ്ഞ് അദ്ദേഹം ഒമാനിലേയ്ക്ക് തിരിച്ചുപോയി. അതിന് ശേഷം അദ്ദേഹം കോഴിക്കോട്ടേയ്ക്ക് തിരിച്ചുവന്നില്ല.

എന്നാല്‍, ഭാര്യക്കും മകള്‍ക്കും കൃത്യമായി പണമെത്തിച്ചുകൊടുത്തു. രണ്ടാമത്തെ മകള്‍ക്ക് തന്റെ സഹോദരിയുടെ പേരായ സാല്‍മിയ ഷുഹാദ് എന്നിടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പക്ഷേ, വൈകാതെ പണം വരവ് നിലച്ചു. ഭാര്യയുടെയും മക്കളുടെയും സുഖവിവരമന്വേഷിച്ചെത്താറുണ്ടായിരുന്ന കത്ത് പോലും വരാതെയായി. അന്ന് ഒമാനില്‍ നിന്ന് വന്നിരുന്ന മറ്റു ചില വ്യാപാരികളോട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, അബ്ദുല്ല സാലെമിന്റെ ലോഞ്ച് ബഹ്‌റൈനിലേയ്ക്കുള്ള യാത്രാമധ്യെ പാക്കിസ്ഥാനില്‍ മറ്റൊരു ലോഞ്ചുമായി കൂട്ടിമുട്ടുകയും ഇതേ തുടര്‍ന്ന് കശപിശയുണ്ടാവുകയും ചെയ്തുവെന്ന്. അതോടെ മുതലാളി അബ്ദുല്ല സാലെമിനോട് ദേഷ്യപ്പെടുകയും അദ്ദേഹം ലോഞ്ച് വിട്ട് ഒമാനിലേയ്ക്ക് മടങ്ങുകയും ചെയ്തു.

മറിയംബിക്ക് വിരഹവേദനയുടെ ദിനങ്ങളായിരുന്നു പിന്നീട്; പട്ടിണിയടക്കമുള്ള ദുരിതങ്ങളുടെയും. മക്കളെ പോറ്റാനായി അവര്‍ ഏറെ കഷ്ടപ്പെട്ടു. പ്രിയതമനെ എങ്ങനെയെങ്കിലും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 23 വര്‍ഷം മുന്‍പ് മറിയംബി യുഎഇയിലെത്തി. ഇവിടെ സ്വദേശി കുടുംബങ്ങളില്‍ കഠിനമായി ജോലി ചെയ്തു, മക്കളെ രണ്ടുപേരെയും വളര്‍ത്തി. അപ്പോഴൊക്കെയും അവര്‍ ഒമാനിലെ തന്റെ ഭര്‍ത്താവിനെ കുറിച്ച് പരിചയപ്പെടുന്നവരോടൊക്കെ അന്വേഷിക്കുമായിരുന്നു. പക്ഷേ, യുഎഇയില്‍ നിന്നുകൊണ്ട് കാര്യമായ അന്വേഷണം നടന്നില്ല. പിന്നീട് ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. ഭര്‍ത്താവിന് നിരന്തരമായി കത്തുകളെഴുതിയിട്ട് ഫലമില്ലാത്തപ്പോള്‍ ഒമാനിലേയ്ക്കു തന്നെ യാത്ര തിരിച്ചു.

ഒടുവില്‍ ഭര്‍ത്താവിനെ കണ്ടെത്തിയപ്പോള്‍ കരള്‍ പിളര്‍ക്കുന്ന ആ വിവരമാണ് കാത്തിരുന്നത് അബ്ദുല്ല സാലെം ഊമയായ ഒരു ഒമാനി വനിതയെ വിവാഹം കഴിച്ച്, അതിലുണ്ടായ രണ്ട് മക്കളുമായി സുഖമായി കഴിയുന്നു. അതോടെ, കൂടുതലൊന്നിനും നില്‍ക്കാതെ അവര്‍ നാട്ടിലേയ്ക്ക് മടങ്ങുകയും പിന്നീട് യുഎഇയില്‍ തിരിച്ചെത്തുകയും ചെയ്തു. വിവാഹിതയായ മൂത്തമകള്‍ ജമീല രണ്ട് വര്‍ഷം മുന്‍പ് യുഎഇയിലെത്തിയതോടെയാണ് അബ്ദുല്ല സാലെമിനെക്കുറിച്ചുള്ള അന്വേഷണത്തിന് വീണ്ടും ജീവന്‍ വച്ചത്. പിതാവിനെ ഒന്നു കാണണമെന്നുള്ള മനസ്സിന്റെ അടങ്ങാത്ത ആഗ്രഹം കൊണ്ട് നടക്കുമ്പോള്‍ യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും സമൂഹ മാധ്യമങ്ങളില്‍ സജീവമായി കുറിപ്പുകളെഴുതുന്നയാളുമായ റഷീദ് വയനാടിനെ പരിചയപ്പെട്ടത് വഴിത്തിരിവായി.

മറിയംബിയും ജമീലയും സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് വയനാടിനോടൊപ്പം.

അദ്ദേഹം മറിയംബിയുടെയും മക്കളുടെയും കദന കഥ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചപ്പോള്‍, ഒമാനിലെ സാമൂഹിക പ്രവര്‍ത്തകരായ യൂസഫ് ചേറ്റുവ, റാഹില്‍ എന്നിവര്‍ പ്രശ്‌നത്തിലിടപെട്ടു. തുടരന്വേഷണത്തില്‍ മറിയംബിക്കും ജമീലയ്ക്കും ഷുഹാദയ്ക്കും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് കാത്തിരുന്നത് അല്‍ ബഹ്ല എന്ന സ്ഥലത്തെ മുനിസിപാലിറ്റിയില്‍ ജോലിയിലിരിക്കെ ഏഴ് വര്‍ഷം മുന്‍പ് അബ്ദുല്ല സാലെം മരിച്ചുപോയിരിക്കുന്നു.

എങ്കിലും പിതാവിന്റെ രണ്ടാം ഭാര്യയെയും അവരിലുണ്ടായ തങ്ങളുടെ സഹോദരങ്ങളെയും കാണണമെന്ന ജമീലയുടെയും ഷുഹാദയുടെയും ആഗ്രഹം നിറവേറാന്‍ പോവുകയാണ്. ഉടന്‍ തന്നെ മറിയംബിയും ജമീലയും ഇവിടെ നിന്നും ഷുഹാദ നാട്ടില്‍ നിന്നും ഒമാനിലേയ്ക്ക് പുറപ്പെടും. ആ അനര്‍ഘ നിമിഷങ്ങള്‍ വര്‍ണാഭമാക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് റഷീദ് വയനാടും ഒമാനിലെ സാമൂഹിക പ്രവര്‍ത്തകരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *